സോഷ്യലിസ്റ്റുകള്‍ ജെ പി മുതല്‍ ജയന്റ് കില്ലര്‍ വരെ

ഭരണത്തിന്റെ ആദ്യത്തെ മൂന്ന് വര്‍ഷം പിന്നിട്ടപ്പോഴേ സോഷ്യലിസ്റ്റ് പ്രതിപക്ഷത്തെ നിര്‍വീര്യമാക്കേണ്ടതിന്റെ അനിവാര്യത കുശാഗ്രബുദ്ധിയായ നെഹ്‌റു തിരിച്ചറിഞ്ഞു. അതിന്റെ നിറവേറ്റലായിരുന്നു 1955ല്‍ കോണ്‍ഗ്രസ് നടത്തിയ ആവഡി സോഷ്യലിസ്റ്റ് പ്രഖ്യാപനം. കോണ്‍ഗ്രസിന്റെ ലക്ഷ്യം സോഷ്യലിസ്റ്റ് സമൂഹം കെട്ടിപ്പടുക്കുക എന്നതാണെന്ന് നെഹ്‌റു പ്രഖ്യാപിച്ചു. മദ്രാസ് സംസ്ഥാനത്തിലെ ആവഡിയില്‍ യു എന്‍ ധേബാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ നെഹ്‌റു അവതരിപ്പിച്ച പ്രമേയത്തിലിങ്ങനെ പറയുന്നു. ഏതായാലും ഈ പ്രഖ്യാപനത്തോടെ നെഹ്‌റു ഒരു വെടിക്ക് രണ്ട് പക്ഷികളെ വീഴ്ത്തി. കോണ്‍ഗ്രസ് വിമുക്ത സോഷ്യലിസ്റ്റുകളെ ചിതറിക്കുക, സ്വന്തം പാര്‍ട്ടിയിലെ മുതലാളിത്ത പക്ഷക്കാരെ ഭീഷണിപ്പെടുത്തുക.
Posted on: February 7, 2019 10:07 am | Last updated: February 7, 2019 at 10:07 am

മഹാത്മാ ഗാന്ധി ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നു. ജവഹര്‍ലാല്‍ നെഹ്‌റു ഇന്ത്യക്ക് അഞ്ച് ഗാന്ധിമാരെ തന്നു. (ഇന്ദിരാ ഗാന്ധി, സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി,) ഇപ്പോഴിതാ ഒടുവിലായി പ്രിയങ്കാ ഗാന്ധിയും. പ്രിയങ്കാ വധേര എന്നായിരിക്കില്ല പ്രിയങ്കാഗാന്ധി എന്നായിരിക്കും ഈ ജനപ്രിയ രാഷ്ട്രീയക്കാരി അറിയപ്പെടുന്നത്. ഇന്ത്യന്‍ രാഷ്ട്രീയം കഴിഞ്ഞ അര നൂറ്റാണ്ടിലേറെക്കാലമായി സ്വയം പ്രകാശിക്കുന്ന നക്ഷത്രങ്ങളെ വലം വെക്കുന്ന പ്രകാശ രഹിത ഗോളങ്ങളുടെ ഒരു സംഘാതമാണ്. ചരിത്രം സൃഷ്ടിക്കുന്ന വ്യക്തികളിലല്ല വ്യക്തികള്‍ സൃഷ്ടിക്കുന്ന ചരിത്രത്തിലാണ് സാമാന്യ ജനങ്ങള്‍ക്ക് താത്പര്യം. അതറിയാവുന്നതു കൊണ്ടുതന്നെ ഈ വ്യക്തിപൂജാ രാഷ്ട്രീയത്തിനെതിരെ എത്ര വിമര്‍ശനം ഉന്നയിച്ചിട്ടും കാര്യമൊന്നുമില്ല. ഗുജറാത്തിന്റെ പൊന്നോമനപുത്രന്‍( ഗുജറാത്ത് കാ ലല്ലാ) എന്ന പ്രയോഗം അരുന്ധതിറോയിയുടേതാണ് (The ministry of utmost happines)െ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്ന പ്രിയങ്കാ ഗാന്ധി അടുത്ത തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാനൊന്നും