മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കി സര്‍ക്കാര്‍

Posted on: February 1, 2019 9:23 pm | Last updated: February 2, 2019 at 9:48 am

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ നിര്‍ണായക മാറ്റങ്ങള്‍ വരുത്തി. പൊതു സ്ഥലങ്ങളില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രതികരണങ്ങള്‍ തേടുന്നത് സുരക്ഷാ ഭീഷണിക്കിടയാക്കുമെന്നതിനാല്‍ ഒഴിവാക്കണം, അഭിമുഖങ്ങള്‍ക്ക് പി ആര്‍ ഡി വഴി നേരത്തെ അനുമതി തേടണം എന്നീ വ്യവസ്ഥകള്‍ ഉത്തരവില്‍ നിന്ന് നീക്കി. സര്‍ക്കാറിന്റെ മാധ്യമ നിയന്ത്രണങ്ങളെ പത്ര പ്രവര്‍ത്തക യൂണിയന്‍ ഉള്‍പ്പടെയുള്ള സംഘടനകള്‍ ശക്തമായി വിമര്‍ശിച്ചിരുന്നു.

നവംബര്‍ 11ന് ആഭ്യന്തര സെക്രട്ടറി സുബ്രതോ ബിശ്വാസാണ് വിവാദ ഉത്തരവ് പുറത്തിറക്കിയത്. വിവിധ കോണുകളില്‍ നിന്ന് കടുത്ത എതിര്‍പ്പുയര്‍ന്നതോടെയാണ് ഉത്തരവില്‍ ഭേദഗതി വരുത്തിയത്. പുതുതായി പുറത്തിറക്കിയ ഉത്തരവ് പ്രകാരം പൊതു സ്ഥലങ്ങളില്‍ മുഖ്യമന്ത്രിയും മറ്റും പ്രസംഗിക്കുന്നുണ്ടെങ്കില്‍ മാധ്യമങ്ങളെ നേരിട്ട് അറിയിക്കാം. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും അഭിമുഖങ്ങള്‍ എടുക്കാനും പി ആര്‍ ഡിയുടെ അനുമതി ആവശ്യമില്ല.
സെക്രട്ടേറിയറ്റിലെ ഹാളുകളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു പ്രവേശനം ലഭിക്കണമെങ്കില്‍ പി ആര്‍ ഡി അനുമതി തേടണമെന്ന വ്യവസ്ഥയും മാറ്റിയിട്ടുണ്ട്.