അസം പൗരത്വ പട്ടിക: കേന്ദ്ര സര്‍ക്കാറിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശം

Posted on: February 5, 2019 8:32 pm | Last updated: February 5, 2019 at 11:11 pm

ന്യൂഡല്‍ഹി: അസം പൗരത്വ പട്ടിക (എന്‍ ആര്‍ സി) പൂര്‍ത്തീകരിക്കുന്ന പ്രക്രിയക്ക് കൂടുതല്‍ സമയം തേടിയ കേന്ദ്ര സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. കേന്ദ്ര സായുധ പോലീസ് സേനക്ക് (സി എ പി എഫ്) തിരഞ്ഞെടുപ്പു ജോലികളില്‍ ഏര്‍പ്പെടേണ്ട സാഹചര്യം മുന്‍നിര്‍ത്തി പട്ടിക തയാറാക്കുന്നത് താത്കാലികമായി നിര്‍ത്തിവെക്കുന്നതിനാണ് സര്‍ക്കാര്‍ അനുമതി തേടിയത്. എന്നാല്‍, പട്ടിക പൂര്‍ത്തീകരിക്കുന്നതിന് നേരത്തെ നല്‍കിയ ജൂലൈ 31 എന്ന സമയ പരിധി നീട്ടാനാകില്ലെന്ന് കോടതി ആവര്‍ത്തിച്ചു വ്യക്തമാക്കി.

പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കേന്ദ്രം താത്പര്യം കാണിക്കുന്നില്ലെന്നും പ്രക്രിയയെ തകര്‍ക്കുവാനാണ് ആഭ്യന്ത്ര മന്ത്രാലയം ശ്രമിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് റോഹിന്‍ടണ്‍ എഫ് നരിമാന്‍ എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി. എ ജിയും എസ് ജിയും കൃത്യമായ ധാരണയില്ലാതെയാണ് കോടതിയിലെത്തിയതെന്നും ആഭ്യന്തര സെക്രട്ടറിയെ വിളിച്ചുവരുത്തേണ്ടി വരുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. മാര്‍ച്ച് ആദ്യ വാരത്തില്‍ കോടതി കേസ് വീണ്ടു പരിഗണിക്കും.

സംസ്ഥാനത്തെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനാണ് പൗരത്വ പട്ടിക തയാറാക്കുന്നത്.