കൈയടിക്കാം, ഈ ബജറ്റിന്

തിരഞ്ഞെടുപ്പ് കാലത്തെ ബജറ്റില്‍ വോട്ട് ഒളിഞ്ഞിരിക്കുന്നുവെന്നത് വസ്തുതയാണ്. തിരഞ്ഞെടുപ്പ് ഗോദയില്‍ പലതും ചര്‍ച്ച ചെയ്യും. ഇത്തരം വിഷയങ്ങളെ അഡ്രസ് ചെയ്യുന്നതിലും ഐസക്ക് വിജയിച്ചിട്ടുണ്ട്. ഇടതുപക്ഷത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരെ നന്നായി തന്നെ ബജറ്റും കാണുന്നു. സമൂഹ്യ സുരക്ഷാപെന്‍ഷനിലെ നൂറ് രൂപ വര്‍ധനവില്‍ മുതല്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനുള്ള റെക്കോര്‍ഡ് നീക്കിയിരിപ്പില്‍ വരെ പ്രതിഫലിക്കുന്നത് ഈ ഇടതുപക്ഷ മനസ് തന്നെ. കുടുംബശ്രീയെ കൈവിട്ടില്ലെന്ന് മാത്രമല്ല, തൊഴിലുറപ്പ് പദ്ധതിക്ക് സാമാന്യം ഭേദപ്പെട്ട നീക്കിയിരിപ്പ് നടത്തുകയും ചെയ്തു.
Posted on: January 31, 2019 4:05 pm | Last updated: January 31, 2019 at 5:44 pm

ജനപ്രിയമെന്ന് ഒറ്റനോട്ടത്തില്‍ വായിക്കാവുന്നതാണ് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ച കേരള ബജറ്റ്. തിരഞ്ഞെടുപ്പ് വര്‍ഷമാകുമ്പോള്‍ ഏതൊരു ധനമന്ത്രിയും ചെയ്യുന്ന കൗശലങ്ങള്‍ ഐസക്കിന്റെ ബജറ്റിലും കാണാം. ധനപ്രതിസന്ധി എന്ന യാതാര്‍ഥ്യം മുന്നില്‍ നില്‍ക്കുമ്പോള്‍ ഇതിലപ്പുറം ജനപ്രിയത ബജറ്റില്‍ കൊണ്ടുവരിക ദുഷ്‌കരവുമാണ്. ആ അര്‍ഥത്തില്‍ ഈ ബജറ്റിനെ രണ്ട് കൈകള്‍ കൊട്ടി പിന്തുണക്കാം. കൈയടി പ്രഖ്യാപനങ്ങള്‍ നടത്തുമ്പോഴും നികുതി വര്‍ധനവ് ഒഴിവാക്കുകയെന്ന സാഹസത്തിന് മന്ത്രി മുതിര്‍ന്നിട്ടുമില്ല. ജി എസ് ടിയിലൂടെ അടഞ്ഞ വിഭവ സമാഹരണ വഴികള്‍ പ്രളയ സെസിലൂടെ തുറന്നു എന്നതാണ് ഈ വര്‍ഷത്തെ ബജറ്റിന്റെ പ്രത്യേകത. ഒപ്പം വരുമാന വര്‍ധന ലക്ഷ്യമിട്ട് കൈവെക്കാവുന്ന മേഖലകളെയൊന്നും വെറുതെ വിട്ടതുമില്ല. സേവനങ്ങളുടെ ഫീസ് നിരക്കെല്ലാം ഒരു ശതമാനം കൂട്ടിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് കാലത്തെ ബജറ്റില്‍ വോട്ട് ഒളിഞ്ഞിരിക്കുന്നുവെന്നത് വസ്തുതയാണ്. തിരഞ്ഞെടുപ്പ് ഗോദയില്‍ പലതും ചര്‍ച്ച ചെയ്യും. ഇത്തരം വിഷയങ്ങളെ അഡ്രസ് ചെയ്യുന്നതിലും ഐസക്ക് വിജയിച്ചിട്ടുണ്ട്.
ഇടതുപക്ഷത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരെ നന്നായി തന്നെ ബജറ്റും കാണുന്നു. സമൂഹ്യ സുരക്ഷാപെന്‍ഷനിലെ നൂറ് രൂപ വര്‍ധനവില്‍ മുതല്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനുള്ള റെക്കോര്‍ഡ് നീക്കിയിരിപ്പില്‍ വരെ പ്രതിഫലിക്കുന്നത് ഈ ഇടതുപക്ഷ മനസ് തന്നെ. കുടുംബശ്രീയെ കൈവിട്ടില്ലെന്ന് മാത്രമല്ല, തൊഴിലുറപ്പ് പദ്ധതിക്ക് സാമാന്യം ഭേദപ്പെട്ട നീക്കിയിരിപ്പ് നടത്തുകയും ചെയ്തു.

