Connect with us

Articles

യൂനിയനുകള്‍ ജയിച്ചു, ജനങ്ങള്‍ തോറ്റു

Published

|

Last Updated

കെ എസ് ആര്‍ ടി സി വീണ്ടും ഒരു ചര്‍ച്ചാവിഷയമായിരിക്കുന്നു. വ്യത്യസ്ത കാരണങ്ങള്‍ കൊണ്ടാണത്. പതിനായിരത്തോളം എം പാനല്‍ ജീവനക്കാര്‍ കൂട്ടത്തോടെ കുടിയൊഴിപ്പിക്കപ്പെട്ടതാണ് മാധ്യമശ്രദ്ധയില്‍ വരുന്നതിനുള്ള ഒരു പ്രധാനകാരണം. നമ്മുടെ രാഷ്ട്രീയ ട്രേഡ് യൂനിയന്‍ നേതാക്കളുടെ ഇരട്ടത്താപ്പ് പുറത്തുകൊണ്ടു വരുന്നതിന് ഒരു ഉദാഹരണം കൂടിയായി എന്നത് ഒരു വലിയ കാര്യമല്ല. അതില്‍ ഒരു പുതുമയുമില്ല. പ്രത്യേകിച്ചും കേരളത്തിലെ പൊതുമേഖലയില്‍ എവിടെയും കാണുന്ന ഒരു കാര്യമാണിത്. ഒട്ടു മിക്ക പൊതുമേഖലാ സ്ഥാപനങ്ങളുടെയും ലക്ഷ്യം സമൂഹത്തിന് എന്തെങ്കിലും സേവനം നല്‍കലാണ്, സ്വന്തം ആളുകളെ മേലെ തട്ട് മുതല്‍ ഏറ്റവും താഴെ തട്ട് വരെ സ്ഥാനം അല്ലെങ്കില്‍ തൊഴില്‍ നല്‍കലാണ് എന്നത് മാറിമാറി ഭരിക്കുന്ന മുന്നണികള്‍ അംഗീകരിക്കുന്നു.

നൂറില്‍പരം വരുന്ന പൊതുമേഖലാ സ്ഥാപനങ്ങളില്‍ പത്തില്‍ താഴെ മാത്രമാണ് ഏതെങ്കിലും വിധത്തില്‍ സാമ്പത്തികമായി ലാഭം പേരിനെങ്കിലുമുണ്ടാക്കുന്നത്. നന്നായി പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങള്‍ പോലും ഇന്ന് നഷ്ടത്തിലാണ്. മിക്ക സ്ഥാപനങ്ങളെക്കൊണ്ടും പൊതുജനത്തിന് ഒരു ഗുണവുമില്ല. പലതിന്റെയും പേരുകള്‍ നമ്മള്‍ കേട്ടിട്ടുപോലും ഉണ്ടാകില്ല. അവയുടെ ചെയര്‍മാന്‍ സ്ഥാനം മുന്നണിയിലെ ഘടകകക്ഷികള്‍ തമ്മില്‍ പങ്കുവെച്ചെടുക്കുന്നു. അവര്‍ക്കെല്ലാം ഇന്നോവ ക്രിസ്റ്റ കാറും ഡ്രൈവറും ഓഫീസും ശമ്പളവും യാത്രാബത്ത അടക്കമുള്ള വരുമാനങ്ങളും നല്‍കാന്‍ പൊതുഖജനാവില്‍ നിന്ന് നമ്മുടെ നികുതിപ്പണം മുടക്കുന്നു. ഇക്കഴിഞ്ഞ ദിവസം ഒരു ചാനല്‍ ചര്‍ച്ചയില്‍ കേട്ടതുപോലെ ഈ കാറുകളില്‍ നല്ലൊരു പങ്കും ഭരണകക്ഷിയുടെ ഓഫീസുകള്‍ക്ക് മുന്നില്‍ കിടക്കുന്നത് കാണാം. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാറിന്റെ കാലത്ത് മലയാള ഭാഷയെ മെച്ചപ്പെടുത്താന്‍ എന്ന പേരില്‍ ഉള്ള ഒരു സ്ഥാപനത്തിന്റെ തലവനായി നിയമിക്കപ്പെട്ട ഒരു രാഷ്ട്രീയ സാംസ്‌കാരിക നേതാവ് ഒരിക്കല്‍ പോലും തന്റെ ഓഫീസില്‍ ചെന്നിട്ടേയില്ല. അദ്ദേഹത്തിന് പാര്‍ട്ടിയുടെ സാംസ്‌കാരിക വിപ്ലവത്തിന്റെ ചുമതല ആയിരുന്നുവത്രേ. പക്ഷേ, മാസം തോറും അദ്ദേഹം കൃത്യമായി ശമ്പളവും അലവന്‍സുകളും കാറും അനുഭവിച്ചിരുന്നു. ഈ സ്ഥാപനങ്ങളിലെല്ലാം ഭരണം നടത്തുന്നത് ഭരണകക്ഷി യൂനിയന്‍ നേതാക്കളാണ്. അതീവ നൂതന സാങ്കേതികവിദ്യ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളില്‍ പോലും ഉദ്യോഗസ്ഥരെ, അതും ഉന്നതരെ നിശ്ചയിക്കുന്നതില്‍ ഒരു സാങ്കേതികജ്ഞാനവുമില്ലാത്ത യൂനിയന്‍ നേതാക്കള്‍ തീരുമാനമെടുക്കുന്ന അനുഭവങ്ങള്‍ ഈ ലേഖകനുണ്ട്. അവിടെ താത്പര്യം, നേതാക്കളുടേതോ ചിലപ്പോള്‍ കക്ഷികളുടേതോ മാത്രമായിരിക്കും. സ്ഥാപനത്തിന്റേതായിരിക്കില്ല. ഒരിക്കലും സമൂഹത്തിന്റേതുമായിരിക്കില്ല.

