ചരിത്രമെഴുതി ‘ഹിന്ദ് സഫര്‍’ പ്രയാണം

Posted on: February 6, 2019 3:09 pm | Last updated: February 6, 2019 at 3:09 pm

ബിഹാര്‍ എനിക്ക് കൂടുതല്‍ പരിചിതമായതോടെ, ഗ്രാമങ്ങളില്‍ വേണ്ടത്ര വിദ്യാഭ്യാസം ഉണ്ടാകാതെ സ്ഥിരസ്വഭാവമുള്ള യാതൊരു പ്രവര്‍ത്തനവും സാധ്യമല്ലെന്ന് എനിക്ക് ബോധ്യമായി. കര്‍ഷകരുടെ അറിവില്ലായ്മ പരിതാപകരമായിരുന്നു. അവര്‍ സ്വന്തം കുട്ടികളെ വെറുതെ അലഞ്ഞു നടക്കാന്‍ വിടുകയോ ഏതാനും ചെമ്പുതുട്ടുകള്‍ക്കായി രാവിലെ മുതല്‍ രാത്രി വരെ നീലത്തോട്ടങ്ങളില്‍ പണിയെടുപ്പിക്കുകയോ ചെയ്തു. അക്കാലത്ത് ആണാളുടെ കൂലി പത്ത് പൈസമുക്കാലിലും പെണ്ണാളുടേത് ആറ് പൈസമുക്കാലിലും കുട്ടിയുടേത് മൂന്ന് പൈസമുക്കാലിലും അധികമായിരുന്നില്ല. ദിവസം നാലണ സമ്പാദിക്കാന്‍ കഴിയുന്നവനെ ഏറ്റവും വലിയ ഭാഗ്യവാനായി കണക്കാക്കിപ്പോന്നു.

എന്റെ സ്‌നേഹിതന്മാരുമായി ആലോചിച്ച് ആറ് ഗ്രാമങ്ങളില്‍ പ്രൈമറി സ്‌കൂളുകള്‍ തുടങ്ങാന്‍ ഞാന്‍ തീരുമാനിച്ചു. ഗ്രാമീണരുമായി ഞങ്ങളുണ്ടാക്കിയ വ്യവസ്ഥകളിലൊന്ന് അധ്യാപകര്‍ക്ക് താമസ സൗകര്യവും ഭക്ഷണവും അവര്‍ നല്‍കണം, മറ്റു ചെലവുകള്‍ ഞങ്ങള്‍ വഹിക്കും എന്നതായിരുന്നു.
ഇതിനുമുമ്പ് പല യോഗങ്ങളില്‍ ഞാന്‍ വിവരിച്ച ഒരനുഭവം ഇവിടെ രേഖപ്പെടുത്തുന്നത് അസ്ഥാനത്താവുകയില്ല. ഞങ്ങളുടെ സ്‌കൂളുകളില്‍ ഒന്ന് സ്ഥിതി ചെയ്തിരുന്ന ചെറിയൊരു ഗ്രാമമാണ് ഭിതിഹര്‍വ്വ. അതിനടുത്തുള്ള കുറേക്കൂടി ചെറിയൊരു ഗ്രാമം ഞാന്‍ സന്ദര്‍ശിക്കാനിടയാകുകയും അവിടെയുള്ള സ്ത്രീകളില്‍ ചിലര്‍ വളരെ വൃത്തികേടായി വസ്ത്രം ധരിച്ചിരിക്കുന്നത് കാണുകയും ചെയ്തു. അപ്പോള്‍ എന്റെ ഭാര്യയോട് അവര്‍ വസ്ത്രം അലക്കാത്തതെന്താണെന്ന് ചോദിക്കാന്‍ പറഞ്ഞു. കസ്തൂര്‍ബാ അവരോട് ചോദിച്ചു. ആ സ്ത്രീകളിലൊരുവള്‍ അവരെ തന്റെ കുടിലിലേക്ക് കൂട്ടിക്കൊണ്ടുപോയിട്ട് പറഞ്ഞു: ‘നോക്കൂ, ഇവിടെ വേറെ വസ്ത്രങ്ങളുള്ള പെട്ടിയോ അലമാരയോ ഇല്ല. എനിക്കാകെയുള്ള സാരി ഈ ഉടുത്തിരിക്കുന്നതാണ്. ഞാനിതെങ്ങനെ അലക്കും? എനിക്ക് വേറൊരു സാരി തരാന്‍ മഹാത്മജിയോട് പറയൂ. അപ്പോള്‍ ഞാന്‍ ദിവസവും കുളിക്കുകയും വൃത്തിയുള്ള വസ്ത്രം ധരിക്കുകയും ചെയ്യാമെന്ന് വാക്കു തരാം’.

