Connect with us

Kasargod

കാറിന് നേരെ കല്ലെറിഞ്ഞവരെ ഉടന്‍ പിടികൂടണം: മുള്ളൂര്‍ക്കര

Published

|

Last Updated

കാസര്‍കോട്: തന്റെ കാറിന് നേരെ കല്ലെറിഞ്ഞവരെ ഉടന്‍ പിടികൂടണമെന്ന് പ്രമുഖ പ്രഭാഷകനും കേരള പിന്നോക്ക വിഭാഗ കമ്മീഷന്‍ അംഗവുമായ മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി ആവശ്യപ്പെട്ടു. ഇരുട്ടിന്റെ മറവിലായതിനാല്‍ അക്രമത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ലെന്നും വിട്ടല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി പറഞ്ഞു.

വെള്ളിയാഴ്ച ദക്ഷിണ കര്‍ണാടകയിലെ കന്യാനയ്ക്കും ബായാറിനും ഇടയില്‍ നെല്ലിക്കട്ട എന്ന സ്ഥലത്ത് വെച്ചാണ് അക്രമം നടന്നത്. രാത്രി 12. 30 മണിയോടെയാണ് സംഭവം. കന്യാനയില്‍ ഒരു പൊതുപരിപാടിയില്‍ സംബന്ധിച്ച് കാസര്‍കോട് ഭാഗത്തേക്ക് വരുന്നതിനിടെ ഇരുട്ടില്‍ കാറിന് നേരെ കല്ലെറിയുകയായിരുന്നു.

കല്ലേറില്‍ ഇദ്ദേഹം സഞ്ചരിച്ച കെ എല്‍ 48 ഇ 9009 നമ്പര്‍ ഇന്നോവ ക്രിസ്റ്റ കാറിന്റെ വശത്തെ കണ്ണാടി തകരുകയും വാതിലിന് കാര്യമായ കേടുപാട് സംഭവിക്കുകയും ചെയ്തു. ഒരു വര്‍ഷം മുമ്പ് ബായാറില്‍ നടത്തിയ പ്രഭാഷണത്തെ ചൊല്ലിക്കൊണ്ട് ഒരാള്‍ തന്നെ ഫോണ്‍ വിളിച്ച് വധ ഭീഷണി മുഴക്കിയിരുന്നു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി കൊടുക്കുകയും ചെയ്തിരുന്നു. വടക്കാഞ്ചേരി പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയില്‍ നിലവില്‍ ആ കേസ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. മോലാല്‍ കാസര്‍കോട്ടേക്ക് കടന്നാല്‍ കൈയ്യും കാലും വെട്ടുമെന്നും അന്ന് ഭീഷണിപ്പെടുത്തിയിരുന്നു. അന്നു മുതല്‍ ഭയത്തോടെയാണ് സഞ്ചരിക്കുന്നത്.

പുതിയ സംഭവവും ബായാറില്‍ നിന്നും തന്നെയാണ് ഉണ്ടായത്. തന്റെ ജീവനും സ്വത്തിനും സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്ന് മുള്ളൂര്‍ക്കര ആവശ്യപ്പെട്ടു. കര്‍ണാടക പോലീസിനോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വ്യക്തമായി അന്വേഷിച്ച് പ്രതികളെ പിടികൂടുമെന്ന് പ്രതീക്ഷയുണ്ടെന്നും മുള്ളൂര്‍ക്കര പറഞ്ഞു. ഇത്തരം അക്രമണങ്ങള്‍ കൊണ്ടൊന്നും വിശ്വാസത്തെയോ മൂല്യങ്ങളെയോ തകര്‍ക്കന്‍ ഒരു നിലക്കും സാധ്യമല്ലെന്ന് അക്രമികളോട് മുള്ളൂര്‍ക്കര ഓര്‍മപ്പെടുത്തി.