പോകുന്നില്ലെങ്കില്‍ കൂടി അവര്‍ തീവ്രഹിന്ദുത്വ രാഷ്ട്രീയത്തിനൊരു ശക്തമായ വെല്ലുവിളി തന്നെ ആയിരിക്കും. അരുന്ധതിയുടെ അറ്റ്‌മോസ്റ്റ് ഹാപ്പിനസ് അടിയന്തരാവസ്ഥാനന്തര ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ദിശാബോധം നിര്‍ണയിച്ച അര ഡസന്‍ പ്രധാനമന്ത്രിമാരുടെ രാജ്യഭരണത്തിന്റെ ചരിത്രമാണ് പറയുന്നത്. അത് ഡല്‍ഹിയിലേയും കശ്മീരിലേയും തെരുവോര ജീവിതത്തിന് വിധിക്കപ്പെട്ട ബഹിഷ്‌കൃത മനുഷ്യര്‍ക്കനുഭവിക്കേണ്ടി വന്ന ജീവിത യാതനകളുടെ ചരിത്രം കൂടിയാണ.് ഇതിന്റെ അടിസ്ഥാനത്തില്‍ എഴുതിത്തുടങ്ങിയ ഈ ലേഖനം സ്വാഭാവികമായും ഇന്ദിരയില്‍ തുടങ്ങി മോദിയില്‍ അവസാനിക്കേണ്ടതായിരുന്നു. അപ്പോഴാണ് ഇന്ത്യയുടെ ചരിത്രത്തില്‍ നിന്നും മറ്റു നക്ഷത്രത്തിളക്കമുള്ള നേതാക്കന്മാരുടെ ഉന്തിതള്ളലോ കൈപിടിച്ചുയര്‍ത്തലോ കൂടാതെ നട്ടെല്ലിന്റെ പിന്‍ബലം കൊണ്ടു മാത്രം നേതൃപദവിയിലേക്കുയര്‍ന്ന് ചരിത്രം സൃഷ്ടിച്ച ഒരു ദേശീയ നേതാവ് കാലഗതിയടഞ്ഞ വാര്‍ത്ത മുന്നില്‍വന്നു പെടുന്നത്.
ദീര്‍ഘകാലമായി ഓര്‍മനഷ്ടപ്പെടല്‍ രോഗത്തിനിരയായി കഴിഞ്ഞ ജോര്‍ജ്‌ഫെര്‍ണാണ്ടസ്. അദ്ദേഹത്തെക്കുറിച്ചുള്ള നമ്മുടെ ഓര്‍മകളും നഷ്ടമായി കഴിഞ്ഞിരുന്നു. അദ്ദേഹം ഇടതും വലതും മാറി മാറി സാന്നിധ്യം അറിയിച്ചിരുന്ന ഒരു ഒറ്റയാനായിരുന്നു. അദ്ദേഹം ആള്‍ക്കൂട്ടത്തിന് പിന്നാലെ പോയില്ല. എന്നിട്ടും ആള്‍ക്കൂട്ടം അദ്ദേഹത്തോടൊപ്പം കൂടി.

1976ല്‍ ഇന്ദിരാ ഗാന്ധിയുടെ 21 മാസം നീണ്ടുനിന്ന അടിയന്തരാവസ്ഥാ കാലത്താണ് ജോര്‍ജ് ഫെര്‍ണാണ്ടസ് ആരാണെന്നു ജനം തിരിച്ചറിഞ്ഞത്. ഗാന്ധിജിയുടെ മാനസപുത്രനായി നെഹ്‌റു അവരോധിക്കപ്പെട്ടതിന്റെ തിളക്കത്തില്‍ മാധ്യമങ്ങള്‍ നടത്തിയ പൊതുബോധ നിര്‍മിതിയില്‍ സാമാന്യ ജനങ്ങളുടെ അബോധതലങ്ങളിലേക്ക് തള്ളപ്പെട്ട സാമൂഹിക പ്രതിബദ്ധതയുള്ള ഒട്ടേറെ നേതാക്കള്‍ നമുക്കുണ്ടായിരുന്നു. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് സോഷ്യലിസ്റ്റ് ആശയങ്ങളെ പുനര്‍ വ്യാഖ്യാനത്തിന് വിധേയമാക്കിയ രാം മനോഹര്‍ ലോഹ്യ, കമ്യൂണിസ്റ്റ് വിമതനായിരുന്ന എം എന്‍ റോയി ഇവരൊക്കെ അക്കാദമിക് പാഠപുസ്തകങ്ങളിലെ പാഠ്യവിഷയങ്ങളായി ഒതുക്കപ്പെട്ടു.
