Connect with us

Articles

വിയോജിപ്പും രാജ്യദ്രോഹനിയമം എന്ന മര്‍ദനോപകരണവും

Published

|

Last Updated

ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായതോടെ വിയോജിപ്പിന്റെ ശബ്ദങ്ങള്‍ ഒന്നൊന്നായി അടിച്ചമര്‍ത്താനുള്ള തീവ്രശ്രമത്തിലാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ സര്‍ക്കാര്‍. 2016 ഫെബ്രുവരി രണ്ടിന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെ എന്‍ യു)യില്‍ സംഘടിപ്പിച്ച ചടങ്ങുമായി ബന്ധപ്പെട്ട കേസില്‍ 10 പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ് ഡല്‍ഹി പോലീസ്. ജെ എന്‍ യുവില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഇവര്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാണ് പോലീസ് ആരോപിക്കുന്നത്. ദൃക്‌സാക്ഷികളേക്കാള്‍ പോലീസ് ആശ്രയിക്കുന്നത് വീഡിയോ ദൃശ്യത്തെയാണ്. കനയ്യകുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവര്‍ക്കും ഏഴ് കശ്മീരി വിദ്യാര്‍ഥികള്‍ക്കുമെതിരെയാണ് ഡല്‍ഹി പാട്യാല ഹൗസ് കോടതിയില്‍ കുറ്റപ്പത്രം സമര്‍പ്പിച്ചിരിക്കുന്നത്.
ബ്രിട്ടീഷുകാര്‍ 1870ല്‍ കൊണ്ടുവന്ന ഇന്ത്യന്‍ ശിക്ഷാ നിയമ (ഐ പി സി)ത്തിലെ 124 എ വകുപ്പനുസരിച്ചാണ് നടപടി. സ്വാതന്ത്ര്യസമര പോരാളികളെ അടിച്ചമര്‍ത്താനാണ് ബ്രിട്ടീഷുകാര്‍ ഈ കരിനിയമം ഉപയോഗിച്ചിരുന്നത്. മഹാത്മജി അടക്കമുള്ളവര്‍ ഇതിന്റെ ഇരകളായിരുന്നു. പൗരസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനാണ് രാജ്യദ്രോഹ നിയമം നിര്‍മിച്ചതെന്ന് മഹാത്മജി തുറന്ന് പറഞ്ഞിട്ടുണ്ട്. രാജ്യത്ത് നിയമപ്രകാരം പ്രാബല്യത്തില്‍ വന്ന സര്‍ക്കാറിനെതിരെ വിദ്വേഷമോ അനിഷ്ടമോ ഇളക്കിവിടാനുള്ള ഏത് ശ്രമവും രാജ്യദ്രോഹത്തിന്റെ ഗണത്തില്‍പ്പെടും. 124 എ വകുപ്പ് അനുസരിച്ച് ഇവര്‍ക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിക്കാം. ഈ കരിനിയമത്തെ വിമര്‍ശിച്ച് കൊണ്ട് മഹാത്മജി ഇങ്ങനെ പറയുന്നു: “ഇഷ്ടം നിര്‍മിക്കാനോ നിയമം വഴി നിയന്ത്രിക്കാനോ സാധിക്കുന്നതല്ല. ഒരാള്‍ക്ക് മറ്റൊരാളോട് അനിഷ്ടം തോന്നുന്നുവെന്ന് വെക്കുക. അയാള്‍ അക്രമം ആലോചിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യാത്തിടത്തോളം കാലം അയാള്‍ക്ക് അനിഷ്ടം പൂര്‍ണമായും പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യം ഉണ്ടായിരിക്കണം” (മഹാത്മാ ഗാന്ധി: മാര്‍ച്ച് 18 1922).