നഷ്ടത്തിലാണെങ്കിലും ജനങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ചില സൗകര്യങ്ങളും സേവനങ്ങളും നല്‍കുന്ന ചില പൊതുമേഖലാ സ്ഥാപനങ്ങളുണ്ട്. അവയില്‍ പ്രധാനപ്പെട്ട ഒന്നാണ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ എന്ന ആനവണ്ടി. കേരളമങ്ങോളമിങ്ങോളം പൊതു ഗതാഗതം നിരന്തരം ഉപയോഗിക്കുന്ന ഒരാളെന്ന നിലക്ക് മറ്റു പലരും പറയുന്നതുപോലെ കെ എസ് ആര്‍ ടി സി ഒരു അനാവശ്യമാണെന്നോ അതിലെ തൊഴിലാളികള്‍, പ്രത്യേകിച്ചും ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നവര്‍, അത്ര മോശം സ്വഭാവക്കാരാണെന്നോ ഒന്നും ഞാന്‍ കരുതുന്നില്ല. മറിച്ചാണ് മിക്കപ്പോഴും അനുഭവം. എന്തെങ്കിലും സാധ്യതയുണ്ടെങ്കിലും നല്ലൊരു വിഭാഗം യാത്രക്കാരും ട്രാന്‍സ്‌പോര്‍ട്ട് ബസിനെയാകും പരിഗണിക്കുക. അതിലെ യാത്ര കൂടുതല്‍ സൗകര്യപ്രദമാണ്. ആ സ്ഥാപനത്തിന്റെ നടത്തിപ്പിലെ നിരവധി തകരാറുകള്‍ കൊണ്ടും അഴിമതി കൊണ്ടുമാണ് അത് നഷ്ടത്തിലോടുന്നത് എന്ന് യുക്തിപൂര്‍വം വിശ്വസിക്കുന്നു.