1952ലെ പ്രഥമ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടി അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് ഭരണത്തിലെ മുഖ്യപ്രതിപക്ഷം സോഷ്യലിസ്റ്റ് പാര്‍ട്ടിയായിരുന്നു. ഭരണത്തിന്റെ ആദ്യത്തെ മൂന്ന് വര്‍ഷം പിന്നിട്ടപ്പോഴേ ഈ സോഷ്യലിസ്റ്റ് പ്രതിപക്ഷത്തെ നിര്‍വീര്യമാക്കേണ്ടതിന്റെ അനിവാര്യത കുശാഗ്രബുദ്ധിയായ നെഹ്‌റു തിരിച്ചറിഞ്ഞു. അതിന്റെ നിറവേറ്റലായിരുന്നു 1955ല്‍ കോണ്‍ഗ്രസ് നടത്തിയ ആവഡി സോഷ്യലിസ്റ്റ് പ്രഖ്യാപനം. കോണ്‍ഗ്രസിന്റെ ലക്ഷ്യം സോഷ്യലിസ്റ്റ് സമൂഹം കെട്ടിപ്പടുക്കുക എന്നതാണെന്ന് നെഹ്‌റു പ്രഖ്യാപിച്ചു. മദ്രാസ് സംസ്ഥാനത്തിലെ ആവഡിയില്‍ യു എന്‍ ധേബാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ നെഹ്‌റു അവതരിപ്പിച്ച പ്രമേയത്തിലിങ്ങനെ പറയുന്നു. പ്രധാന ഉത്പാദനോപാധികള്‍ സമൂഹത്തിന്റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും ആയിരിക്കുന്നതും ഉത്പാദനം അനുക്രമം വര്‍ധിച്ചു വരുന്നതും ദേശീയ സമ്പത്ത് നീതിപൂര്‍വമായി വിതരണം ചെയ്യപ്പെട്ടിരിക്കുന്നതുമായ സോഷ്യലിസ്റ്റ് മാതൃകയിലുള്ള ഒരു സമൂഹം സ്ഥാപിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ഈ ലക്ഷ്യം ഇന്നും കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കാലത്ത് മാത്രം പുറത്തെടുക്കാറുള്ള ഒരു തുരുമ്പിച്ച ആയുധമായിരിക്കുന്നു. ഏതായാലും ഈ പ്രഖ്യാപനത്തോടെ നെഹ്‌റു ഒരു വെടിക്ക് രണ്ട് പക്ഷികളെ വീഴ്ത്തി. കോണ്‍ഗ്രസ് വിമുക്ത സോഷ്യലിസ്റ്റുകളെ ചിതറിക്കുക, സ്വന്തം പാര്‍ട്ടിയിലെ മുതലാളിത്ത പക്ഷക്കാരെ ഭീഷണിപ്പെടുത്തുക.

