എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പട്ടിണി സമരം; റവന്യു മന്ത്രിയുമായി ചര്‍ച്ച നാളെ

Posted on: January 31, 2019 4:44 pm | Last updated: January 31, 2019 at 5:11 pm

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ സമരസമതിയുമായി നാളെ റവന്യു മന്ത്രി ചര്‍ച്ച നടത്തും. സമരസമതി നേതാക്കളാണ് ഇക്കാര്യമറിയിച്ചത്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ പട്ടിണി സമരം നടത്തിവരികയാണ്. എന്‍ഡോസള്‍ഫാന്‍ ബാധിതരായ എട്ടുകുട്ടികളും അവരുടെ രക്ഷിതാക്കളുമാണ് സമരം ചെയ്യുന്നത്.

മുഴുവന്‍ ദുരിതബാധിതരേയും സര്‍ക്കാര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, സുപ്രീം കോടതി വിധിയനുസരിച്ചുള്ള ധനസഹായം എല്ലാവര്‍ക്കും നല്‍കുക, കടങ്ങള്‍ എഴുതി തള്ളുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഒരു വര്‍ഷം മുമ്പ് ഇത്തരമൊരു സമരം ചെയ്തപ്പോള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലായില്ലെന്ന് സമരസമതി ആരോപിച്ചു. അതേ സമയം 6212 ദുരിതബാധിതര്‍ക്കായി ഇതുവരെ 184 കോടി രൂപ ചിലവഴിച്ചുവെന്ന് റവന്യുമന്ത്രിയുടെ വാര്‍ത്ത കുറിപ്പില്‍ പറയുന്നുണ്ട്.