നവകേരള നിര്‍മ്മാണത്തിന് 25 ഇന പദ്ധതികളാണ് ഐസക്ക് മുന്നോട്ടുവെക്കുന്നത്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ കേരളം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ പദ്ധതികള്‍.
മഹാകവി കുമാരാനാശന്റെ കാവ്യശകലങ്ങള്‍ ഉള്‍പ്പെടുത്തിയ ബജറ്റ് ലിംഗസമത്വം ഉറപ്പ് വരുത്തുമെന്നും നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുമെന്നും പ്രഖ്യാപിച്ചു. വിഭവ സമാഹരണത്തിന്റെ ഭാഗമായി ഒരു ശതമാനം പ്രളയ സെസും ബജറ്റ് മുന്നോട്ടുവെക്കുന്നു. വരുമാനം ഉയര്‍ത്തി ധനദൃഢീകരണത്തിന് ഊന്നല്‍ നല്‍കുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം. കുട്ടനാടിനും വയനാടിനും തീരദേശത്തിനും പ്രത്യേക പാക്കേജും നിര്‍ദേശിക്കുന്നു.

ക്ഷേമപെന്‍ഷനുകളില്‍ നൂറ് രൂപയുടെ വര്‍ധന വരുത്തിയതിനൊപ്പം മിനിമം പെന്‍ഷന്‍ 1500 രൂപയിലേക്കെത്തിക്കുന്നതിനുള്ള ചുവടുകള്‍ ആരംഭിച്ചതായും ധനമന്ത്രി പ്രഖ്യാപിച്ചു. പ്രളയ ദുരിതം മറികടക്കാന്‍ 4700 കോടി രൂപയുടെ ജീവനോപാധി പാക്കേജാണ് ബജറ്റ് മുന്നോട്ടുവെക്കുന്നത്. വന്‍കിട മൂലധന നിക്ഷേപത്തിനും വ്യവസായ പശ്ചാത്തല സൃഷ്ടിക്കും വിപുലമായ പരിപാടികളാണ് ആവിഷ്‌കരിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നൂറ് കോടി രൂപയുടെ പ്രത്യേക സഹായം പ്രഖ്യാപിച്ചതും ശ്രദ്ധേയമായി.
പ്രതിസന്ധിയില്‍പ്പെട്ട് ഉലയുന്ന കെ എസ് ആര്‍ ടി സിക്കായി ആയിരം കോടി രൂപയുടെ സഹായമാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ നടപടികള്‍ ആരംഭിക്കുമെന്നതും 42 ലക്ഷം കുടുംബങ്ങള്‍ക്കായി സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയും കൈയടി നേടുന്ന പ്രഖ്യാപനങ്ങളായി. സാധാരണ രോഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപവരെയും മാരക രോഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെയും കവറേജ് നല്‍കുന്നതാണ് ഇന്‍ഷ്വറന്‍സ് പദ്ദതി. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി 20 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ജീവനക്കാര്‍ക്കുള്ള രണ്ടു ഗഡു ഡി എ കുടിശ്ശിക ഏപ്രില്‍ മാസം തന്നെ നല്‍കുമെന്നാണ് മറ്റൊരു പ്രഖ്യാപനം.

പശ്ചാത്തല മേഖലയില്‍ വന്‍കുതിപ്പിന് വഴിവെക്കുന്ന സമാന്തര റെയില്‍വെ പദ്ധതി 2020ല്‍ ആരംഭിക്കുമെന്നാണ് പ്രഖ്യാപനം. ഇതോടൊപ്പം വെസ്റ്റ്‌കോസ്റ്റ് ജലപാതയും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരള ബാങ്ക് ഈ വര്‍ഷം ആരംഭിക്കുമെന്ന പ്രഖ്യാപനം സമ്പദ്ഘടനയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കും.
തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി പത്ത് കോടി തൊഴില്‍ദിനങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിനായി 2500 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്കായി 75 കോടി രൂപ അനുവദിക്കും. പ്രളയബാധിത പഞ്ചായത്തുകള്‍ക്ക് 250 കോടിയും വിവിധ പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കാന്‍ 15600 കോടിയും നീക്കിവെച്ചിട്ടുണ്ട്.