സോഷ്യലിസ്റ്റുകള്‍ ക്രമേണ നിര്‍വീര്യമാക്കപ്പെട്ടു. പാര്‍ട്ടി പല കഷണങ്ങളായി. അധികാരമോഹികളുടേയും അവസരവാദികളുടേയും കൂടാരമായി അതുമാറി. 1976ലെ അടിയന്തരാവസ്ഥയോടുള്ള പ്രതിരോധം എന്ന നിലയിലാണ് പിന്നീട് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ സോഷ്യലിസ്റ്റുകള്‍ വീണ്ടും ഒരുമിച്ചുകൂടുന്നത്. അതിന് മുമ്പു തന്നെ ജോര്‍ജ് ഫെര്‍ണാണ്ടസ് എന്ന മംഗലാപുരം ക്രിസ്ത്യാനി ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തില്‍ സജീവ സാന്നിധ്യമായി മാറിക്കഴിഞ്ഞിരുന്നു. 19-ാം വയസ്സില്‍ വൈദിക സെമിനാരി പരിശീലനത്തോട് വിടപറഞ്ഞ് ജോലി തേടി മുംബൈയിലെത്തി ബീച്ചുകളിലേയും പാര്‍ക്കുകളിലേയും വിശ്രമബഞ്ചുകളില്‍ കിടന്നുറങ്ങിയ ഒരു തെരുവ് ബാലന്‍. ഇടക്ക് പോലീസുകാര്‍ ലാത്തികൊണ്ട് കുത്തിയുണര്‍ത്തി എഴുന്നേല്‍പ്പിച്ചു വിട്ടിരുന്ന യുവാവ് എത്ര അത്ഭുതകരമായിട്ടായിരുന്നു ഇന്ത്യന്‍ തൊഴിലാളി പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനത്തേക്കുയര്‍ന്നത്! പ്ലാസിഡ്ഡിമെല്ലൊ, രാംമനോഹര്‍ലോഹ്യ എന്നിവരുമായി അടുത്തു. ചെറുകിട വ്യാപാരമേഖലയിലെ തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. മുംബൈ തൊഴിലാളി പ്രസ്ഥാനത്തിന്റെ നായകനെന്ന നിലയിലുയര്‍ന്നു. തൊഴിലുടമകളുമായുള്ള ഏറ്റുമുട്ടലുകളുടെ പേരില്‍ തുടര്‍ച്ചയായ ജയില്‍വാസം. 1961 മുതല്‍ 68 വരെ മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗത്വം. 1967ലെ പൊതുതിരഞ്ഞെടുപ്പില്‍ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച് കോണ്‍ഗ്രസിലെ മന്നാധിമന്നന്‍ എസ് കെ പാട്ടിലിനെ തോല്‍പ്പിച്ചതോടെ ഫെര്‍ണാണ്ടസ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തിളക്കമാര്‍ന്ന താരമായി. ജോര്‍ജ് ദി ജയന്റ് കില്ലര്‍ എന്നാണ് വിദേശപത്രങ്ങള്‍ ഈ വിജയത്തെ വിശേഷിപ്പിച്ചത്.
ബോംബെയെ ആകെ പിടിച്ചുലച്ച പണിമുടക്കിന്റെ നേതൃത്വം വഹിച്ചതിനെ തുടര്‍ന്ന് 1969ല്‍ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും 73ല്‍ പാര്‍ട്ടി ചെയര്‍മാനും ആയി. 1974 ലെ അഖിലേന്ത്യ റെയില്‍വേ ഫെഡറേഷന്റെ പ്രസിഡന്റായിരിക്കെ നടന്ന റെയില്‍വേ പണിമുടക്ക് ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു. പണിമുടക്ക് പിന്‍വലിച്ചെങ്കിലും കേസുകള്‍ തുടര്‍ന്നു. 30,000 തൊഴിലാളികള്‍ തടവിലായി. അടിയന്തരാവസ്ഥക്ക് പശ്ചാത്തലമൊരുക്കിയതും ഈ പണിമുടക്കായിരുന്നു എന്നു പറയാറുണ്ട്. ജനരോഷത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ സ്വേച്ഛാ പ്രമത്തരായ ഭരണാധികാരികള്‍ ഏറ്റവും ഒടുവിലായി പ്രയോഗിക്കുന്ന തന്ത്രമാണ് ഭരണഘടനയെ വന്ധ്യംകരിക്കുക. അധികാരം കൈപ്പിടിയിലൊതുക്കുക, എതിരാളികളെ നിഗ്രഹിക്കുക. ഇന്ദിരയും അതുതന്നെ ചെയ്തു. പ്രതിപക്ഷനേതാക്കള്‍ ഒന്നടങ്കം ജയിലിലടക്കപ്പെട്ടു. ഫെര്‍ണാണ്ടസ് പോലീസിന്റെ കണ്ണുവെട്ടിച്ച് വേഷപ്രച്ഛന്നനായി രാജ്യമെമ്പാടും നടന്നു. ഫെര്‍ണാണ്ടസിനെ കിട്ടാതെ വന്നപ്പോള്‍ സഹോദരനേയും നടിയും സുഹൃത്തുമായ സ്‌നേഹലതാറെഡ്ഡിയേയും അറസ്റ്റ് ചെയ്തു പീഡിപ്പിച്ചു. സ്‌നേഹലത പീഡനങ്ങളെ തുടര്‍ന്ന് മരണമടഞ്ഞു.

