ന്യൂസിലന്‍ഡ് വനിതകളുടെ തിരിച്ചടി; മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് എട്ടു വിക്കറ്റ് തോല്‍വി

Posted on: February 1, 2019 8:04 pm | Last updated: February 1, 2019 at 8:08 pm

ഹാമില്‍ട്ടണ്‍: വനിതാ ക്രിക്കറ്റ് ഏകദിന പരമ്പരയില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് ആശ്വാസ ജയം. പുരുഷ ടീം നാലാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിനോട് തോറ്റതിനോട് ധാരാളം സമാനതകളുള്ള കീഴടങ്ങലായിരുന്നു വനിതാ ടീമിന്റെതും. നാലു വിക്കറ്റെടുത്ത അന്ന പീറ്റേഴ്‌സണിന്റെ ബൗളിംഗ് കരുത്തില്‍ എട്ടു വിക്കറ്റിനാണ് ആതിഥേയര്‍ സന്ദര്‍ശകരെ തകര്‍ത്തത്. 10 ഓവറില്‍ 28 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത അന്ന തന്നെയാണ് കളിയിലെ താരമായതും.

പരമ്പരയിലെ അവസാന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 44 ഓവറില്‍ 149 റണ്‍സെടുക്കുമ്പോഴേക്കും മുഴുവന്‍ വിക്കറ്റുകളും ബലികഴിച്ചു. 29.2 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ന്യൂസിലന്‍ഡ് ജയം സ്വന്തമാക്കി. പരമ്പര നേരത്തെ ഇന്ത്യ നേടിയിരുന്നു (2-1).

ആദ്യ രണ്ടു മത്സരത്തിലും മിന്നുന്ന ഫോം കാഴ്ചവച്ച സ്മൃതി മന്ഥാന ഏഴു പന്തില്‍ ഒരു റണ്‍ മാത്രമെടുത്ത് പുറത്തായി. 90 പന്തില്‍ അര്‍ധ ശതകം പിന്നിട്ട (52) ആണ് ഇന്ത്യക്കു വേണ്ടി കൂടുതല്‍ റണ്‍ നേടിയത്. ഹര്‍മന്‍പ്രീത് കൗര്‍ (24), ഹേമലത (13), ജമീമ റോഡ്രിഗ്‌സ് (12), ജുലന്‍ ഗോസ്വാമി (12), മിതാലി രാജ് (9) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്്‌കോര്‍.
ന്യുസിലന്‍ഡിനായി ലീ തഹൂഹു മൂന്നും അമേല കേര്‍ രണ്ടും വിക്കറ്റെടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡിന് പെട്ടെന്നു തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. സ്‌കോര്‍ 22ല്‍ നില്‍ക്കെ ഓപ്പണര്‍ 19 പന്തില്‍ 10 റണ്‍സെടുത്ത ലൗറന്‍ ഡൗണ്‍ പുറത്തായി. എന്നാല്‍ 64ല്‍ 57 അടിച്ച സൂസി ബേറ്റ്‌സും 74ല്‍ 66 നേടിയ ആമി സാറ്റര്‍വെയ്റ്റും ചേര്‍ന്ന്് ന്യൂസിലന്‍ഡിനെ വേഗത്തില്‍ വിജയ തീരത്തെത്തിച്ചു. സോഫി ഡിവൈന്‍ 17 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.