ഐടി പരീക്ഷ ഈസിയാണ്; ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

SSLC ഒരുക്കം
Posted on: February 9, 2019 6:01 pm | Last updated: February 9, 2019 at 6:02 pm

ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷക്ക് തയ്യാറെടുക്കുകയാണല്ലോ കൂട്ടുകാര്‍. മാര്‍ച്ചില്‍ നടക്കുന്ന പരീക്ഷക്ക് മുമ്പ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി (ഐ സി ടി ) പ്രായോഗിക പരീക്ഷയും തിയറി പരീക്ഷയും ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 8 വരെ സ്‌കൂളുകളില്‍ നടക്കും. അതായത് എസ് എസ് എല്‍ സി പരീക്ഷയില്‍ ആദ്യത്തേത് ഐ ടി ആയിരിക്കും. ആദ്യത്തെ എക്‌സാം ആയതുകൊണ്ട് ടെന്‍ഷനൊന്നും വേണ്ട. പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് നടത്തുന്ന ഐ സി ടി എക്‌സാം എല്ലാവരും ഇതിന് മുമ്പ് അറ്റന്റ് ചെയ്തിട്ടുണ്ടാകുമല്ലോ. പബ്ലിക് എക്‌സാമിന്റെശൈലിയും അതു പോലെ തന്നെയാണ്.

. എത്ര മാര്‍ക്ക് നേടണം?
. സമയം കൂള്‍ ഓഫ് ടൈം ഉള്‍പ്പെ ടെ ഒരു മണിക്കൂര്‍
സ്‌കോര്‍ വ്യന്യാസം
. തിയറി എക്‌സാം: 10 മാര്‍ക്ക്
. പ്രാക്ടിക്കല്‍ എക്‌സാം: 28 മാര്‍ക്ക്
. പ്രാക്ടിക്കല്‍ റെക്കോര്‍ഡ് ബുക്കിന്
2 മാര്‍ക്ക്
. തുടര്‍ മൂല്യനിര്‍ണയം: 10 മാര്‍ക്ക്
. ആകെ: 50 മാര്‍ക്ക്

. എങ്ങനെ നേടാം?
ആകെയുള്ള 50 മാര്‍ക്കില്‍ തുടര്‍ മൂല്യ നിര്‍ണയം ( CE ) ഉള്‍പ്പെടെ 45 മാര്‍ക്കോ അതിന് മുകളിലോ നേടുന്നവര്‍ക്കാണ് എ പ്ലസ് ലഭിക്കുന്നത്. എക്‌സാമിന്റെ ഓരോ ഘട്ടവും തുല്യ പ്രാധാന്യമുള്ളവയാണ്. അതിനാല്‍ തന്നെ എ പ്ലസ് വാങ്ങാന്‍ അല്‍പ്പം കരുതല്‍ നല്ലതാണ്.

. എന്ത് ചെയ്യാം?
അധ്യയന വര്‍ഷത്തെ ഐ ടി പ്രാക്ടിക്കലുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രാക്ടിക്കല്‍ വര്‍ക്ക് ബുക്ക് എല്ലാ വരും പൂര്‍ത്തീകരിക്കുകയും ഐ ടി അധ്യാപകനെ കൊണ്ട് ഒപ്പ് വാങ്ങാനും ശ്രദ്ധിക്കണം. ഇതിലൂടെ നേടാവുന്ന രണ്ട് മാര്‍ക്ക് അത്ര നിസ്സാരമല്ല. എക്‌സാമിന്റെ ആദ്യ ഘട്ടമായ തിയറിയെ നേരിടാന്‍ ഐ ടി പാഠപുസ്തകം നന്നായി വായിക്കണം. ഐ ടി അധ്യാപകനോട് ചോദിച്ച് വരാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ മനസ്സിലാക്കണം. തിയറി പരീക്ഷയുടെ ചോദ്യങ്ങള്‍ നന്നായി വായിച്ച് ഉത്തരങ്ങള്‍ എഴുതാന്‍ ശ്രദ്ധിക്കണം. തിയറി വിട്ടുകളഞ്ഞ് പ്രാക്ടിക്കല്‍ സെഷന്‍ നന്നായി ചെയ്തിട്ട് കാര്യമില്ല. തിയറിയുടെ മാര്‍ക്ക് കമ്പ്യൂട്ടര്‍ സ്വയം രേഖപ്പെടുത്തുന്നതാണ്. എന്നാല്‍, പ്രാക്ടിക്കല്‍, വര്‍ക്ക് ബുക്ക്, തുടര്‍ മൂല്യ നിര്‍ണയം എന്നിവയാകട്ടെ അധ്യാപകര്‍ തീരുമാനിക്കുന്നതാണ്. പ്രാക്ടിക്കല്‍, വര്‍ക്ക്ബുക്ക്, തുടര്‍ മൂല്യനിര്‍ണയം എന്നിവയില്‍ ഫുള്‍ മാര്‍ക്ക് വാങ്ങിയ ഒരാള്‍ തിയറിയില്‍ പത്തില്‍ അഞ്ചോ അതില്‍ കൂടുതലോ മാര്‍ക്ക് വാങ്ങാതിരുന്നാല്‍ എ പ്ലസ് നഷ്ടമാകുമെന്ന് മനസ്സിലാക്കണം.