ഇക്കഴിഞ്ഞ ദിവസം വന്ന ഒരു വാര്‍ത്ത നമ്മുടെയെല്ലാം ശ്രദ്ധയെ ഏറെ ആകര്‍ഷിച്ചതാണ്. ആദ്യമായി ആ സ്ഥാപനം സ്വന്തം വരുമാനത്തില്‍ നിന്നും (കടമോ സര്‍ക്കാര്‍ സഹായമോ ഇല്ലാതെ) എല്ലാവര്‍ക്കും ശമ്പളം കൊടുത്തു എന്നതായിരുന്നു ആ വാര്‍ത്ത. ശബരിമലയില്‍ എന്തൊക്കെ കുഴപ്പമുണ്ടായെങ്കിലും ആ വരുമാനമാണ് ഒരു മാസം ഇങ്ങനെ ചെയ്യാന്‍ അവരെ പ്രാപ്തരാക്കിയത് എന്നത് അംഗീകരിച്ചാല്‍ പോലും അതില്‍ ഏറെ സന്തോഷിച്ചു ഞാനടക്കം പലരും. പക്ഷേ, പിറ്റേന്ന് നാം കേട്ട വാര്‍ത്ത അതിലേറെ രസകരമായിരുന്നു. ആ സ്ഥാപനത്തിന്റെ എം ഡി ആയിരുന്ന ടോമിന്‍ ജെ തച്ചങ്കരി ഐ പി എസിനെ ആ സ്ഥാനത്ത് നിന്ന് മാറ്റിയ വാര്‍ത്തയാണത്. ഒറ്റ വായനയില്‍ തോന്നുക പരസഹായമില്ലാതെ ശമ്പളം കൊടുത്ത തെറ്റിനുള്ള ശിക്ഷയാണ് അതെന്നാണ്. പലവിധ അഴിമതി രാജ്യദ്രോഹ കേസുകളില്‍ പെട്ട ഒരാളാണ് ഇദ്ദേഹം എന്നും സ്വന്തം ലാഭത്തിനായി ഏത് രാഷ്ട്രീയ നേതൃത്വത്തിന്റെയും പാദസേവകനാകാന്‍ മടിക്കാത്ത വ്യക്തിയാണെന്നുമുള്ള വിമര്‍ശനം നിരന്തരം ഉയര്‍ന്നു വന്നിട്ടുണ്ട്. അതില്‍ കുറെ സത്യങ്ങള്‍ ഉണ്ടെന്ന് തോന്നുന്നതിനാല്‍ അദ്ദേഹത്തെ ഒരു നിലക്കും അംഗീകരിക്കുന്ന ഒരാളല്ല ഞാന്‍. സത്യസന്ധരായ നിരവധി ഐ പി എസുകാരെ ദൂരെ നിര്‍ത്തി, ജേക്കബ് തോമസിനെപ്പോലുള്ളവരെ സസ്‌പെന്‍ഡ് ചെയ്തു, മുന്നോട്ടു പോകുമ്പോള്‍ ഈ ഉദ്യോഗസ്ഥന്‍ സര്‍ക്കാറുകളുടെ കണ്ണിലുണ്ണി ആകുന്നതിനെ പലപ്പോഴും എതിര്‍ത്തിട്ടുമുണ്ട്. എന്നാല്‍ ഈ സ്ഥാപനത്തില്‍ ഇദ്ദേഹം സമൂഹത്തിന് ഗുണകരമായ വിധത്തില്‍ ചില കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചു എന്നും കരുതേണ്ടിവരുന്നുണ്ട്. അത്രത്തോളം അദ്ദേഹത്തെ പിന്തുണക്കുകയും ചെയ്യുന്നു. എന്നാല്‍, അങ്ങനെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കാനല്ല താങ്കളെ അവിടെ വെച്ചിരിക്കുന്നതെന്ന സന്ദേശമാണ് ഈ നടപടിയിലൂടെ സര്‍ക്കാര്‍ നല്‍കുന്നത്. പോലീസ് സ്‌റ്റേഷന്‍ ആക്രമണക്കേസിലെ പ്രതിയെ തിരക്കി ഭരണകക്ഷിയുടെ ഓഫീസില്‍ കയറിയതിന് ഒരു യുവ ഐ പി എസ് ഉദ്യഗസ്ഥക്ക് നേരെ ഉണ്ടായ നിലവാരമില്ലാത്ത ആക്രമണങ്ങള്‍ നമ്മള്‍ കണ്ടതുമാണ്.

