Connect with us

Ongoing News

ന്യൂസിലാന്‍ഡില്‍ കന്നി ട്വന്റി20 പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ

Published

|

Last Updated

ഹാമില്‍ട്ടണ്‍: ക്രിക്കറ്റില്‍ പല പുതിയ കാര്യങ്ങളും നേടിയെടുത്ത സീസണിലൂടെയാണ് ടീം ഇന്ത്യ കടന്നു പോകുന്നത്. ന്യൂസിലാന്‍ഡിനെതിരെ ട്വന്റി20 പരമ്പരയിലെ അവസാനത്തെ മത്സരത്തിന് ഇന്ന് ഇറങ്ങുന്ന രോഹിത് ശര്‍ക്കും സംഘത്തിനും മുന്നില്‍ ഒരു പുതിയ നേട്ടം കൊതിപ്പിച്ച് നില്‍ക്കുന്നുണ്ട്. അത് മറ്റൊന്നുമല്ല, ന്യൂസിലാന്‍ഡില്‍ ആദ്യമായി ട്വന്റി20 പരമ്പര. മൂന്ന് മത്സര പരമ്പര 1-1 ആണ്. ഓക്ക്‌ലന്‍ഡില്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ ജയിച്ചത് ന്യൂസിലാന്‍ഡിലെ ആദ്യത്തെ ടി20 ജയമായിരുന്നു.

കഴിഞ്ഞ മൂന്ന് മാസത്തെ ചിത്രം പരിശോധിച്ചാല്‍ ടീം ഇന്ത്യക്ക് അഭിമാനിക്കാന്‍ ഏറെയുണ്ട്. ആദ്യമായി ആസ്‌ത്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടി. പിന്നാലെ ന്യൂസിലാന്‍ഡില്‍ ഏകദിന പരമ്പര. അതിന് മുകളില്‍ മധുരം പുരട്ടാന്‍ ടി20 പരമ്പര വിജയം കൂടി നീലപ്പട ആഗ്രഹിക്കുന്നു. സെഡന്‍ പാര്‍ക്കില്‍ ഫൈനലിന്റെ ആവേശമാകും മൂന്നാം മത്സരത്തിന്. ഞായറാഴ്ചയിലെ സൂപ്പര്‍ സണ്‍ഡേ പോരാട്ടം കാണാന്‍ ക്രിക്കറ്റ് ലോകം തയ്യാറായിക്കഴിഞ്ഞു.

സെഡന്‍ പാര്‍ക്കില്‍ കളിക്കാനിറങ്ങുമ്പോള്‍ ആതിഥേയര്‍ക്ക് മാനസിക മുന്‍തൂക്കമുണ്ടെന്ന് പറയാം. ഇവിടെ ആയിരുന്നു ഏകദിന പരമ്പരയിലെ നാലാം മത്സരം. സ്വിംഗ് ബൗളിംഗിന് അനുയോജ്യമായ അന്തരീക്ഷമുള്ള തട്ടകം. ട്രെന്റ്ബൗള്‍ട്ട് സ്വിംഗ് ബൗളിംഗില്‍ രൗദ്രഭാവം പൂണ്ടപ്പോള്‍ ഇന്ത്യ 92ന് ആള്‍ ഔട്ടായിരുന്നു.
എന്നാല്‍, തിരിച്ചടികളില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാണ് ടീം അവസാന മത്സരത്തിന് തയ്യാറെടുത്തിരിക്കുന്നത്. ഹാമില്‍ട്ടണില്‍ സംഭവിച്ച പിഴവ് രണ്ടാം മത്സരം ജയിക്കാനുള്ള ഊര്‍ജമായി. പരമ്പര നേടാനുള്ള തയ്യാറെടുപ്പ് ടീം നടത്തിയിട്ടുണ്ട് ഇന്ത്യന്‍ പേസര്‍ ഖലീല്‍ അഹമ്മദ് പറഞ്ഞു.
ആദ്യ രണ്ട് മത്സരത്തിലും ഒരേ ഫസ്റ്റ് ലൈനപ്പാണ് ഇന്ത്യ പരീക്ഷിച്ചത്. ഇന്നും മാറ്റമുണ്ടാകില്ല. ചെറിയ സാധ്യതയുള്ള മാറ്റം യുവേന്ദ്ര ചഹലിന് പകരം കൈക്കുഴ കൊണ്ട് സ്പിന്‍ ചെയ്യുന്ന കുല്‍ദീപ് യാദവിനെ കൊണ്ടു വരുന്നതാകും.

രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്ത ക്രുനാല്‍ പാണ്ഡ്യ ടീമില്‍ സ്ഥാനം ഉറപ്പിച്ചു. പ്രതിഭ എന്നതിനേക്കാള്‍ കഠിനാധ്വാനമാണ് ക്രുനാല്‍ പാണ്ഡ്യയുടെ മുഖമുദ്ര. സ്ഥിരതയോടെ പന്തെറിയുന്ന ക്രുനാല്‍ ആള്‍ റൗണ്ട് മികവില്‍ മത്സരം ജയിപ്പിക്കാന്‍ കഴിയുന്ന താരമാണ്.
പേസ് നിരയില്‍ ഭുവനേശ്വര്‍ കുമാറും ഖലീല്‍ അഹമ്മദും തന്ത്രപൂര്‍വം പന്തെറിയുന്നു. രണ്ടാം മത്സരത്തില്‍ രോഹിത് ശര്‍മ നല്‍കിയ നിര്‍ദേശം കൃത്യമായി പാലിച്ച് ലെംഗ്ത് കൂട്ടി പന്തെറിയുന്ന ഖലീലിനെ കണ്ടു. ആ തന്ത്രം ഫലപ്രദമായിരുന്നു. ഇന്നും അതുപോലെയുള്ള തന്ത്രങ്ങള്‍ രോഹിത് ശര്‍മയും ബൗളിംഗ് സംഘവും പയറ്റും.

താത്കാലിക നായകന്‍ രോഹിത് ശര്‍മ ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരം എന്ന റെക്കോര്‍ഡ് കഴിഞ്ഞ മത്സരത്തില്‍ സ്വന്തമാക്കിയിരുന്നു. 29 പന്തുകളില്‍ നിന്നായിരുന്നു രോഹിതിന്റെ 50 റണ്‍സ്. ഹിറ്റ്മാന്‍ എന്നറിയപ്പെടുന്ന രോഹിത് ഫോമിലേക്കുയര്‍ന്നാല്‍ അനായാസം മത്സരം വരുതിയിലാകും. ഓപണിംഗ് ഒപ്പമിറങ്ങുന്ന ശിഖര്‍ ധവാനും മധ്യനിരയില്‍ റിഷഭ് പന്തും മഹേന്ദ്ര സിംഗ് ധോണിയും ഫോമിലാണെന്നത്ആശ്വാസമേകുന്നു.
ന്യൂസിലാന്‍ഡിന്റെ സൂപ്പര്‍ താരം ക്യാപ്റ്റന്‍ കാന്‍ വില്യംസനാണ്. ഫോമിലെക്കുയര്‍ന്നാല്‍ വില്യംസണ്‍ മത്സരം റാഞ്ചും. രോഹിതിനുള്ള കിവീസ് മറുപടിയാണ് വില്യംസണ്‍. ബൗളിംഗില്‍ ടിം സൗത്തിയും സ്‌കോട് കുഗ്ഗെലീനുമാണ് അപകടകാരികള്‍.

സ്‌ക്വാഡ്‌സ് :
ഇന്ത്യ രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, കേദര്‍ യാദവ്, എം എസ് ധോണി, ക്രുനാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുവേന്ദ്ര ചഹല്‍, ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ഥ് കൗള്‍, ഖലീല്‍ അഹമ്മദ്, ശുഭ്മാന്‍ ഗില്‍, വിജയ് ശങ്കര്‍, ഹര്‍ദിക് പാണ്ഡ്യ, മുഹമ്മദ് സിറാജ്.

ന്യൂസിലാന്‍ഡ് : കാന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍), ഡൗഗ് ബ്രാസ്വെല്‍, കോളിന്‍ ഡി ഗ്രാന്‍ഹോമെ, ലോക്കി ഫെര്‍ഗൂസന്‍, സ്‌കോട് കുഗ്ഗെലിന്‍, കോളിന്‍ മണ്‍റോ, ഡാറില്‍ മിച്ചല്‍, മിച്ചല്‍ സാന്റ്‌നര്‍, ടിം സെയ്‌ഫെര്‍ട്, ഇഷ് സോധി, ടിം സൗത്തി, റോസ് ടെയ്‌ലര്‍, ബ്ലെയര്‍ ടിക്‌നര്‍, ജെയിംസ് നീഷാം.