Connect with us

Editorial

സിമന്റ് വില നിയന്ത്രിക്കണം

Published

|

Last Updated

പ്രളയാനന്തര പുനരുദ്ധാരണത്തിന് കേരളം തയ്യാറെടുത്തു കൊണ്ടിരിക്കെ സിമന്റ് വില കുതിച്ചുയരുകയാണ്. ഒരു ചാക്ക് സിമന്റിന് 30 രൂപ മുതല്‍ 50 രൂപ വരെയാണ് ഫെബ്രുവരി ഒന്ന് മുതല്‍ ഉത്പാദകര്‍ ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച ഒരു ശതമാനം സെസ് പ്രാബല്യത്തില്‍ വരുന്നതോടെ വില ഇനിയും ഉയരും. സിമന്റ് കമ്പനികള്‍ വിതരണക്കാര്‍ക്കുള്ള വില മൂന്ന് മാസം മുമ്പേ 50 രൂപ വീതം വര്‍ധിപ്പിച്ചിരുന്നു. ഈ തുക സബ്‌സിഡിയായി നല്‍കിയതിനാലാണ് ഇതുവരെയും കടകളില്‍ നിന്ന് പഴയ വിലയില്‍ സിമന്റ് ലഭിച്ചിരുന്നത്. സബ്‌സിഡി നിര്‍ത്തലാക്കിയതാണ് ഇപ്പോള്‍ വിപണിയില്‍ വില വര്‍ധനക്കിടയാക്കിയത്. ഇതോടെ 350-370 രൂപക്ക് ലഭിച്ചിരുന്ന സിമന്റ് വില 420 രൂപ വരെയായി വര്‍ധിക്കും. വാര്‍ഷിക കണക്കുകളില്‍ ലാഭം കുമിഞ്ഞുകൂടുകയും ഓഹരി വിപണിയില്‍ ഉയര്‍ന്ന വില രേഖപ്പെടുത്തുകയും ചെയ്യുന്ന കമ്പനികളാണ് ഇത്തരത്തില്‍ സിമന്റ് വില അമിതമായി വര്‍ധിപ്പിച്ചതെന്നറിയേണ്ടതുണ്ട്.

അതേസമയം മറ്റു സംസ്ഥാനങ്ങളില്‍ വില 10 മുതല്‍ 20 രൂപ വരെ മാത്രമാണ് വര്‍ധിപ്പിച്ചത്. ഏത് കാലത്തും സിമന്റിന് കേരളത്തില്‍ ഇതര സംസ്ഥാനങ്ങളെക്കാള്‍ ഉയര്‍ന്ന വിലയാണ്. 2008 മുതലാണ് കമ്പനികള്‍ കേരളത്തില്‍ പ്രത്യേകമായി ഒരു ചാക്കിന് 50 രൂപ വരെ അധികമായി ഈടാക്കിത്തുടങ്ങിയത്. ഇതുവഴി കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് 24,000 കോടി രൂപയാണ് കമ്പനികള്‍ കേരളത്തില്‍ നിന്ന് അധികമായി നേടിയത്. സംസ്ഥാനത്ത് ഒരു വര്‍ഷം 680 കോടി രൂപയുടെ സിമന്റ് കച്ചവടം നടക്കുന്നുണ്ട്. 1.7 ലക്ഷം സിമന്റ് ചാക്കുകള്‍ ഇവിടെ ഒരുവര്‍ഷം വില്‍ക്കുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. കടത്തു കൂലിയില്‍ വരുന്ന വര്‍ധനയാണ് തമിഴ്‌നാടിനേക്കാള്‍ കേരളത്തില്‍ അധിക വില വരാന്‍ കാരണമെന്നാണ് കമ്പനി ഏജന്റുമാരുടെ ന്യായീകരണം. എങ്കില്‍ തന്നെയും തൊട്ടു കിടക്കുന്ന ഈ സംസ്ഥാനള്‍ങ്ങക്കിടയില്‍ എങ്ങനെയാണ് വിലയില്‍ 50 മുതല്‍ നുറ് രുപയുടെ വരെ അന്തരമുണ്ടാകുന്നത്?

സിമന്റ് വില പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ ഫലപ്രദമായ ഇടപെടുലുകള്‍ നടത്തുന്നില്ലെന്ന് പരാതിയുണ്ട്. വില കൂട്ടുന്നതിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പല തവണ അധികൃതരെ കണ്ടിട്ടും ഫലമുണ്ടായില്ലെന്നാണ് കേരള സിമന്റ് ഡീലേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്. ഒരു ചാക്ക് സിമന്റിന് 50 രൂപ കൂടുമ്പോള്‍ സര്‍ക്കാറിന് നികുതിയിനത്തില്‍ 14 രൂപ കൂടുതലായി ലഭിക്കും. ഇതുവഴി സര്‍ക്കാറിന്റെ പ്രതിവര്‍ഷ വരുമാനത്തിലുണ്ടാകുന്നത് 20 കോടിയുടെ വര്‍ധനവാണ്. സിമന്റ് വില നിയന്ത്രണത്തില്‍ സര്‍ക്കാറിന്റെ തണുപ്പന്‍ നിലപാടിന് കാരണമിതാണെന്നാണ് അസോസിയേഷന്റെ ആരോപണം.