ഈ കുടില്‍ ഒരു അപവാദമായിരുന്നില്ല. പല ഇന്ത്യന്‍ ഗ്രാമങ്ങളിലും കാണുന്നതില്‍ ഒന്നുമാത്രം. ഇന്ത്യയിലെ അസംഖ്യം കുടിലുകളില്‍ യാതൊരു വീട്ടുസാമാനങ്ങള്‍ ഇല്ലാതെയും മാറാന്‍ വസ്ത്രമില്ലാതെയും നാണം മറയ്ക്കാന്‍ ഒരു പഴന്തുണിക്കഷ്ണം മാത്രം ധരിച്ചും ആളുകള്‍ കഴിയുന്നുണ്ട്.
(എന്റെ സത്യാന്വേഷണ പരീക്ഷണകഥ, എം കെ ഗാന്ധി, പേജുകള്‍: 422, 425, 426)

ഇന്ത്യയെ അറിയുക ഗ്രാമങ്ങളില്‍ നിന്നാണ്. അവിടെയാണ് രാജ്യത്തിന്റെ സത്ത നിലകൊള്ളുന്നത്. സൂചികാ റിപ്പോര്‍ട്ടുകള്‍ക്കപ്പുറം ഈ മഹാരാജ്യം എന്താണ് എന്ന് മനസ്സിലാക്കാനും അതുവഴി അവശ്യം വേണ്ട കര്‍മപദ്ധതികള്‍ തയ്യാറാക്കാനും ജനജീവിതത്തെ അടുത്തുനിന്ന് അനുഭവിക്കേണ്ടതുണ്ട്. പലപ്പോഴും ഭാവനയില്‍ കാണാന്‍ പോലും സാധിക്കാത്ത, നമ്മുടെ പരിസരത്തൊന്നും പരിചിതമല്ലാത്ത എത്രയോ യാഥാര്‍ഥ്യങ്ങള്‍ ഓരോ ഗ്രാമത്തിലും നഗര പുറമ്പോക്കിലുമുണ്ട്. ഇന്ത്യയുടെ ഓരോ ദിക്കിലും അതിരിലും ഓരോ ജീവിതമാണ്. സാമൂഹികമായ തട്ടുകള്‍, സാമ്പത്തിക നിലകള്‍, വിദ്യാഭ്യാസ തോതുകള്‍, സാംസ്‌കാരിക വ്യത്യാസങ്ങള്‍ തുടങ്ങി ജീവിതത്തിന്റെ വിവിധ ഭേദങ്ങളെയാണ് ഇവിടെ കാണാന്‍ സാധിക്കുക. അവ അടുത്തറിഞ്ഞുകൊണ്ടു മാത്രമേ, ഓരോ ദേശത്തിനും അനുഗുണമായ രീതിയില്‍ ജീവിത പദ്ധതികള്‍ അവതരിപ്പിക്കാന്‍ സാധിക്കൂ. അത്തരമൊരു, അടുത്തറിയല്‍ പദ്ധതിയാണ് ജനുവരി 12ന് ജമ്മു കശ്മീരില്‍ നിന്ന് ആരംഭിച്ച്, പഞ്ചാബും രാജസ്ഥാനും ഹരിയാനയും ഡല്‍ഹിയും ഉത്തര്‍ പ്രദേശും മധ്യപ്രദേശും പിന്നിട്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും കടന്ന് മഹാരാഷ്ട്ര, ഒഡീഷ, ആന്ധ്രാപ്രദേശ് പിന്നിട്ട് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലൂടെ കോഴിക്കോട്ട് സമാപിക്കുന്ന ‘ഹിന്ദ് സഫര്‍’. ഫെബ്രുവരി 23, 24, 25 തീയതികളില്‍ ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ നടക്കുന്ന ദേശീയ വിദ്യാര്‍ഥി സമ്മേളനത്തിന്റെ ഭാഗമായി എസ് എസ് എഫ് ദേശീയ കമ്മിറ്റിയാണ് സാക്ഷര സൗഹൃദ ഇന്ത്യ എന്ന പ്രമേയത്തില്‍ പദയാത്ര സംഘടിപ്പിച്ചത്.