. മോഡല്‍ എക്‌സാം ?
വെറുമൊരു മോഡലല്ല
ഐ ടി മോഡല്‍ എക്‌സാമിനെ അങ്ങനെ നിസ്സാരവത്കരിക്കരുതേ. പ്രസ്തുത പരീക്ഷയില്‍ ചോദിച്ച ചോദ്യങ്ങളില്‍ പലതും പബ്ലിക് എക്‌സാമിന് ചോദിക്കാം. ഇതിനാല്‍ തന്നെ കൂട്ടുകാരെ വിഷമ ഘട്ടത്തിലാക്കിയ ചോദ്യങ്ങള്‍ അധ്യാപകരോട് ചോദിച്ച് ഉത്തരങ്ങള്‍ മനസ്സിലാക്കണം.

. വിന്‍ഡോ ക്ലോസ് ചെയ്താല്‍ ക്ലോസാകും
പരീക്ഷാ നടത്തിപ്പിന് വരുന്ന ഇന്‍വിജിലേറ്ററുടെ അനുവാദമില്ലാതെ പ്രാക്ടിക്കല്‍ സെഷനിലെ ചോദ്യം ക്ലോസ ്‌ചെയ്യാന്‍ പാടില്ല. ഓരോ വര്‍ക്കും അധ്യാപകരെ കാണിച്ച് മാത്രം വിന്‍ഡോ ക്ലോസ് ചെയ്യുക. ആകെയുള്ള നാല് ചോദ്യങ്ങള്‍ക്കും ഏഴ് സ്‌കോറില്‍ ഏഴ് തന്നെ വാങ്ങാന്‍ ശ്രമിക്കണം. ഇന്‍വിജിലേറ്റര്‍ കാണാതെ വര്‍ക്ക് ക്ലോസ്‌ചെയ്താല്‍ ഫുള്‍ സ്‌കോര്‍ തന്നെ ലഭിക്കണമെന്നില്ല. അതുപോലെ തന്നെ ഉത്തരങ്ങള്‍ ചെയ്യാതെ ചോദ്യങ്ങള്‍ നെക്സ്റ്റ് അടിച്ച് ഫിനിഷ് എക്‌സാം ബട്ടണ്‍ അമര്‍ത്താതിരിക്കാനും ശ്രദ്ധിക്കണം.

. എവിടെ സേവ് ചെയ്യണം, എങ്ങനെ ചെയ്യണം ?
പ്രാക്ടിക്കല്‍ എക്‌സാമിലെ ഓരോ വര്‍ക്കും എവിടെ സേവ് ചെയ്യണമെന്ന് ചോദ്യത്തില്‍ തന്നെ പറയുന്നുണ്ട്. എക്‌സാം പത്ത് എന്ന ഫോള്‍ഡറില്‍ ആണെങ്കില്‍ പ്രസ്തുത ഫോള്‍ഡറില്‍ തന്നെ സേവ് ചെയ്യാന്‍ മറക്കരുത്. രജിസ്റ്റര്‍ നമ്പറും ചോദ്യ നമ്പറും ഓരോ ഉത്തരത്തിന്റെയും പേരായി സേവ് ചെയ്യാന്‍ പറഞ്ഞാല്‍ അങ്ങനെ മാത്രം ചെയ്യണം. അല്ലാതെ നിങ്ങളുടെ പേര് എഴുതി സേവ് ചെയ്യാന്‍ പാടില്ല.

. കമ്പ്യൂട്ടര്‍ പണിമുടക്കിയാല്‍ നോ ടെന്‍ഷന്‍
ഐ ടി എക്‌സാമിനിടയില്‍ വൈദ്യുതി തകരാറോ കമ്പ്യൂട്ടര്‍ തകരാറോ സ്വാഭാവികമാണ്. അത്തരം അവസ്ഥയെ നിങ്ങള്‍ക്ക് നേരിടേണ്ടി വന്നാല്‍ ടെന്‍ഷനൊന്നും വേണ്ട. ഇന്‍വിജിലേറ്റര്‍ നിങ്ങള്‍ക്ക് മറ്റൊരു കമ്പ്യൂട്ടറിലോ മറ്റൊരു സമയത്തോ എക്‌സാം എഴുതാന്‍ അവസരം തരും.