എന്താണ് തച്ചങ്കരി എന്ന എം ഡി ചെയ്ത തെറ്റ് എന്ന് പൊതു സമൂഹത്തെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. എന്നാല്‍, അദ്ദേഹത്തിനെതിരെ സ്ഥാപനത്തിലെ യൂനിയന്‍ നേതാക്കള്‍ കക്ഷി വ്യത്യാസമില്ലാതെ രംഗത്ത് വരുമ്പോള്‍ കാര്യം വ്യക്തമാകുന്നു. ഇതിന് മുമ്പൊരിക്കല്‍ ഇവരെല്ലാം ചേര്‍ന്ന് ഒരു പണിമുടക്കിന് വരെ ആഹ്വാനം നല്‍കിയതാണ്. കടം വന്നു കുത്തുപാളയെടുത്ത ആ സ്ഥാപനത്തെ രക്ഷിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അതിനെ പിന്താങ്ങുകയല്ലേ യൂനിയനുകള്‍ ചെയ്യേണ്ടത് എന്ന ന്യായമായ സംശയം ആര്‍ക്കും ഉണ്ടാകാം. നില മെച്ചപ്പെട്ടാല്‍ അതിന്റെ ഗുണം ആദ്യം കിട്ടുന്നത് അവര്‍ക്ക് തന്നെയല്ലേ? പക്ഷേ, ഇത്തരം സാമാന്യയുക്തികളൊന്നുമല്ല യൂനിയനുകളെ നയിക്കുന്നത് എന്ന സത്യം ഇവിടെ ഒരിക്കല്‍ കൂടി വെളിവാക്കപ്പെടുകയാണ്. തീര്‍ത്തും തെറ്റായ രീതിയില്‍ മോഹനവാഗ്ദാനങ്ങള്‍ നല്‍കി ആയിരക്കണക്കിന് ചെറുപ്പക്കാരെ പ്രാഥമികമായ അവകാശങ്ങളോ കൂലിയോ ഇല്ലാതെ പത്തും പതിനഞ്ചും വര്‍ഷം ആ സ്ഥാപനത്തില്‍ പണിയെടുപ്പിച്ചത് അതിന്റെ അധികാരികളും അവരെ നിയന്ത്രിക്കുന്ന യൂനിയന്‍ നേതാക്കളും ചേര്‍ന്ന് തന്നെയാണ്. നിലവിലുള്ള നിയമവ്യവസ്ഥ അനുസരിച്ച് പൊതു വിജ്ഞാപനം നല്‍കി പരീക്ഷ നടത്തി തിരഞ്ഞെടുത്ത പി എസ് സി പട്ടികയിലുള്ളവരെ ഒഴിവാക്കിക്കൊണ്ട് ഇത്രയും കാലം ഇങ്ങനെ തുടരുന്നതില്‍ ഒരു ധാര്‍മിക രോഷവും തൊഴിലാളി നേതാക്കള്‍ക്കുണ്ടായിരുന്നില്ല. മറിച്ച് ഈ പാവങ്ങള്‍ക്ക് മോഹനവാഗ്ദാനങ്ങള്‍ നല്‍കി അവരുടെ കൂടി പിന്തുണ നേടി യൂനിയനുകള്‍ തമ്മിലുള്ള മത്സരത്തില്‍ അംഗീകാരം കിട്ടാന്‍ എല്ലാ യൂനിയനുകളും ഈ പാവങ്ങളെ ഉപയോഗിച്ചതാണ്.

കേവലം യൂനിയന്‍ അംഗീകാരമെന്ന താത്്പര്യങ്ങള്‍ക്കപ്പുറം ചിലതും ഇതിനു പിന്നില്‍ ഉണ്ടായിരുന്നു. കുറെ വര്‍ഷങ്ങളായി നമ്മുടെ ബസുകളില്‍ മഹാഭൂരിപക്ഷവും ഓടിച്ചിരുന്നത് ഇവരെ വെച്ചുകൊണ്ടാണ്. ഇവരുടെ വളരെ കുറഞ്ഞ കൂലിയും ആഴ്ചയിലൊരു ദിവസം കിട്ടുന്ന അവധിപോലും നല്‍കാതിരിക്കലുമെല്ലാം സ്ഥാപനത്തിന്റെ മൊത്തം ചെലവ് കുറച്ചു. അങ്ങനെ സ്വന്തം ശമ്പളവും മറ്റാനുകൂല്യങ്ങളും സ്ഥിരം തൊഴിലാളികള്‍ ഉറപ്പാക്കി. തന്നെയുമല്ല ഒരു ഡ്യൂട്ടിയും ചെയ്യില്ലെന്ന് പറയാന്‍ എം പാനലുകാര്‍ക്ക് കഴിയില്ല. അതുകൊണ്ട് സ്വാധീനമുള്ള യൂനിയന്‍ നേതാക്കളും അവര്‍ക്ക് വേണ്ടപ്പെട്ടവരും ശാരീരികക്ഷീണമുള്ള റൂട്ട് പോകലില്‍ നിന്നും ഒഴിവായി, ഓഫീസില്‍ സുഖിച്ചു പോന്നു. യൂനിയന്‍ നേതാക്കള്‍ ഒരിക്കലും പണി ചെയ്യാറില്ല. അദര്‍ ഡ്യൂട്ടി തുടങ്ങിയ മേലനങ്ങാപ്പണിയിലൂടെ അവര്‍ എന്നും രക്ഷപ്പെട്ടു പോന്നു. ചുരുക്കത്തില്‍ ഒരു കൊടിയ ചൂഷണത്തിന്റെ ഫലം ഇവര്‍ ഭുജിക്കുകയായിരുന്നു.

