Connect with us

National

ഋഷികുമാര്‍ ശുക്ല പുതിയ സിബിഐ ഡയറക്ടർ

Published

|

Last Updated

ന്യൂഡല്‍ഹി: മധ്യപ്രദേശ് മുന്‍ പോലീസ് ചീഫ് ഋഷികുമാര്‍ ശുക്ലയെ പുതിയ സിബിഐ ഡയറക്ടറായി നിയമിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സെലക്ട് കമ്മിറ്റിയുടെതാണ് തീരുമാനം. കമ്മിറ്റി അംഗവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗേയുടെ എതിര്‍പ്പിനെ അവഗണിച്ചാണ് ശുക്ലക്ക് നിയമനം നല്‍കാന്‍ തീരുമാനിച്ചത്.

1983 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് ശുക്ല. 30 പേരുടെ പട്ടികയില്‍ നിന്നാണ് ശുക്ലയുടെ പേര് അന്തിമമായി തിരഞ്ഞെടുത്തത്. രണ്ട് വർഷത്തേക്കാണ് നിയമനം. 1984 ബാച്ച് ഐപിഎസ് ഓഫീസര്‍മാരായ ജാവീദ് അഹമ്മദ്, രജനി കാന്ത് മിശ്ര, എസ് എസ് ദേസ്വാള്‍ എന്നിവരുടെ പേരാണ് അവസാന ഘട്ടത്തിൽ ഡയറക്ടര്‍ സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ടിരുന്നത്.

സിബിഐ തലപ്പത്തെ ചേരിപ്പോരിനൊടുവില്‍, മേധാവിയായിരുന്ന അലോക് വര്‍മയെ കേന്ദ്ര സര്‍ക്കാര്‍ പുറത്താക്കിയതോടെയാണ് സിബിഐ ഡയറക്ടര്‍ പോസ്റ്റില്‍ ഒഴിവ് വന്നത്. തന്നെ പുറത്താക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് എതിരെ അലോക് വര്‍മ സുപ്രീം കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടി പദവിയില്‍ തിരിച്ചുവരികയും ചെയ്തിരുന്നു. എന്നാല്‍ രണ്ട് ദിവസത്തിനകം തന്നെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സെലക്ഷന്‍ കമ്മിറ്റി ചേര്‍ന്ന് അദ്ദേഹത്തെ വീണ്ടും പുറത്താക്കി. ഇതോടെ അദ്ദേഹം സിബിഐയില്‍ നിന്ന് സ്വയം വിരമിക്കുകയായിരുന്നു.

തുടര്‍ന്ന് എം നാഗേശ്വര്‍ റാവുവിന് സിബിഐ ഡയറക്ടറുടെ താത്കാലിക ചുമതല നല്‍കിയിരുന്നു. എന്നാല്‍ സ്ഥിരം ഡയറക്ടറെ നിയമിക്കുന്നത് വൈകിയതോടെ സുപ്രിം കോടതി വെള്ളിയാഴ്ച കേന്ദ്രത്തെ വിമര്‍ശിച്ചു. ഇതിന് പിന്നാലെ ഇന്നലെ സെലക്ഷന്‍ കമ്മിറ്റി ചേര്‍ന്നുവെങ്കിലും അന്തിമ തീരുമാനത്തില്‍ എത്താനായില്ല. തുടര്‍ന്നാണ് ഇന്നും യോഗം ചേര്‍ന്ന് പുതിയ മേധാവിയെ പ്രഖ്യാപിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റിയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഖേക്ക് പുറമെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയും അംഗമാണ്.

 

Latest