ബംഗാളില്‍ മുസ്‌ലിം ലീഗ് മത്സരിച്ചേക്കും: കുഞ്ഞാലിക്കുട്ടി

Posted on: February 10, 2019 6:11 am | Last updated: February 10, 2019 at 9:39 am

മലപ്പുറം: പശ്ചിമ ബംഗാളില്‍ മുസ്‌ലിം ലീഗ് മത്സരിച്ചേക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി. തമിഴ്‌നാട്ടില്‍ ലീഗിന് വീണ്ടും എം പി സ്ഥാനമുണ്ടാകും. ചിലപ്പോള്‍ ദേശീയതലത്തില്‍ സി പി എമ്മിനേക്കാള്‍ സീറ്റ് നേടുമെന്നും മുസ്‌ലിം ലീഗിന്റെ മൂന്നാം സീറ്റ് സമയമാകുമ്പോള്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ബി ജെ പി യുമായി യഥാര്‍ഥത്തില്‍ സഖ്യമുണ്ടാക്കുന്നത് കേരളത്തിലെ സി പി എമ്മാണ്. പശ്ചിമബംഗാളിലെ സി പി എമ്മുകാര്‍ക്ക് യാഥാര്‍ഥ്യം അറിഞ്ഞതിനാലാണ് കോണ്‍ഗ്രസിന് പിന്തുണ നല്‍കിയത്. കോണ്‍ഗ്രസ് പിന്തുണ ഇല്ലെങ്കില്‍ പാര്‍ലമെന്റില്‍ എത്തില്ലെന്ന് അവര്‍ മനസ്സിലാക്കി. കേരളത്തിലെ സി പി എമ്മാണ് ഇതിനു പാരവെക്കുന്നത്. സംസ്ഥാനത്ത് ബി ജെ പിയെ എതിര്‍ക്കുന്ന സി പി എം ദേശീയതലത്തില്‍ നീക്കുപോക്കാണ് നടത്തുന്നത്. ദേശീയതലത്തില്‍ കോണ്‍ഗ്രസ് സഖ്യത്തിനു കീഴിലുണ്ടോ എന്ന് സി പി എം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.