ഇതിനിടയിലായിരുന്നു ബറോഡ ഡയനാമീറ്റുകേസ് എന്ന ഒരു ഗൂഢാലോചനാ കുറ്റം ചുമത്തി അകത്താക്കപ്പെടുന്നത്. പ്രധാനമന്ത്രിയെ അപായപ്പെടുത്താനും സര്‍ക്കാറിനെ അട്ടിമറിക്കാനുമുള്ള വന്‍ ഗൂഢാലോചന എന്ന് ആരോപിച്ച് 1976 ജൂണ്‍ 10ന് ഫെര്‍ണാണ്ടസിനെ കല്‍ക്കത്തയില്‍ അറസ്റ്റുചെയ്തു. കണ്ണുമൂടികെട്ടി, കൈയ്യാമം വെച്ച് ഡല്‍ഹി പോലീസ് ക്യാമ്പിലെത്തിച്ചു. ഈ കേസിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ ദേഹോപദ്രവം ഏല്‍പ്പിക്കുകയോ ജീവന്‍ അപഹരിക്കുകയോ ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ആംനസ്റ്റി ഇന്റെര്‍ നാഷനലും ജര്‍മനി, ഓസ്‌ട്രേലിയ, നോര്‍വെ എന്നീ രാജ്യങ്ങളും ഔദ്യോഗിക തലത്തില്‍ തന്നെ ഇടപെട്ട് ഇന്ദിരാ ഗാന്ധിക്ക് ഒരു സന്ദേശമയച്ചു. തീഹാര്‍ ജയിലില്‍ തടവില്‍ കഴിയുമ്പോള്‍ ലോക സോഷ്യലിസ്റ്റു പ്രസ്ഥാനത്തിന്റെ നേതാക്കള്‍ പിന്തുണയുമായി ജയില്‍ സന്ദര്‍ശിച്ചു.

തീഹാര്‍ ജയിലില്‍ കിടന്നുകൊണ്ട് ഒരിക്കല്‍ പോലും വോട്ടര്‍മാരെ നേരില്‍ കാണാതെ ഫെര്‍ണാണ്ടസ് നേടിയ വിജയം ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തിയ ഒരേടാണ്. ജെ പി പ്രസ്ഥാനത്തിന്റെ കേന്ദ്രമായ മുസഫര്‍പൂര്‍ മണ്ഡലത്തില്‍ നിന്ന് മൂന്ന് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് അദ്ദേഹം പ്രഥമ ജനതാ സര്‍ക്കാറില്‍ വ്യവസായമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. പിന്നീട് വി പി സിംഗ് മന്ത്രിസഭയില്‍ റെയില്‍വേ മന്ത്രിയായി. വാജ്പയി മന്ത്രിസഭയില്‍ പ്രതിരോധ മന്ത്രിയായതോടെ ഫെര്‍ണാണ്ടസിന്റെ നേതൃപ്രഭാവത്തിന് മങ്ങലേറ്റു തുടങ്ങി. സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിലെ പടലപ്പിണക്കങ്ങളും നേതാക്കന്മാരുടെ തമ്മിലടിയും, സ്വത്തുസമ്പാദിക്കലിലും പങ്കുവെക്കലിലും ചെലുത്തേണ്ടിവന്ന അമിതമായ താത്പര്യവും ആ ജനനേതാവിന്റെ പടിയിറക്കത്തിന്റെ തുടക്കമായിരുന്നു. രാഷ്ട്രീയക്കാരന്റെ കുടുംബജീവിതത്തില്‍ സ്വാഭാവികമായി സംഭവിക്കാറുള്ള വ്യവസ്ഥയില്ലായ്മകള്‍ കൂടി ഒത്തുചേര്‍ന്നപ്പോള്‍ അതൊരു തലവേദനയായി. പ്രതിയോഗികള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ആരോപണങ്ങളുടെ പെരുമഴ തന്നെ പെയ്തു. അന്വേഷണ ഏജന്‍സികള്‍ കിണഞ്ഞു ശ്രമിച്ചിട്ടും ഒരന്വേഷണവും തെളിയിക്കാനായില്ല. സമതാ പാര്‍ട്ടിയുടെ രൂപവത്കരണം, ബിഹാര്‍ രാഷ്ട്രീയത്തിലേക്കുള്ള ഒതുങ്ങികൂടല്‍, ലാലുവുമായുള്ള പിണക്കം, 2009ലെ സീറ്റു നിഷേധവും സ്വതന്ത്രനായി മത്സരിച്ചുണ്ടായ തോല്‍വിയും എല്ലാം ചേര്‍ന്ന അധികാര രാഷ്ട്രീയത്തിന്റെ ധാര്‍ഷ്ട്യത്തിന് മുമ്പില്‍ ഒരിക്കലും വളയാത്ത ആ നട്ടെല്ലും, മനുഷ്യാവകാശങ്ങള്‍ക്കായി സദാ ചലിച്ചുകൊണ്ടിരുന്ന ആ നാവും നിര്‍ജീവമായി. പാര്‍ക്കിസണും അല്‍ഷിമേഴ്‌സും തുടങ്ങിയ രോഗങ്ങള്‍ തീഹാര്‍ ജയിലില്‍ ഇന്ദിരാ ഗാന്ധിയുടെ പോലീസുകാര്‍ ഏല്‍പ്പിച്ചതിലും അധികമായി, അദ്ദേഹത്തെ പീഡിപ്പിച്ചിരിക്കാം.

