Connect with us

Malappuram

മദ്ഹ്ഗാനം പാടി, മോതിരം ഊരി; താരമായി ഫയര്‍മാനും നിഹാസും-VIDEO

Published

|

Last Updated

പൊന്നാനി: കൈവിരലിലെ മോതിരം ഊരിയെടുക്കാനുള്ള ഫയര്‍മാന്റെ പുതിയ തന്ത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. വിരലില്‍ കുടുങ്ങിയ മോതിരം ഊരാന്‍ ഫയര്‍‌സ്റ്റേഷനിലെത്തിയ കുട്ടിയെ പാട്ടുപാടിച്ച ഫയര്‍മാന്റെ തന്ത്രത്തിനൊപ്പം വേദന മറന്ന് മദ്ഹ്ഗാനം ആലപിച്ച വിദ്യാര്‍ഥിയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയിലൂടെ താരമായിരിക്കുകയാണ്. പൊന്നാനി മഖ്ദൂമിയ ഇംഗ്ലീഷ് സ്‌കൂള്‍ നാലാം ക്ലാസ് വിദ്യര്‍ഥിയായ നിഹാസിന്റെ കയ്യില്‍ സ്‌കൂളില്‍വെച്ച് കൂട്ടുകാരന്റെ മോതിരം കുടുങ്ങി. മോതിരം ഊരിയെടുക്കാനാവാതെ അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ സ്‌കൂള്‍ അതികൃതര്‍ പൊന്നാനി ഫയര്‍ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

ഊരിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ വേദന അനുഭവപ്പെട്ടു. സ്‌റ്റേഷനിലെ ഫയര്‍മാന്മാരും ഡ്രൈവര്‍ ഗംഗാധരനും ചേര്‍ന്ന് നിഹാസിനോട് പാട്ടുപാടാന്‍ ആവശ്യപ്പെടുകയായിരുന്നു. വേദന മറന്ന് നിഹാസ് മനോഹരമായ മദ്ഹ്ഗാനം ആലപിച്ചു. നിഹാസ് പാട്ടില്‍ മുഴുകിയപ്പോള്‍ ഫയര്‍മാന്‍ ബിജു ഉണ്ണി മോതിരം ആയുധമുപയോഗിച്ച് മുറിച്ചു.

മുറിഞ്ഞ മോതിരം ഊരിയെടുക്കുന്നതിനിടെ വേദന അനുഭവപ്പെട്ടപ്പോള്‍ കുട്ടിയോട് തന്നെ അത് ഊരിയെടുക്കാന്‍ ഫയര്‍മാന്‍ ആവശ്യപ്പെട്ടു. ഒടുവില്‍ പാട്ട് നിറുത്തി സന്തോഷത്തോടെ നിഹാസ് തന്നെ മോതിരം ഊരിയെടുക്കുകയായിരുന്നു.

പാട്ടുപാടിച്ച് മോതിരം ഊരിയെടുത്ത ഫയര്‍മാന്മാരും പാട്ടുപാടിയ നിഹാസും സോഷ്യല്‍ മീഡിയയില്‍ താരമായി. ഒപ്പം പാട്ടുപാടിച്ച് മോതിരമൂരിയ ഫയര്‍ഫോഴ്സിന്റെ പുത്തന്‍ തന്ത്രത്തിന് സോഷ്യല്‍ മീഡിയ നിറഞ്ഞ കയ്യടിയും നല്‍കി. പാട്ട് സൂപ്പറായെന്നും മുഴുവനായി ആലപിച്ചു കേള്‍ക്കാന്‍ ഇനിയെന്തു ചെയ്യണം എന്നുമായിരുന്നു വീഡിയോക്ക് സോഷ്യല്‍ മീഡിയയില്‍ ലഭിച്ച പ്രതികരണം.

വീഡിയോ കാണാം:

Latest