Connect with us

Kerala

തെക്കന്‍ കേരളത്തിലും തമിഴ്നാട്ടിലും ഇന്ന് ഇടിയോടു കൂടെ മഴക്ക് സാധ്യത

Published

|

Last Updated

തിരുവനന്തപുരം: തെക്കന്‍ കേരളത്തിലും തമിഴ്‌നാട്ടിലും ഇന്ന് വൈകീട്ട് മുതല്‍ നാളെ രാവിലെ വരെ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷകര്‍. തെക്കന്‍ കേരളത്തിലെയും തമിഴ്നാട്ടിലെയും പശ്ചിമഘട്ട മേഖലകളില്‍ കാറ്റിന്റെ അഭിസരണ മേഖല രൂപപ്പെടുന്നതിനാല്‍ ഈ പ്രദേശങ്ങളില്‍ മഴയുണ്ടാകുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ വെബ്‌സൈറ്റായ കേരളവെതര്‍.ഇന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പശ്ചിമഘട്ടത്തോട് ചേര്‍ന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്.

ശ്രീലങ്ക, തെക്കന്‍ കേരളം, തമിഴ്നാട് എന്നിവിടങ്ങളിലും തെക്കുകിഴക്ക് അറബിക്കടലിലുമാണ് മഴക്ക് സാധ്യത. ശനിയാഴ്ച രാവിലെവരെയുള്ള ഉപഗ്രഹചിത്രങ്ങള്‍ പ്രകാരം തെക്കന്‍ കേരളം മുതല്‍ എറണാകുളം വരെയും തെക്കന്‍ തമിഴ്നാടിനു മുകളിലും മഴക്ക് കാരണമാകുന്ന മേഘങ്ങള്‍ രൂപപ്പെടുന്നുണ്ട്. കാറ്റിന്റെ ഗതിയും ശക്തിയും ശരിയായ രീതിയില്‍ തുടര്‍ന്നാല്‍ തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളുടെ കിഴക്കന്‍ മേഖലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാം. വൈകിട്ട് 6 നും ഞായറാഴ്ച രാവിലെ 6 നും ഇടയിലാണ് മഴ പ്രതീക്ഷിക്കിക്കേണ്ടത്.

കര്‍ണാടകക്ക് മുകളില്‍ ന്യൂനമര്‍ദ മേഖല തുടരുന്നതും മാലദ്വീപ് മുതല്‍ കേരളത്തിനു മുകളിലൂടെ തമിഴ്നാട് വഴി തെലങ്കാന രായലസീമ വരെ നീളുന്ന ട്രഫ് (ന്യൂനമര്‍ദപാത്തി) തുടരുന്നതുമാണ് മഴക്ക് കാരണം. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ഈര്‍പ്പം കൂടിയ കിഴക്കന്‍ കാറ്റും അറബിക്കടലില്‍ നിന്ന് നേരിയ തോതില്‍ ഈര്‍പ്പമുള്ള പടിഞ്ഞാറന്‍ കാറ്റും സംഗമിക്കുന്ന സാഹചര്യമാണ് മേഘങ്ങള്‍ രൂപപ്പെടാന്‍ കാരണം. ഇന്നും നാളെയും ഈ സാഹചര്യം തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.