കോടതി നടത്തിയത് വളരെ ശരിയായ ഒരു നിരീക്ഷണമാണ്. എല്ലാ വിധത്തിലും തൊഴില്‍ കിട്ടാന്‍ അര്‍ഹരായ പി എസ് സി പട്ടികയില്‍ ഉള്ളവരെ ഒഴിവാക്കുന്നത് തെറ്റ് തന്നെയാണ്. അത് തിരുത്താന്‍ വിധിച്ചു. തങ്ങളുടെ ഇടക്കാല ഉത്തരവില്ലായിരുന്നെങ്കില്‍ ഇവര്‍ ഒരിക്കലും നിയമിക്കപ്പെടില്ലായിരുന്നു എന്നും പറഞ്ഞു. എത്ര ഒഴിവുണ്ടെന്ന ചോദ്യത്തിന് സ്ഥാപനം ഇതുവരെ കൃത്യമായ മറുപടി നല്‍കിയിട്ടില്ല. എന്തിനാണ് വ്യാജ പ്രതീക്ഷ നല്‍കി ഇവരെ ഇത്രകാലം നിര്‍ത്തിയത് എന്നും കോടതി ചോദിച്ചു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി പരമാവധി നിയമിക്കാവുന്നത് 180 ദിവസത്തേക്കു മാത്രം. എന്നിട്ടും ഇവരെ തുടര്‍ന്നുകൊണ്ടുപോയതെന്തുകൊണ്ടെന്ന ചോദ്യത്തിനും ഇവര്‍ക്ക് മറുപടിയില്ല. യൂനിയന്‍ ഗീര്‍വാണക്കാരടക്കം തത്കാലം ബൂര്‍ഷ്വാ കോടതിയെ പഴിപറഞ്ഞു രക്ഷപ്പെട്ടു. അടിമവേല ചെയ്ത ആയിരങ്ങള്‍ കണ്ണീരോടെ തെരുവില്‍ സമരത്തിലായി. ഒരു ഇടതുപക്ഷ സര്‍ക്കാറിന്റെ കാലത്ത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണിത്. സര്‍ക്കാറിനും ഇവരെ രക്ഷിക്കാന്‍ ഒന്നും ചെയ്യാതെ കഴിഞ്ഞു.

എന്നാല്‍, യഥാര്‍ഥ പ്രശ്‌നം ഉണ്ടായത് മറ്റൊരു രീതിയിലാണ്. ഇപ്പോള്‍ സ്ഥിരം തൊഴിലാളികള്‍ ഭൂരിപക്ഷമായി. പുതുതായി വന്നവരും നേതാക്കളുടെ പാത തന്നെ പിന്തുടരും. ഫലത്തില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം കുറയും. നല്‍കേണ്ടിവരുന്ന ശമ്പളം ഒറ്റയടിക്ക് കൂടും. ലീവും മറ്റു ആനുകൂല്യങ്ങളും ആകുമ്പോള്‍ സ്ഥാപനത്തിന്റെ അധോഗതിയാകും. പക്ഷേ, യൂനിയനുകളുടെ പ്രശ്‌നം അതല്ല. പലര്‍ക്കും ഇനി മേലനങ്ങി ജോലി ചെയ്യേണ്ടി വരും. കേവലം ഒരു സര്‍ട്ടിഫിക്കറ്റിന്റെ ബലത്തില്‍ റൂട്ടില്‍ പോകുന്നത് ഒഴിവാക്കാന്‍ കഴിയാതെ വരും. അക്കാര്യത്തില്‍ അല്‍പ്പം കര്‍ശന നിലപാടെടുത്തതാണ് തച്ചങ്കരിയെ പുകച്ചു പുറത്തു ചാടിക്കാന്‍ ഇവരെ പ്രേരിപ്പിച്ചത്. പുതിയ ആള്‍ മിക്കവാറും യൂനിയനുകളുടെ ആജ്ഞാനുവര്‍ത്തി ആയേ പ്രവര്‍ത്തിക്കൂ. സ്ഥാപനത്തിന്റെയോ പൊതുജനങ്ങളുടെയോ താത്പര്യം അവിടെ പരിഗണിക്കപ്പെടില്ല. തത്കാലം യൂനിയനുകള്‍ ജയിച്ചു, അവരുടെ സ്ഥാപിത താത്പര്യങ്ങള്‍ സാധിച്ചു. പക്ഷേ, തോറ്റത് സ്ഥാപനവും പൊതു ജനങ്ങളും പിന്നെ പതിനായിരം കുടുംബങ്ങളും.

സി ആര്‍ നീലകണ്ഠന്‍

Latest