ധര്‍ണ അവസാനിപ്പിച്ചു; ജനാധിപത്യത്തിന്റെ വിജയമെന്ന് മമത

Posted on: February 5, 2019 7:16 pm | Last updated: February 5, 2019 at 10:31 pm

കൊല്‍ക്കത്ത: രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രണ്ടു ദിവസമായി നടത്തിവന്ന ധര്‍ണ അവസാനിപ്പിച്ചു. കൊല്‍ക്കത്ത മെട്രോക്കു മുമ്പില്‍ നടത്തിയ സമരമാണ് ഇന്ന് വൈകിട്ടോടെ അവസാനിപ്പിച്ചത്.
ധര്‍ണ ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും വിജയമാണെന്നും കൊല്‍ക്കത്ത സിറ്റി പോലീസ് കമ്മീഷണര്‍ക്കെതിരായ സി ബി ഐ നടപടികളുമായി ബന്ധപ്പെട്ടുള്ള സുപ്രീം കോടതി വിധി പ്രതീക്ഷയുളവാക്കുന്നതാണെന്നും മമത പറഞ്ഞു.

പ്രതിഷേധം അടുത്ത ആഴ്ച മുതല്‍ ഡല്‍ഹിയിലേക്കു മാറ്റും.
സംസ്ഥാനത്തിന്റെ ഉള്‍പ്പടെയുള്ള അന്വേഷണ ഏജന്‍സികളെ വരുതിയിലും നിയന്ത്രണത്തിലുമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രധാന മന്ത്രി പദവിയില്‍ നിന്ന് രാജിവെച്ച് ഗുജറാത്തിലേക്കു പോകാന്‍ നരേന്ദ്ര മോദ് തയാറാവണം. ഒറ്റയാള്‍ സര്‍ക്കാറും ഒറ്റ കക്ഷി സര്‍ക്കാറുമൊക്കെ അവിടെ മാത്രമേ നടക്കൂ. ധര്‍ണയുടെ സമാപന പ്രസംഗത്തില്‍ മമത പറഞ്ഞു.

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ബിഹാര്‍ രാഷ്ട്രീയ ജനതാദള്‍ തലവന്‍ തേജ്‌സ്വി യാദവ് എന്നിവര്‍ വേദിയിലുണ്ടായിരുന്നു. പല നേതാക്കളും ഫോണില്‍ വിളിച്ച് മമതയുടെ നീക്കങ്ങള്‍ക്ക് പിന്തുണ അറിയിച്ചു.