ഐ ടി, സ്റ്റാര്‍ട്ടപ്പ് മേഖലകളിലേക്ക് വലിയ തോതിലുള്ള നീക്ഷേപമാണ് ബജറ്റ് പ്രതീക്ഷിക്കുന്നത്. ഈ മേഖലക്ക് ബജറ്റിലൂടെ നല്ല തലോടല്‍ ലഭിച്ചിട്ടുമുണ്ട്. ഐ ടി പാര്‍ക്കുകളില്‍ രണ്ടു വര്‍ഷത്തിനകം ഒരു കോടി പതിനാറ് ലക്ഷം ചതുരശ്ര അടി സ്ഥലം സജ്ജമാക്കുമെന്നാണ് പ്രഖ്യാപനം. ടെക്‌നോപാര്‍ക്കില്‍ നിസാന്‍ ഇലക്ട്രിക് വാഹന നിര്‍മ്മാണ കേന്ദ്രം, ടോറസ് ഇന്‍വെസ്റ്റ്‌മെന്റ്, എച്ച് ആര്‍ ബ്ലോക്ക് തുടങ്ങിയ കമ്പനികളുടെയും നിക്ഷേപം ലക്ഷ്യമിടുന്നു.

സ്‌പെയ്‌സ് ആന്റ് എയ്‌റോ സെന്റര്‍ ഓഫ് എക്‌സലന്‍സിലൂടെ മുവായിരം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നാണ് വാഗ്ദാനം. ഏണസ്റ്റ് ആന്റ് യംഗ്, ടെറാനെറ്റ്, എയര്‍ബസ്, തേജസ്, യൂണിറ്റി, ആള്‍ട്ടെയര്‍, ഫ്യുജി, ഹിറ്റാച്ചി തുടങ്ങി ആഗോള കമ്പനികള്‍ തിരുവനന്തപുരം, കൊച്ചി നഗരങ്ങളില്‍ നിക്ഷേപം നടത്താനെത്തുമെന്നാണ് ബജറ്റ് പ്രഖ്യാപനം.

വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഔട്ടര്‍ റിംഗ് റോഡും ഗ്രോത്ത് കോറിഡോറും കണ്ണൂര്‍ വിമാനത്താവളത്തിനും വ്യവസായ സമുച്ചയങ്ങളുടെ ശൃംഖലയും ബജറ്റില്‍ വിഭാവനം ചെയ്യുന്നു.

കര്‍ഷകര്‍ക്ക് ആശ്വസകരമാകുന്ന പദ്ധതികളും ബജറ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. വയനാട്ടിനും കുട്ടനാടിനുമായി പ്രഖ്യാപിച്ച പദ്ധതികള്‍ ഇതിന്റെ ഭാഗമാണ്. വയനാട് കാപ്പി പൊടി മലബാര്‍ എന്ന പേരില്‍ ബ്രാന്‍ഡിംഗ് നടത്തി വില്‍പ്പനക്കെത്തിക്കുമെന്നാണ് പ്രഖ്യാപനം. ഇതിനായി 150 കോടി രൂപ മുടക്കി മെഗാഫുഡ് പാര്‍ക്ക് സ്ഥാപിക്കും. നാളികേരത്തിന്റെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ 170 കോടി രൂപയുടെ പദ്ധതിയുണ്ട്. പത്ത് ലക്ഷം തെങ്ങിന്‍തൈകള്‍ നട്ടുപിടിപ്പിച്ച് ഉത്പാദനം കൂട്ടും.

നെല്‍കൃഷിയുടെ വിസ്തൃതി മൂന്ന് ലക്ഷം ഹെക്ടറാക്കും. 20 കോടി രൂപയുടെ റൈസ് പാര്‍ക്കുകള്‍ സ്ഥാപിക്കും. റബറിന്റെ താങ്ങുവിലക്ക് വേണ്ടി 500 കോടി രൂപയും മാറ്റിവെച്ചിട്ടുണ്ട്. ആയിരം കോടി രൂപയുടെ രണ്ടാം കുട്ടനാട് പാക്കേജാണ് മറ്റൊരു ശ്രദ്ധേയ ഇനം. മേഖലയിലെ കുടിവെള്ള പദ്ധതിക്ക് കിഫ്ബി വഴി മറ്റുപദ്ധതികള്‍ വേറെയുമുണ്ടാകും. 24 പുഴകള്‍ പുനരുജ്ജീവിപ്പിക്കുന്ന നദി പുനരുദ്ധാരണ പദ്ധതിക്കായി 25 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.