ഇന്ത്യയുടെ സാക്ഷരത 74.04 ശതമാനം ആണ്. ഗ്രാമീണ മേഖലയില്‍ 68.9 ശതമാനവും നഗരപ്രദേശങ്ങളിലാകട്ടെ 85.0 ശതമാനവുമാണ്. അതായത്, നഗരത്തെ അപേക്ഷിച്ച് ഗ്രാമീണ മേഖലയിലെ നിരക്ഷരത ഏറെ ഉയര്‍ന്ന നിലയിലാണ്. മാത്രമല്ല, പല പിന്നാക്ക പ്രദേശങ്ങളിലും വിദ്യാര്‍ഥികള്‍ ഇടക്കുവെച്ച് പഠനം അവസാനിപ്പിക്കുന്നതും വര്‍ധിച്ചുവരികയാണ്. ഇവക്കൊക്കെ പുറമെയാണ് ധാര്‍മിക വിദ്യാഭ്യാസത്തിന്റെ പോരായ്മ. ഈ പശ്ചാത്തലത്തിലാണ് സാക്ഷര സൗഹൃദ ഇന്ത്യ എന്ന പ്രമേയത്തിന് പ്രസക്തി വര്‍ധിക്കുന്നത്. പലപ്പോഴും ചില തീവ്ര വിഷയങ്ങള്‍ക്ക് ചുറ്റും കറങ്ങുന്ന നിലയിലാണ് ഇന്ത്യന്‍ മുസ്‌ലിംകളുടെ അവസ്ഥ പരിചയപ്പെടുത്താറുള്ളത്. അതില്‍ കശ്മീരും ഗുജറാത്തും മുസഫര്‍നഗറും ബാബരിയുമെല്ലാം ഉള്‍പ്പെടും. അത്തരം വിഷയങ്ങളെ മാത്രം അഭിസംബോധന ചെയ്ത് തത്പരകക്ഷികള്‍ വോട്ട്‌ബേങ്ക് ഉറപ്പിക്കുമ്പോള്‍, മുസ്‌ലിം ജനസാമാന്യത്തിന് നഷ്ടപ്പെടുന്നത് വിദ്യാഭ്യാസപരമായും സാമൂഹികപരമായും ഉയരാനുള്ള അവസരങ്ങളാണ്. മാത്രമല്ല, വിദ്യാഭ്യാസത്തിന്റെയും ധാര്‍മികബോധത്തിന്റെയും യഥാര്‍ഥ ഉറവിടങ്ങളില്‍ നിന്ന് മതം പഠിക്കാനുള്ള അവസരങ്ങളുടെയും അഭാവം കാരണം തീവ്രസംഘടനകളില്‍ യുവത്വം ഈയാംപാറ്റ കണക്കെ വീഴുകയും ചെയ്യുന്നു. ഇടക്കാലത്ത് അത്തരം തീവ്രസംഘടനകളിലേക്ക് മുസ്‌ലിം യുവത്വം വഴുതിവീണെങ്കിലും നിലവില്‍ സ്ഥിതി ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസത്തിലൂടെ രാഷ്ട്ര നിര്‍മാണത്തിന് ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്ന മഹാദൗത്യം നിര്‍വഹിക്കുന്ന ജമ്മു കശ്മീരിലെ യെസ് ഇന്ത്യ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ തന്നെ ഇതിന് ഉദാഹരണങ്ങളാണ്. കശ്മീരില്‍ മാത്രമല്ല, ബംഗാളും ഝാര്‍ഖണ്ഡും അസാമും മണിപ്പൂരും ബിഹാറും രാജസ്ഥാനും ഗുജറാത്തും ഒഡീഷയും മധ്യപ്രദേശും അടക്കമുള്ള രാജ്യത്തിന്റെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും വിദ്യാഭ്യാസ വിപ്ലവങ്ങള്‍ സൃഷ്ടിക്കുന്ന സ്ഥാപനങ്ങള്‍, കേരളം ആസ്ഥാനമായ സുന്നിപ്രസ്ഥാനങ്ങളുടെതായിട്ടുണ്ട്. അതിന് ശക്തിപകരുന്നതാണ് എസ് എസ് എഫിന്റെ ദേശീയ വിദ്യാര്‍ഥി സമ്മേളനവും ഹിന്ദ് സഫറും.