അധികാരത്തില്‍ ഇരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ വിമര്‍ശകര്‍ക്കെതിരെ യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ രാജ്യദ്രോഹനിയമം പ്രയോഗിച്ച് പോന്നിട്ടുണ്ട്. ഛത്തീസ്ഗഢിലെ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് വന്ന പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡോ ബിനായക് സെന്നിനെതിരെ മാവോവാദി ബന്ധമാരോപിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തിയത് നിയമം ദുരുപയോഗം ചെയ്തതിന്റെ ഉദാഹരണമായിരുന്നു. ഐ പി സിയിലെ 124 എ എന്ന കരിനിയമം റദ്ദാക്കേണ്ട ആവശ്യകതയിലേക്ക് ആ കേസ് രാജ്യത്തിന്റെ ശ്രദ്ധതിരിച്ചു. ഛത്തീസ്ഗഢ് ഹൈക്കോടതി സെന്നിന് ജാമ്യം നിഷേധിച്ചിരുന്നു. എന്നാല്‍, സുപ്രീം കോടതി ജാമ്യം അനുവദിച്ചു. സെന്നിനെ ശിക്ഷിച്ച വിചാരണ കോടതി ഉത്തരവില്‍ കുറ്റം സംബന്ധിച്ച് വ്യക്തത ഇല്ലെന്നാണ് സുപ്രീം കോടതി ചൂണ്ടിക്കാണിച്ചത്.
ഭീമാ-കൊറേഗാവ് കേസില്‍ രാജ്യദ്രോഹക്കുറ്റത്തിന് മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്ത ദളിത് ചിന്തകന്‍ ആനന്ദ് തെല്‍തുംബ്‌ഡെയെ പുനെ കോടതി മണിക്കൂറുകള്‍ക്കകം വിട്ടയച്ചത് ഏതാനും ദിവസം മുമ്പാണല്ലോ. അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതിന് സുപ്രീം കോടതി വിലക്കുണ്ടായിട്ടും പോലീസ് അത് ഗൗനിച്ചില്ല എന്നത് ഭരണകൂട ഭീകരതയുടെ വ്യാപ്തി എത്രയാണെന്ന് കാണിച്ച് തരുന്നു. കോടതിയെ ലംഘിച്ച പോലീസിനെതിരെ നടപടിയുണ്ടാവുമെന്ന് പ്രതീക്ഷിക്കാനാവില്ല.

എന്നാല്‍ ജെ എന്‍ യു കേസിലെ രാജ്യദ്രോഹ കുറ്റപത്രം രാജ്യത്തെ സംസാര സ്വാതന്ത്ര്യത്തിന്റെയും പൗരാവകാശങ്ങളുടെയും അവസ്ഥയില്‍ ആശങ്ക പുലര്‍ത്തുന്നവരില്‍ അപായമണി മുഴക്കിയിരിക്കുന്നു. 2014 മുതല്‍ രാജ്യദ്രോഹ കേസുകളില്‍ വന്‍ വര്‍ധനയുണ്ടായതായി നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍ സി ആര്‍ ബി) സാക്ഷ്യപ്പെടുത്തുന്നു. 2014, 2015, 2016 വര്‍ഷങ്ങളിലായി 112 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതിലൊന്ന് പോലും സര്‍ക്കാര്‍ പിന്‍വലിച്ചിട്ടില്ല. 2016ല്‍ 36 കേസുകള്‍ വിചാരണക്ക് എടുത്തെങ്കിലും ഒന്നില്‍ മാത്രമാണ് ശിക്ഷ വിധിച്ചത്. 2014 മുതലാണ് രാജ്യദ്രോഹ കേസുകളുടെ കണക്ക് എന്‍ സി ആര്‍ ബി ശേഖരിക്കാന്‍ തുടങ്ങിയതെങ്കിലും മുന്‍വര്‍ഷങ്ങളിലെ കേസുകളുടെ എണ്ണം പരാമര്‍ശിക്കുന്നുണ്ട്. മോദി സര്‍ക്കാര്‍ വളര്‍ത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത അസഹിഷ്ണുതയുടെ വേലിയേറ്റവുമായി രാജ്യദ്രോഹ കേസുകളിലെ വര്‍ധനയെ ഒരാള്‍ ബന്ധിപ്പിക്കുന്നുവെങ്കില്‍ അയാളെ കുറ്റപ്പെടുത്താനാവില്ല.
സാധാരണ ജനങ്ങളെ പീഡിപ്പിക്കുന്നതിനും ഭീഷണിപ്പെടുത്തുന്നതിനും സൗകര്യപ്രദമായ ഉപകരണമെന്ന നിലയിലാണ് അധികാരത്തില്‍ ഇരിക്കുന്നവര്‍ രാജ്യദ്രോഹനിയമം പ്രയോഗിക്കുന്നത്. അതിനാല്‍ ദൈനംദിന ജീവിതത്തില്‍ വിയോജിപ്പിനെ കുറിച്ച് സാധാരണക്കാര്‍ വിദൂരമായി ചിന്തിക്കുക പോലുമില്ലെന്ന് ഭരണകൂടം കണക്ക്കൂട്ടുന്നു. ജനാധിപത്യത്തിന്റെ സേഫ്റ്റി വാല്‍വ് എന്ന് സുപ്രീം കോടതി വിശേഷിപ്പിച്ച വിയോജിപ്പ് പ്രകടിപ്പിക്കുന്നതില്‍ നിന്ന് ജനങ്ങളെ നിരുത്സാഹപ്പെടുത്തുന്ന രാഷ്ട്രീയോപകരണമായി തീര്‍ന്നിരിക്കുകയാണ് രാജ്യദ്രോഹനിയമം.