കടലിനോട് ചേര്‍ന്ന് താമസിക്കുന്നവരെ മാറ്റി പാര്‍പ്പിക്കുന്നതിന് ഊന്നല്‍ നല്‍കിയാണ് തീരവികസന പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇങ്ങിനെ വീടൊഴിയുന്നവര്‍ക്ക് ഉടമസ്ഥാവകാശം നഷ്ടപ്പെടാത്ത വിധം പുനരധിവാസം ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

ചെത്തി ഹാര്‍ബര്‍ നിര്‍മ്മാണം കിഫ്ബി ഏറ്റെടുക്കുമെന്നും പൊഴിയൂരില്‍ പുതിയ ഹാര്‍ബര്‍ പണിയുമെന്നും ബജറ്റ് പ്രഖ്യാപനമുണ്ട്. തീരദേശത്ത് 900 കോടി രൂപയുടെ കിഫ്ബി നിക്ഷേപമാണ് ലക്ഷ്യമിടുന്നത്. തിരുവനന്തപുരത്തെ മത്സ്യതൊഴിലാളി വനിതകള്‍ക്ക് കിയോസ്‌ക്കുകള്‍ സ്ഥാപിച്ച് നല്‍കാനും പറവൂരിലെ യാണ്‍ ട്വിസ്റ്റിംഗ് യൂണിറ്റിന് അഞ്ച് കോടി രൂപയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളില്‍ വലിയ മുതല്‍ മുടക്ക് ലക്ഷ്യമിടുന്ന നിര്‍ദേശങ്ങളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വൈദ്യുതി വിതരണത്തിലെ നഷ്ടം കുറക്കാന്‍ ദ്യുതി എന്ന പേരില്‍ പ്രത്യേക പദ്ധതി ആസൂത്രണം ചെയ്യും. സി എഫ് എല്ലിന് പകരം എല്‍ ഇ ഡി ബള്‍ബുകള്‍ നല്‍കുന്നതാണ് പദ്ധതി.
കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റും വിധമുള്ള ഡിസൈന്‍ റോഡുകളാണ് ബജറ്റ് മുന്നോട്ടുവെക്കുന്നത്. 1367 കോടി രൂപയുടെ ബജറ്റ് വിഹിതത്തിന് പുറമെ പതിനായിരം കോടിയുടെ പാലങ്ങളും റോഡുകളും ഈ വര്‍ഷം ഏറ്റെടുക്കുമെന്നാണ് പ്രഖ്യാപനം.

കേരളം സമ്പൂര്‍ണ്ണമായി ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിനുള്ള നിര്‍ദേശങ്ങള്‍ ബജറ്റ് മുന്നോട്ടുവെക്കുന്നുണ്ട്. പരമ്പരാഗത മേഖലയുടെ തിരിച്ചുവരവിന് കളമൊരുക്കുന്ന നിര്‍ദേശങ്ങളും ബജറ്റ് മുന്നോട്ടുവെക്കുന്നുണ്ട്. കയര്‍, കശുവണ്ടി മേഖലകളിലാണ് പ്രധാന ഇടപെടലുകള്‍.

പ്രവാസികള്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ സഹായം നല്‍കാന്‍ 25 കോടി രൂപ നീക്കിവെച്ചതിനൊപ്പം ഡിവിഡന്റ് നിക്ഷേപ പദ്ധതിയും ബജറ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. പ്രവാസി ചിട്ടി എല്ലാ ഗള്‍ഫ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നാണ് മറ്റൊരു പ്രഖ്യാപനം.

കുടുംബശ്രീക്കായി വിവിധ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണലിസം ഉറപ്പ് വരുത്തുന്നതിനൊപ്പം കൂടുതല്‍ മേഖലകളില്‍ സാന്നിധ്യം ഉറപ്പാക്കാനുള്ള നിര്‍ദേശങ്ങളും ബജറ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. വയോജന സംരക്ഷണത്തിനും ബൃഹദ് പദ്ധതികള്‍ ബജറ്റ് മുന്നോട്ടുവെക്കുന്നു.

