ധനമന്ത്രിയുടേത് ജനങ്ങളെ കബളിപ്പിക്കുന്ന ബജറ്റെന്ന് പ്രതിപക്ഷം; ജനക്ഷേമകരമെന്ന് ഭരണപക്ഷം

Posted on: January 31, 2019 4:26 pm | Last updated: January 31, 2019 at 6:55 pm

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചത് ജനങ്ങളെ കബളിപ്പിക്കുന്ന ബജറ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള യാഥാര്‍ഥ്യ ബോധമില്ലാത്ത ബജറ്റാണിതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കാരുണ്യയെ കൊലപ്പെടുത്തി ഇന്‍ഷ്വറന്‍സ് കമ്പനികളുടെ ദയാദാക്ഷിണ്യത്തിന് കാത്തിരിക്കേണ്ട അവസ്ഥയാണ് കേരളത്തിലെ ജനങ്ങള്‍ക്ക് ധനമന്ത്രി വരുത്തിവച്ചിരിക്കുന്നതെന്നും വാര്‍ത്ത സമ്മേളനത്തില്‍ ചെന്നിത്തല പറഞ്ഞു. എല്ലാം കിഫ്ബി വഴി നടപ്പാക്കുമെന്ന് പറയുന്ന ധനമന്ത്രി കിഫ്ബിക്ക് എവിടെനിന്ന് ഫണ്ട് ലഭ്യമാകുമെന്ന് വെളിപ്പെടുത്തുന്നില്ല. കോര്‍പ്പറേറ്റുകളെ എതിര്‍ത്തിരുന്നവര്‍ കോര്‍പ്പറേറ്റ് നിക്ഷേപം വര്‍ധിപ്പിക്കുമെന്നാണ് ബജറ്റില്‍ പറയുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് ബിഗ് സല്യൂട്ട് മാത്രമാണ് ബജറ്റിലുള്ളതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

അതേ സമയം പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ഊന്നല്‍ നല്‍കുന്നതും ജനക്ഷേമകരവുമായ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചിരിക്കുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പ്രസ്താവിച്ചു. നവകേരള നിര്‍മാണത്തിന് 25 പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളത്. സാധാരണക്കാര്‍ക്ക്‌മേല്‍ നികുതി ഭാരം അടിച്ചേല്‍പ്പിക്കാതെ വിഭവ സമാഹരണത്തിനാണ് ബജറ്റ് ലക്ഷ്യമിടുന്നത്. ക്ഷേമ പെന്‍ഷനുകളില്‍ നൂറ് രൂപ വര്‍ധിപ്പിക്കാനുള്ള തീരുമാനം പാവങ്ങളോട് സര്‍ക്കാറിനുള്ള കരുതലിനുള്ള തെളിവാണെന്നും വിജയരാഘവന്‍ പറഞ്ഞു. ശബരിമല വികസനത്തിന് 739 കോടി രൂപ വകയിരുത്തിയത് കള്ളപ്രചാരകര്‍ക്കുള്ള ശക്തമായ മറുപടിയാണ്. തിരുവിതാംകൂര്‍ ദേവസ്വത്തിന് 100 കോടിയും കെഎസ്ആര്‍ടിസിക്ക് ആയിരംകോടിയും നീക്കിവെച്ചതും അഭിനന്ദാര്‍ഹമാണ്. സ്ത്രീ ശാക്തീകരണത്തിന് 1420 കോടിയും കുടുംബശ്രീക്ക് ആയിരം കോടിയും നീക്കിവെച്ചത് വനിതാ മുന്നേറ്റത്തിന് കരുത്തു പകരും. കാര്‍ഷിക വ്യാവസായിക മേഖലയില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്ന ബജറ്റാണിതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.