Connect with us

Malappuram

സക്കരിയയുടെ കാരാഗൃഹവാസത്തിന് ഒരു പതിറ്റാണ്ട്; മോചനം ഇനിയുമകലെ

Published

|

Last Updated

പരപ്പനങ്ങാടി: നീതി നിഷേധിക്കപ്പെട്ട് വിചാരണാ തടവുകാരനായി ജയിലറയില്‍ കഴിയുന്ന സക്കരിയയുടെ കാരാഗൃഹവാസം ഒരു പതിറ്റാണ്ട് പിന്നിടുന്നു. പരപ്പനങ്ങാടി വാണിയപറമ്പത്ത് കോണിയത്ത് സക്കരിയയാണ് ഭരണകൂട ഭീകരതയുടെ കരാളഹസ്തങ്ങളില്‍പ്പെട്ട് താന്‍ ചെയ്ത തെറ്റെന്തെന്ന് അറിയാതെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയന്നത്. സക്കരിയയുടെ കാരാഗൃഹവാസത്തിന് ഇന്നേക്ക് ഒരു പതിറ്റാണ്ട് തികയുകയാണ്. 2009 ഫെബ്രവരി അഞ്ചിനാണ് കര്‍ണാടക പോലീസ് ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതി ചേര്‍ത്ത് സക്കരിയയെ ജോലി സ്ഥലമായ തിരൂരില്‍ നിന്നും കര്‍ണാടകയിലേക്ക് അറസ്റ്റ് ചെയ്തു കൊണ്ടുപോയത്.

സക്കരിയ നാല് മാസത്തോളം ജോലി ചെയ്തിരുന്ന മൊബൈല്‍ ഷോപ്പില്‍ വെച്ചാണ് ബെംഗളൂരു സ്‌ഫോടനത്തിന് ഉപയോഗിച്ച റിമോട്ട് നിര്‍മിച്ചതെന്നും ഈ സമയത്ത് സക്കരിയ ഇവിടെ ജോലി ചെയ്തിരുന്നുവെന്നുമാണ് കര്‍ണാടക പോലീസിന്റെ ഭാഷ്യം. 2008ലാണ് സ്‌ഫോടനം നടന്നത്. താന്‍ എന്ത് തെറ്റാണ് ചെയ്തതെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ ഒരു പതിറ്റാണ്ടായി കര്‍ണാടക ജയിലില്‍ വിചാരണത്തടവുകാരനായി കഴിയുകയാണ് സകരിയ. 18ാം വയസ്സില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് സക്കരിയ്യയെ ജയിലിലടച്ചത്. കേസിന്റെ സക്ഷി വിസ്താരം പൂര്‍ത്തിയായിട്ടും സക്കരിയക്കെതിരെ ഒരു സാക്ഷിയെ പോലും ഹാജരാക്കാന്‍ പോലീസിനായിട്ടില്ല.
ജാമ്യവും അന്തിമവിധിയും ലഭിക്കാതെ നാളുകളെണ്ണി കഴിയുകയാണ് സക്കരിയ. മകന്റെ മോചനത്തിനായി മനമുരുകി പ്രാര്‍ഥനയിലാണ് മാതാവ് കോണിയത്ത് ബിയ്യുമ്മ. മകന്റെ ജയില്‍ വാസം ബിയ്യുമ്മക്ക് ഉറക്കമില്ലാത്ത നാളുകളാണ് സമ്മാനിച്ചത്.

പത്ത് വര്‍ഷത്തിനിടയില്‍ രണ്ട് തവണയാണ് സക്കരിയക്ക് ജാമ്യം ലഭിച്ചത്. ആദ്യം തന്റെ സഹോദരന്‍ മുഹമ്മദ് ശരീഫിന്റെ വിവാഹത്തില്‍ പങ്കെടുക്കാനും രണ്ടാമതായി അതേ സഹോദരന്റെ ആകസ്മിക വിയോഗത്തില്‍ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാനുമാണ് നാട്ടിലെത്തിയത്. സക്കരിയക്ക് നീതി ലഭിക്കുന്നതിന് നാട്ടുകാരും മനുഷ്യാവകാശ പ്രവര്‍ത്തകരൂം സുഹൃത്തുക്കളും ഫ്രീ സക്കരിയ ആക്ഷന്‍ ഫോറം രൂപവത്കരിച്ചു പ്രവര്‍ത്തിച്ചുവരുന്നു. ഇതിനകം നിരവധി പ്രക്ഷോഭങ്ങളും മനുഷ്യാവകാശ സമ്മേളനങ്ങളും നടത്തി കഴിഞ്ഞു. കൂടാതെ സംഭവത്തില്‍ സര്‍ക്കാറുകളുടെ ശ്രദ്ധക്ഷണിക്കലിന്റെ ഭാഗമായി നിയമസഭയിലും പാര്‍ലിമെന്റിലും സബ്മിഷനുകള്‍ ഉന്നയിക്കുക പോലുമുണ്ടായി. സക്കരിയയുടെ വിചാരണ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് പരപ്പനങ്ങാടി പയനിങ്ങല്‍ ജംഗ്ഷനില്‍ ഇന്ന് വൈകിട്ട് അഞ്ചിന് “ഭരണകൂട ഭീകരതയുടെ പത്ത് വര്‍ഷങ്ങള്‍” എന്ന പേരില്‍ പ്രതിഷേധ സംഗമം നടത്തും. സംഗമത്തില്‍ സക്കരിയയുടെ അഭിഭാഷകന്‍ അഡ്വ. ബാലന്‍, കെ കെ സുഹൈല്‍, മുജീബുറഹ്മാന്‍ അസ്‌ലമി, കെ സാദിഖ് ഉളിയില്‍, ശിഫാ അശ്്‌റഫ് പങ്കെടുക്കും.