പ്രളയ സെസ് കൈ പൊള്ളിക്കുമോ

വിഭവ സമാഹരണത്തിന് എല്ലാകാലത്തെയും പോലെ മദ്യത്തെയാണ് പ്രധാനമായി ആശ്രയിക്കുന്നത്. പിന്നെ പ്രളയ സെസിലൂടെയും വലിയൊരു തുക ഖജനാവിലെത്തിക്കാന്‍ കഴിയുമെന്നാണ് ധനമന്ത്രി കണക്ക് കൂട്ടുന്നത്. ഉയര്‍ന്ന ജി എസ് ടി സ്ലാബിലെ ഉല്‍പന്നങ്ങള്‍ക്ക് ഒരു ശതമാനം പ്രളയസെസ് ചുമത്താനാണ് ബജറ്റിലെ നിര്‍ദേശം. 12, 18, 28 ശതമാനം ജി എസ് ടിയുള്ള ഉല്‍പന്നങ്ങള്‍ക്ക് രണ്ടു വര്‍ഷത്തേക്കാണു സെസ് ഏര്‍പ്പെടുത്തുക. മദ്യത്തിന് രണ്ട് ശതമാനം നികുതിയും വര്‍ധിപ്പിച്ചു.

സ്വര്‍ണം ഒഴികെ 5 ശതമാനത്തിനു മുകളിലെ സ്ലാബില്‍പെട്ട എല്ലാ ചരക്കുകള്‍ക്കും സെസ് ബാധകമായിരിക്കും. കോംപോസിഷന്‍ നികുതി സമ്പ്രദായം സ്വീകരിച്ചിട്ടുള്ള ചെറുകിട വ്യാപാരികളെയും സെസ് ചുമത്തുന്നതില്‍നിന്ന് ഒഴിവാക്കി. സ്വര്‍ണം, വെള്ളി, പ്ലാറ്റിനം ആഭരണങ്ങള്‍ ഉള്‍പ്പെടെയുള്ള ചരക്കുകള്‍ക്ക് കാല്‍ ശതമാനവും 12, 18, 28 സ്ലാബില്‍ വരുന്ന ഉല്‍പന്നങ്ങളുടെയും എല്ലാത്തതരം സേവനങ്ങളുടെയും വിതരണത്തിന് വിതരണ വിലയിന്‍ന്മേല്‍ ഒരു ശതമാനം പ്രളയ സെസ് ഏര്‍പ്പെടുത്തും.

സ്വര്‍ണം, സിമന്റ്, ഗ്രാനൈറ്റ്, കാര്‍, എ സി, ഫ്രിഡ്ജ്, സിഗരറ്റ്, ശീതള പാനീയങ്ങള്‍, ഹെയര്‍ ഓയില്‍, ടൂത്ത് പേസ്റ്റ്, സോപ്പ്, കംപ്യൂട്ടര്‍, അതിവേഗ ബൈക്കുകള്‍, നോട്ട് ബുക്, കണ്ണട, ടിവി, സ്‌കൂള്‍ ബാഗ്, മുള ഉരുപ്പടികള്‍, സെറാമിക് ടൈലുകള്‍, കയര്‍, ബിസ്‌കറ്റ്, പ്ലൈവുഡ്, വെണ്ണ, നെയ്യ്, പാല്‍ എന്നിവക്കെല്ലം വില വര്‍ധിക്കും.

സിനിമാ ടിക്കറ്റിനു 10 ശതമാനം വിനോദനികുതി ഏര്‍പ്പെടുത്തി. ആഡംബര വീടുകള്‍ക്കു നികുതി കൂട്ടി. 3000 ചതുരശ്രഅടിക്കു മുകളിലുള്ള വീടുകള്‍ക്കാണ് അധികനികുതി ചുമത്തുന്നത്. 20 ലക്ഷം മുതല്‍ 50 ലക്ഷം വരെ വാര്‍ഷികവരുമാനമുള്ളവര്‍ക്ക് 6 ശതമാനം സേവനനികുതിയായി നിജപ്പെടുത്തി. ഭൂമിയുടെ ന്യായ വില ഉയര്‍ത്തിയത് രജിസ്‌ട്രേഷനില്‍ ഉള്‍പ്പെടെ ചെലവേറും.

-കെ എം ബഷീര്‍