ഹരിയാനയിലെ ബല്ലാബ്ഗഢ് ജില്ലയിലെ ഖന്ദാവാലി ഗ്രാമം, ഉത്തര്‍ പ്രദേശിലെ ദാദ്രിക്കടുത്ത ബിസാര ഗ്രാമം, ഹരിയാനയിലെ നൂഹും രാജസ്ഥാനിലെ അല്‍വാറും, ഝാര്‍ഖണ്ഡിലെ ലത്തേഹാര്‍ ജില്ലയിലെ ബലൂമത്. ഈ സ്ഥലനാമങ്ങള്‍ ചില പ്രതീകങ്ങളാണ്. ഫാസിസത്തിന്റെ അപരത്വനിര്‍മിതിയിലൂടെ നിരപരാധികളുടെ ചോര ചിന്തിയ ഇടങ്ങള്‍. മുസ്‌ലിം ജനതയെ പരമാവധി ഒറ്റപ്പെടുത്തി ഭയപ്പെടുത്താനുള്ള തിരക്കഥകള്‍ അരങ്ങേറിയ സ്ഥലങ്ങള്‍. സഹോദരനും സുഹൃത്തുക്കള്‍ക്കുമൊപ്പം പെരുന്നാള്‍ വസ്ത്രങ്ങളുമായി ഡല്‍ഹിയില്‍ നിന്ന് വരുന്ന വഴി മുസ്‌ലിമായതിന്റെ പേരില്‍ മാത്രം ജീവന്‍ നഷ്ടപ്പെട്ട മുഹമ്മദ് ജുനൈദിന്റെ ജന്മനാടാണ് ഹരിയാനയിലെ ഖന്ദാവാലി ഗ്രാമം. വീട്ടില്‍ പശു ഇറച്ചി സൂക്ഷിച്ചിട്ടുണ്ടെന്ന നുണപ്രചാരണത്തിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ട അഖ്‌ലാഖിന്റെ നാട് ദാദ്രിക്കടുത്ത ബിസാരയായിരുന്നു. രാജസ്ഥാനിലെ അല്‍വാറില്‍ വെച്ചാണ് ഹരിയാനയിലെ നൂഹ് ജില്ലക്കാരനായ പെഹ്‌ലു ഖാനെ, പശുക്കളെ കശാപ്പ് ചെയ്യാന്‍ കൊണ്ടുപോകുകയാണെന്ന കള്ളത്തിന്റെ പിന്‍ബലത്തില്‍ സംഘ്പരിവാറുകാര്‍ കൊന്നത്. പശുസംരക്ഷകര്‍ എന്ന പേരില്‍ ഒരു സംഘം മസ്‌ലും അന്‍സാരി, ഇംതിയാസ് ഖാന്‍ എന്നീ കന്നുകാലി കച്ചവടക്കാരെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കിയത് ഝാര്‍ഖണ്ഡിലെ ലത്തേഹാര്‍ ജില്ലയിലെ ബലുമാത് വനപ്രദേശത്തായിരുന്നു. ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ പ്രയോക്താക്കളാല്‍ കൊല്ലപ്പെട്ട നിരപരാധികളുടെ ബന്ധുക്കളെ ആശ്വസിപ്പിച്ചും നാട്ടുകാര്‍ക്ക് ധൈര്യം പകര്‍ന്നുമാണ് ഹിന്ദ് സഫര്‍ കടന്നുപോയത്. പ്രതികാര ബുദ്ധിയല്ല, മറിച്ച് വിദ്യാഭ്യാസത്തിലൂടെ ഉന്നതി പ്രാപിക്കുകയും തദ്വാരാ, സാമൂഹിക പ്രബുദ്ധത കൈവരിച്ച് എതിരാളികളെ പോലും വരുതിയിലാക്കാനുമുള്ള കരവിരുത് സ്വായത്തമാക്കുക എന്ന സന്ദേശമാണ് നേതാക്കള്‍ പകര്‍ന്നുനല്‍കിയത്. ഇത്തരം കൊലപാതകങ്ങളിലൂടെ ഫാസിസ്റ്റുകള്‍ ലക്ഷ്യം വെക്കുന്നത്, മുസ്‌ലിം സമൂഹത്തില്‍ പരമാവധി പ്രകോപനവും സാമുദായിക ധ്രുവീകരണവും സൃഷ്ടിക്കലാണെന്നും അങ്ങനെ, വിദ്യാഭ്യാസ പരമായും സാമൂഹികമായും പിന്നോട്ടടിപ്പിക്കലാണെന്നുമുള്ള ബോധം മുസ്‌ലിം യുവസമൂഹത്തില്‍ തന്നെ ഉടലെടുക്കാന്‍ പാകത്തിലുള്ള സാംസ്‌കാരിക ഉന്നമനമാണ് ഇന്ത്യയിലെ ഓരോ മുസ്‌ലിമിനുമുണ്ടാകേണ്ടത്. അതിലേക്കുള്ള ചവിട്ടുപടിയായാണ് ഇത്തരം ജാഗരണ പ്രവര്‍ത്തനങ്ങള്‍. മുസ്‌ലിം യുവത്വത്തെ തീവ്രവാദ സംഘടനകളിലേക്ക് തള്ളിവിടാനുള്ള കുതന്ത്രങ്ങളാണ് ഫാസിസ്റ്റുകള്‍ നിരപരാധികളുടെ ചോരയിലൂടെ ലക്ഷ്യംവെക്കുന്നതെന്ന ബോധം മുസ്‌ലിം സമൂഹത്തില്‍ ഉടലെടുക്കുമ്പോള്‍ എതിരാളികള്‍ ഇളിഭ്യരും നിഷ്പ്രഭരുമാകുന്നു. അത്തരം ബോധങ്ങളും സന്ദേശങ്ങളും പകര്‍ന്നുനല്‍കാനുള്ള എളിയ ഉദ്യമമായി ഹിന്ദ് സഫറിനെ ചരിത്രം അടയാളപ്പെടുത്തും.