. റിവേഴ്‌സ് ബട്ടണ്‍ ഇല്ല
തിയറി പരീക്ഷ പൂര്‍ണമായി എന്നുറപ്പുണ്ടെങ്കില്‍ മാത്രമേ പ്രാക്ടിക്കല്‍ എക്‌സാം അറ്റന്റ് ചെയ്യാവൂ. അതു പോലെ തന്നെ നാല് ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയാല്‍ മാത്രമേ പ്രാക്ടിക്കല്‍ സെഷന്‍ അവസാനിപ്പിച്ച് ഫിനിഷ് എക്‌സാം നല്‍കാവൂ.

. സമയക്രമം
ഒരു മണിക്കൂറാണ് ഐ ടി എക്‌സാമിന്റെ സമയം. ഇതില്‍ ആദ്യത്തെ 20 മിനുട്ടിനുള്ളിലെങ്കിലും തിയറി ഘട്ടം പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കണം. വിന്‍ഡോയുടെ ഭാഗത്ത് എഴുതിക്കാണിക്കുന്ന റിമൈനിംഗ് ടൈം ശ്രദ്ധിക്കണം.
. പ്രത്യേകം ശ്രദ്ധിക്കാം
•. തിയറി എക്‌സാമില്‍ ഒറ്റ ഉത്തരം എഴുതേണ്ടവയും രണ്ട് ഉത്തരങ്ങള്‍ എഴുതേണ്ടവയും ഉണ്ട്. രണ്ട് ഉത്തരങ്ങള്‍ എഴുതേണ്ടവക്ക് ഒന്ന് മാത്രം എഴുതിയാല്‍ പകുതി മാര്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂ.
•. പ്രാക്ടിക്കല്‍ എക്‌സാമിലെ എല്ലാ ചോദ്യങ്ങളും അറ്റന്റ്‌ചെയ്യാന്‍ ശ്രമിക്കണം. ഉത്തരം നന്നായി ചെയ്യാന്‍ അറിയില്ലെങ്കിലും സ്റ്റാര്‍ട്ട് എക്‌സാം ബട്ടണ്‍ ക്ലിക്ക് ചെയ്യണം.
•. പ്രാക്ടിക്കല്‍ എക്‌സാമില്‍ ചോയ്‌സ് ഉണ്ടെന്ന് മനസ്സിലാക്കുക. ഇവയില്‍ ഏറ്റവും എളുപ്പമുള്ള ചോദ്യത്തിന് മാത്രം സ്റ്റാര്‍ട്ട് എക്‌സാം നല്‍കുക.
•. എക്‌സാമിന്റെ ഓരോ ഘട്ടത്തിലും ഇന്‍വിജിലേറ്ററുടെ നിര്‍ദേശങ്ങള്‍ പിന്തുടരുക.

. ഏതൊക്കെ ചോദ്യങ്ങള്‍ വരാം?
. പാഠഭാഗവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍, സൂചനകള്‍, ചിഹ്നങ്ങള്‍, വാക്യങ്ങള്‍, സോഫ്റ്റ്‌വെയറിലെ സങ്കേതങ്ങള്‍, ടൂളുകള്‍, ഫയലുകളുടെ വിവിധ തരം ഫോര്‍മാറ്റുകള്‍, പ്രവര്‍ത്തന ക്രമങ്ങള്‍, തുടര്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാര്യങ്ങളെല്ലാം എക്‌സാമില്‍ ചോദിക്കാം. ഇതിനാല്‍ തന്നെ പാഠപുസ്തകം കൂട്ടുകാര്‍ നന്നായി വായിക്കണം. തുടര്‍ലക്കങ്ങളില്‍ അക്ഷരത്തില്‍ പ്രസിദ്ധീകരിക്കുന്ന ഐ ടി തിയറി, പ്രാക്ടിക്കല്‍ ചോദ്യങ്ങള്‍ കൂട്ടുകാര്‍ ശ്രദ്ധിക്കുമല്ലോ.

. സ്‌ക്രീന്‍ ഷോട്ട്
ചിലപ്പോള്‍ പ്രാക്ടിക്കല്‍ സേവ് ചെയ്യുന്നതിന് പകരം അവയുടെ സ്‌ക്രീന്‍ ഷോട്ട് സേവ് ചെയ്യാനും ചോദ്യം വരാം. കീബോഡിലെ പ്രിന്റ്‌സ്‌ക്രീന്‍ എന്ന ബട്ടണ്‍ അമര്‍ത്തിയാണ് ഒരു വിന്‍ഡോയുടെ സ്‌ക്രീന്‍ ഷോട്ട് എടുക്കുന്നത്.

കരീം യൂസഫ് ടി