25 കാരന്‍ 48 കാരിയെ വിവാഹം ചെയ്‌തെന്ന് പ്രചാരണം; സത്യമിതാണ്‌

Posted on: February 8, 2019 12:47 pm | Last updated: February 8, 2019 at 2:36 pm

കണ്ണൂര്‍: പെണ്ണിന് വയസ്സ് 48. ചെക്കന് വയസ്സ് 25. പെണ്ണിന് ആസ്തി 15 കോടി. സ്ത്രീധനം 101 പവന്‍, 50 ലക്ഷം. ബാക്കി പുറകെ വരും. നമ്മുടെ സ്വന്തം ചെറുപുഴയില്‍ നടന്ന കല്ല്യാണം… ഇങ്ങനെയൊരു വ്യാജതലക്കെട്ടില്‍ പത്രത്തിലെ ഒരു വിവാഹ പരസ്യത്തിന്റേയും വിവാഹത്തിന്റേയും ചിത്രങ്ങള്‍ വാട്‌സാപ്പില്‍ നിങ്ങള്‍ക്കും ലഭിച്ചിട്ടുണ്ടാകും.

കണ്ണൂര്‍ ചെറുപുഴയില്‍ നടന്ന ഒരു വിവാഹവുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ പ്രചാരണം നടത്തുന്നവര്‍ അകത്താക്കാന്‍ നിയമനടപടി തുടങ്ങി. ഇത്തരക്കാര്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്ന് ദമ്പതികളായ അനൂപ് സെബാസ്റ്റ്യനും ജൂബി ജോസഫും അറിയിച്ചു. രൂക്ഷമായ അധിക്ഷേപങ്ങളാണ് വാട്‌സാപ്പിലും ഫേസ്ബുക്കിലും ഇരുവര്‍ക്കുമെതിരെ ചിലര്‍ അഴിച്ചുവിട്ടത്. പണം മോഹിച്ചാണ് ചെറുപ്പക്കാരനായ യുവാവ് തന്നേക്കാള്‍ ഏറെ പ്രായം കൂടിയയാളെ വിവാഹം കഴിച്ചതെന്നായിരുന്നു അധിക്ഷേപങ്ങളില്‍ ഏറെയും.

ഫെബ്രുവരി നാലിനാണ് അനൂപും ജൂബിയും വിവാഹിതരായത്. പഞ്ചാബില്‍ എയര്‍പോര്‍ട്ടില്‍ ജീവനക്കാരനാണ് അനൂപ്. ടൂറിസത്തില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടിയ ജൂബിയെ കണ്ട് ഇഷ്ടമായ അനൂപിന്റെ വീട്ടുകാര്‍ വിവാഹാലോചന നടത്തുകയായിരുന്നു. ചെറുപുഴയില്‍ നിന്ന് മൂപ്പത് കിലോമീറ്റര്‍ അകലെയുള്ള ചെമ്പന്‍തൊട്ടിയിലാണ് 27 കാരിയായ ജൂബിയുടെ വീട്. സാമൂഹിക മാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങളും പരിഹാസങ്ങളും തങ്ങളെയും മാതാപിതാക്കളേയും ബന്ധുക്കളേയും സുഹൃത്തുക്കളേയും ഏറെ വേദനിപ്പെച്ചെന്നും അദ്ദേഹം പറയുന്നു.