ജനുവരിയിലെ മൈനസ് ഡിഗ്രി താപനിലയിലാണ് ധാര്‍മിക വിപ്ലവ കര്‍മ ഭടന്മാര്‍ ഇത്തരമൊരു ഉദ്യമത്തിന് കശ്മീരിലെ വിശ്വപ്രസിദ്ധ ഹസ്‌റത്ത് ബാല്‍ മസ്ജിദ് അങ്കണത്തില്‍ നിന്ന് തുടക്കം കുറിക്കുന്നത്. പാരമ്പര്യ സൂഫീ മാര്‍ഗത്തെ അവലംബിച്ചുള്ള ഈ മഹാപ്രയാണം, അജ്മീര്‍ ശരീഫിലൂടെ നിസാമുദ്ദീന്‍ ഔലിയയുടെ സന്നിധിയിലൂടെ ബറേലിയിലെ അഹ്മദ് രിളാഖാന്‍ (റ)ന്റെ ചാരത്തുകൂടെ ബിഹാറിലെ അല്ലാമത്തുല്‍ മുനീരി (റ)യുടെ ആശീര്‍വാദം തേടിയുമൊക്കെയാണ് കടന്നുപോയത്. അഥവാ, ജീവിതം കൊണ്ട് ഭാരതത്തിന്റെ ഹൃദയത്തില്‍ സ്ഥാനം നേടിയ ആത്മീയാചാര്യന്മാരാണ് എക്കാലത്തും ഈ നാട്ടിലെ മുസ്‌ലിംകള്‍ക്ക് മാതൃക. അവരുടെ കാലടികളാണ് നമ്മുടെ ബ്ലൂപ്രിന്റ് എന്ന ഉറച്ച ബോധ്യത്തിന്റെ പ്രസരണമാണ് ഹിന്ദ് സഫര്‍ മുന്നോട്ടുവെച്ചത്.

സി കെ റാഷിദ് ബുഖാരി
(എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ്)