ജെ എന്‍ യു കേസിലെ നിയമസാധ്യതക്ക് മേല്‍ തുടക്കത്തില്‍ തന്നെ കാര്‍മേഘം മൂടിയിരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് ഡല്‍ഹി പോലീസ് ഡല്‍ഹി സര്‍ക്കാറിലെ നിയമവകുപ്പിന്റെ അനുമതി തേടിയിട്ടില്ല. ഇക്കാര്യം പാട്യാല ഹൗസ് കോടതി ജഡ്ജി ദീപക് സഹ്‌റാവത്ത് വ്യക്തമാക്കിയതാണ്. രാജ്യദ്രോഹ കേസില്‍ സംസ്ഥാന സര്‍ക്കാറിന്റെ അനുമതിയില്ലാതെ കുറ്റപത്രത്തില്‍ നടപടിയെടുക്കുന്നതിന് കോടതിയുടെ മുന്നില്‍ നിയമപരമായ തടസ്സങ്ങളുണ്ട്. 10 ദിവസത്തിനകം അനുമതി തങ്ങള്‍ സമ്പാദിക്കുമെന്നാണ് ഡല്‍ഹി പോലീസ് കോടതിക്ക് ഉറപ്പ് നല്‍കിയത്. ആ സമയം കഴിഞ്ഞു. ഡല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. ഡല്‍ഹി സര്‍ക്കാറും ലെഫ്. ഗവര്‍ണറും തമ്മില്‍ അധികാര വടംവലി തുടരുന്ന സാഹചര്യത്തില്‍ പോലീസിന് അനുമതി സമ്പാദിക്കുക എളുപ്പമാകില്ലെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഡല്‍ഹി പോലീസും ലെഫ്. ഗവര്‍ണറും കേന്ദ്രത്തിന്റെ കീഴില്‍ ഉള്ളവരാണ്. അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാര്‍ ജെ എന്‍ യു വിദ്യാര്‍ഥികള്‍ക്ക് നേരത്തേ പിന്തുണ പ്രഖ്യാപിച്ചതാണ്. ഈ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ കുറ്റപത്രത്തിന് എന്ത് സംഭവിക്കും?
വിയോജിപ്പ് പ്രകടിപ്പിക്കുന്നവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് മോദി സര്‍ക്കാര്‍ മുഖമുദ്രയാക്കി മാറ്റി. മോദിയെയും മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗിനെയും ഫേസ്ബുക്കില്‍ വിമര്‍ശിച്ചതിന് മണിപ്പൂരി പത്രപ്രവര്‍ത്തകന്‍ കിഷോര്‍ ചന്ദ്ര വാങ്ഗമിനെ പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. എന്നാല്‍ സര്‍ക്കാറിനെതിരായ വിമര്‍ശനം രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ പര്യാപ്തമല്ലെന്ന് കണ്ട് അദ്ദേഹത്തെ ഇംഫാല്‍ വെസ്റ്റ് കോടതി വിട്ടയച്ചു. ദേശീയ സുരക്ഷാ നിയമ (എന്‍ എസ് എ) പ്രകാരം അദ്ദേഹത്തെ വീണ്ടും തുറുങ്കിലടച്ചിരിക്കുകയാണ്.
എഴുത്തുകാരി അരുന്ധതി റോയ്, പട്ടേല്‍ സമുദായ നേതാവ് ഹര്‍ദിക് പട്ടേല്‍, പഞ്ചാബ് മന്ത്രി നവജ്യോത് സിംഗ് സിദ്ദു, തെലങ്കാന എം എല്‍ എ അക്ബറുദ്ദീന്‍ ഉവൈസി, നിഷാന്‍ ത്രൈമാസിക പത്രാധിപര്‍ ലെനിന്‍ കുമാര്‍, ഗുജ്ജാര്‍ സമുദായ നേതാവ് കിരോരി സിംഗ് ബെയ്ന്‍സ്‌ല, ഒഡീഷ പത്രപ്രവര്‍ത്തകന്‍ ലക്ഷ്മണ്‍ ചൗധരി, ശ്രീനഗര്‍ ഗാന്ധി സ്മാരക കോളജ് അധ്യാപകന്‍ ആര്‍ മുഹമ്മദ് ഭട്ട്, ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍, തുടങ്ങിയവര്‍ വിവിധ ഘട്ടങ്ങളില്‍ രാജ്യദ്രോഹക്കുറ്റത്തിന്റെ രുചി അറിഞ്ഞവരാണ്. പാക്കിസ്താന്‍ കരസേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയെ ആലിംഗനം ചെയ്തതാണ് സിദ്ദു ചെയ്ത കുറ്റം. പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ സത്യപ്രതിജ്ഞാ വേളയിലായിരുന്നു ആലിംഗനം.