കേരളത്തില്‍ സിമന്റ് വില നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാറിന് നിയമപരമായി ചില പരിമിതികളുണ്ടെന്നാണ് രണ്ട് ദിവസം മുമ്പ് മന്ത്രി ഇ പി ജയരാജന്‍ നിയമസഭയില്‍ പറഞ്ഞത്. കേരളത്തില്‍ വില്‍ക്കുന്ന സിമന്റിന്റെ ബഹുഭൂരിഭാഗവും ഇതര സംസ്ഥാന കമ്പനികള്‍ ഉത്പാദിപ്പിക്കുന്നതാണ്. സംസ്ഥാന സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ മാത്രമേ സര്‍ക്കാറിന് ഇടപെടാന്‍ കഴിയൂ. വിലകുറക്കണമെന്ന് മറ്റു കമ്പനികളോട് നിര്‍ബന്ധിക്കാന്‍ നിയമപ്രകാരം സര്‍ക്കാറിന് കഴിയില്ല. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മലബാര്‍ സിമന്റ്‌സ് കുറഞ്ഞ വിലക്ക് സഹകരണ മേഖലയുടെ സഹകരണത്തോടെ എല്ലാ ഭാഗങ്ങളിലും ലഭ്യമാക്കുകയെന്നതാണ് ഏക പോംവഴി. ഇക്കാര്യത്തില്‍ ചെയ്യാനാകുന്നതിന്റെ പരമാവധി ചെയ്യും. വില കുറക്കണമെന്ന ആവശ്യവുമായി ഇതര സംസ്ഥാന കമ്പനികളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറയുന്നു. എന്നാല്‍ മലബാര്‍ സിമന്റിന്റെ വിഹിതം വിപണിയില്‍ അഞ്ച് ശതമാനത്തോളം മാത്രമാണെന്നിരിക്കെ അതുപയോഗപ്പെടുത്തി വിലവര്‍ധന തടയാനാകുമെന്ന പ്രതീക്ഷ അസ്ഥാനത്താണെന്നാണ് വ്യാപാരികളുടെ പക്ഷം. മലബാര്‍ സിമന്റ്‌സിന് കൂടുതല്‍ യൂനിറ്റുകള്‍ തുടങ്ങി ഉത്പാദനം വര്‍ധിപ്പിച്ചാല്‍ സ്വകാര്യ കമ്പനികളുടെ കൊള്ളലാഭത്തിന് ഒരു പരിധിവരെ തടയിടാനായേക്കും. എന്നാല്‍, ഇതിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് ഒരു വലിയ പ്രശ്‌നമാണ്. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് മൂലം കമ്പനിക്ക് നിലവിലുള്ള ശേഷി തന്നെ പരമാവധി ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നില്ല.

കമ്പി, മണല്‍ തുടങ്ങി നിര്‍മാണ മേഖലയിലെ മുഴുവന്‍ വസ്തുക്കള്‍ക്കും സമീപ കാലത്ത് വില ഉയര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ സിമന്റ് വിലയിലും ക്രമാതീതമായ വര്‍ധന വന്നതോടെ നിര്‍മാണ മേഖല പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാറിന്റെ മുമ്പിലുള്ള നവകേരള നിര്‍മാണ പദ്ധതിയെയും ഇതു ബാധിക്കും. കഴിഞ്ഞ ദിവസം കോഴിക്കോട് യോഗം ചേര്‍ന്ന സിമന്റ് വ്യാപാരികളുടെ സംഘടന കാര്യങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കാനും ഒരു മാസത്തിനകം വില നിയന്ത്രണത്തിന് സര്‍ക്കാര്‍ പ്രായോഗിക നടപടികള്‍ സ്വീകരിക്കുന്നില്ലെങ്കില്‍ സിമന്റ് കച്ചവടം നിര്‍ത്തിവെക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതോടെ നിര്‍മാണ മേഖല സ്തംഭിക്കും. സംസ്ഥാനത്തെ സിമന്റ് വില നിയന്ത്രിക്കുന്നതിന് പ്രൈസ് റഗുലേറ്ററി ബോര്‍ഡ് രൂപവത്കരിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു. ഈ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ എത്രയും പെട്ടെന്ന് പരിഹാരം കാണേണ്ടതുണ്ട്. കമ്മീഷന്‍ രൂപവത്കരിച്ച് ഉത്പാദന ചെലവിന്റെ അടിസ്ഥാനത്തില്‍ വില നിശ്ചയിക്കുകയും, ഗോഡൗണുകളില്‍ ഇടക്കിടെ മിന്നല്‍ പരിശോധന നടത്തി സിമന്റ് വന്‍തോതില്‍ സ്റ്റോക്കുണ്ടായിരിക്കെ തന്നെ കൃത്രിമക്ഷാമം സൃഷ്ടിക്കുന്ന പ്രവണതക്ക് തടയിടുകയും ചെയ്താല്‍ അനിയന്ത്രിതമായ വിലക്കയറ്റം തടയാനാകുമെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.

Latest