പ്രതിഷേധ വേദിയില്‍ മന്ത്രിസഭാ യോഗം വിളിച്ചു ചേര്‍ത്ത് മമത

Posted on: February 4, 2019 3:34 pm | Last updated: February 4, 2019 at 7:10 pm

ന്യൂഡല്‍ഹി: കൊല്‍ക്കത്ത സിറ്റി പോലീസ് കമ്മീഷണറെ ചോദ്യം ചെയ്യാനെത്തിയ സി ബി ഐ നടപടിയില്‍ പ്രതിഷേധിച്ച് നടത്തുന്ന ധര്‍ണയുടെ വേദിയില്‍ മന്ത്രിസഭാ യോഗം വിളിച്ചു ചേര്‍ത്ത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സംസ്ഥാന ബജറ്റുമായി ബന്ധപ്പെട്ട മന്ത്രിസഭാ യോഗമാണ് ഇവിടെ നടത്തിയത്. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം സംരക്ഷിക്കുകയെന്ന ആവശ്യമുന്നയിച്ചാണ് മമതയും മുതിര്‍ന്ന മന്ത്രിമാരും ചേര്‍ന്ന് ധര്‍ണ നടത്തുന്നത്.

വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കളായ രാഹുല്‍ ഗാന്ധി, അഖിലേഷ് യാദവ്, അരവിന്ദ് കെജ് രിവാള്‍, തേജസ്വി യാദവ്, ചന്ദ്രബാബു നായിഡു, ഉമര്‍ അബ്ദുല്ല, അഹ്മദ് പട്ടേല്‍, എം കെ സ്റ്റാലിന്‍ തുടങ്ങിയവര്‍ മമതയെ വിളിച്ച് സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രതിയോഗികളെ അമര്‍ത്താന്‍ ബി ജെ പി സര്‍ക്കാര്‍ സി ബി ഐയെ ദുരുപയോഗം ചെയ്യുകയാണെന്ന് അവര്‍ ആരോപിച്ചു. അതിനിടെ, മമതയുടെ സമരത്തിന് പിന്തുണയര്‍പ്പിച്ച് ഗൂര്‍ഖ ജനമുക്തി മോര്‍ച്ച ഡാര്‍ജിലിങ്ങില്‍ കൂറ്റന്‍ റാലി നടത്തി.