സെമിനാരി ജീവിതത്തോട് വിടപറഞ്ഞെങ്കിലും ഫെര്‍ണാണ്ടസ് ഒരു ക്രിസ്ത്യന്‍ അസ്തിത്വവാദിയായിരുന്നിരിക്കണം. അധഃസ്ഥിത ജീവിതങ്ങള്‍ക്കും അടിമകളാക്കപ്പെട്ടവര്‍ക്കും വിമോചനത്തിന്റെ പാത ചൂണ്ടിക്കാണിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട യേശുവിനാവശ്യം- ഉടയാത്ത കുപ്പായ ഭംഗിയില്‍ അഭിരമിക്കുന്ന പുരോഹിതന്മാരെയല്ല തെരുവോരങ്ങളില്‍ വിയര്‍പ്പൊഴുക്കി മനുഷ്യരെ വിമോചന സ്വപ്‌നങ്ങള്‍ കാണാന്‍ പ്രാപ്തരാക്കുന്ന രാഷ്ട്രീയ നേതാക്കന്മാരെയാണ് എന്ന തിരിച്ചറിവ് പ്രാപിച്ചതോടെ ആയിരിക്കുമല്ലോ ജോര്‍ജ് ഫെര്‍ണാണ്ടസ് സെമിനാരിയുടെ പടിയിറങ്ങിപോയതും രാഷ്ട്രീയത്തിന്റെ ഗോവണിപ്പടികള്‍ തരണം ചെയ്തതും. ക്രിസ്ത്യന്‍ അസ്തിത്വവാദികളുടെ ഗുരുവായിരുന്ന സോറണ്‍ കീര്‍ക്ക്ഗാര്‍ഡ് (1813-1855) പറഞ്ഞിട്ടുണ്ട്, മനുഷ്യന്‍ സ്വാതന്ത്ര്യത്തിനായി വിധിക്കപ്പെട്ടിരിക്കുന്നു,(Men are contempted to be free))ആത്മഹത്യക്കെതിരായ പ്രതിരോധമാണ് ജീവിതം(Life is a prevention of killing oneself)ഈ രണ്ട് തത്വങ്ങള്‍ കൊണ്ടും സ്വജീവിതം ധന്യമായി പൂര്‍ത്തീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടസ്. മക്കള്‍ക്കും മരുമക്കള്‍ക്കും സ്ഥാനമാനങ്ങള്‍ ഉറപ്പിക്കാനുള്ള നെട്ടോട്ട രാഷ്ട്രീയത്തില്‍ പെട്ടുഴലുന്ന പൊന്നോമനകള്‍ക്കും അമൂല്‍ ബേബിമാര്‍ക്കും ബദലായി ഇത്തരം ചില മനുഷ്യരെങ്കിലും ഉയര്‍ന്നു വരുമോ എന്നതാണ് 2019 ലെ പൊതു തിരഞ്ഞെടുപ്പിലേക്ക് കണ്ണുതുറന്നിരിക്കുന്ന ഇന്ത്യ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുന്നത്.

കെ സി വര്‍ഗീസ് 9447500628