ആമിര്‍ ഖാനെതിരായ കുറ്റമാണ് വിചിത്രം. 2015ല്‍ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച രാമനാഥ് ഗോയങ്ക അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ഖാന്‍ ഇപ്രകാരം ഒരു പരാമര്‍ശം നടത്തി: “രാജ്യത്ത് അസഹിഷ്ണുത വളരുന്നതിനാല്‍ നിങ്ങള്‍ ഇന്ത്യ വിടണമെന്ന് ഭാര്യ എന്നോട് പറയുകയുണ്ടായി” അതോടെ രാജ്യദ്രോഹക്കുറ്റത്തിന് അരങ്ങൊരുങ്ങി. കേസ് ഇപ്പോള്‍ കാണ്‍പൂര്‍ സെഷന്‍സ് കോടതിയിലാണ്.
യോഗി ആദിത്യനാഥിന്റെ വാഹനവ്യൂഹം തടഞ്ഞ അംഗന്‍വാടി ജീവനക്കാരായ നാല് വനിതകളെ രാജ്യദ്രോഹകുറ്റം ചുമത്തി 2017ല്‍ പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. അംഗന്‍വാടി പ്രവര്‍ത്തകരുടെ ക്ലേശങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു വനിതകളുടെ ലക്ഷ്യം. പക്ഷേ കുറ്റം രാജ്യദ്രോഹമായി. ഇതുപോലെ എത്രയെങ്കിലും ഉദാഹരണങ്ങള്‍ നിരത്താനാവും.
ജെ എന്‍ യു കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസ് തിരഞ്ഞെടുത്ത സമയം ശ്രദ്ധിക്കേണ്ടതുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തെത്തി. മോദി ഭരണത്തില്‍ നേട്ടങ്ങളൊന്നും ഉയര്‍ത്തി കാണിക്കാന്‍ ഇല്ലാത്തതിനാല്‍ സമൂഹത്തെ ഒന്നുകൂടി ധ്രുവീകരിച്ച് തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാമെന്നായിരിക്കാം സംഘ്പരിവാര്‍ കരുതുന്നത്. രാജ്യദ്രോഹ പ്രശ്‌നം ഉയര്‍ത്തി പ്രചണ്ഡമായ പ്രചാരണം നടത്തി ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധ തിരിച്ച് വിടാനാവുമോ എന്നായിരിക്കും അവര്‍ പരീക്ഷിക്കുക. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിഹാറില്‍ നിന്ന് പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ഥിയായി കനയ്യകുമാര്‍ മത്സരിക്കാന്‍ ഒരുങ്ങുന്നുണ്ട്. അതിന് തടയിടുക എന്നതും സംഘ്പരിവാരത്തിന്റെ ലക്ഷ്യമായി കരുതാവുന്നതാണ്. രാജ്യദ്രോഹ നിയമം യാതൊരു മാനദണ്ഡവും ഇല്ലാതെ ഉപയോഗിക്കുന്നതിനെതിരെ ശബ്ദമുയര്‍ത്തുക എന്നതാണ് ജനാധിപത്യം നിലനിന്ന് കാണാന്‍ ഇച്ഛിക്കുന്ന ഏതൊരു പൗരന്റെയും അടിയന്തര കടമ.

ജെ എന്‍ യു വിദ്യാര്‍ഥി നേതാക്കള്‍ക്കെതിരായ കുറ്റപത്രം സംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പുലര്‍ത്തുന്ന മൗനം അമ്പരപ്പിക്കുന്നതാണ്. മൂന്ന് വര്‍ഷം മുമ്പ് ജെ എന്‍ യു പ്രക്ഷുബ്ധമായപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് ശക്തമായ പിന്തുണ നല്‍കിയിരുന്നു അന്ന് കോണ്‍ഗ്രസിന്റെ ഉപാധ്യക്ഷനായ രാഹുല്‍. ഉറച്ച ആ നിലപാടിന് രാജ്യത്തെ പൊതുസമൂഹത്തിന്റെ പിന്തുണയും ഉണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസില്‍ സ്ഥാനമുയര്‍ന്നപ്പോള്‍ അദ്ദേഹം പാലിക്കുന്ന നിശ്ശബ്ദത 2017ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് മുതല്‍ സ്വീകരിച്ച മൃദു ഹിന്ദുത്വ സമീപനത്തിന്റെ ഭാഗമാകുമോ?

---- facebook comment plugin here -----

Latest