ശബരിമല: സുപ്രീം കോടതി വിശ്വാസികളുടെ വികാരം മാനിച്ചില്ല-ആര്‍എസ്എസ്

Posted on: January 31, 2019 6:50 pm | Last updated: January 31, 2019 at 9:45 pm

പ്രയാഗ് രാജ്: ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ചുള്ള സുപ്രീം കോടതി വിധി ഹിന്ദുക്കളുടെ മത വികാരത്തെ വേദനിപ്പിച്ചുവെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഹിന്ദു വികാരങ്ങളെ പരിഗണിക്കാതെയും തിരക്കിട്ടുമുള്ള വിധി വിമര്‍ശനവിധേയമാണെന്നും മോഹന്‍ ഭഗവത് പറഞ്ഞു. പ്രയാഗ് രാജില്‍ വിഎച്ച്പിയുടെ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല ഹിന്ദുക്കളുടെ ആരാധനാലയമാണ്. പൊതു സ്ഥലമല്ല. അയ്യപ്പ ക്ഷേത്രം ഒഴിച്ച് ബാക്കിയെല്ലായിടത്തും എല്ലാവര്‍ക്കും പ്രവേശിക്കാന്‍ അനുവാദമുണ്ട്. കോടിക്കണക്കിന് വിശ്വാസികളുടെ വികാരത്തെ കോടതി മാനിച്ചില്ല. കേരളീയര്‍ മാത്രമല്ല ലോകം മുഴുവന്‍ അയ്യപ്പനെ ആരാധിക്കുന്നുണ്ട്. എന്താണ് നടക്കുന്നതെന്ന് നമ്മുടെ സമുദായത്തിന് അറിവില്ല. ഹൈന്ദവ സമൂഹം ഒന്നിച്ചാല്‍ ലോകത്തിലാര്‍ക്കും അതിനെ തകര്‍ക്കാനാകില്ലെന്നും ഭാഗവത് പറഞ്ഞു.