സി ബി ഐ ഡയറക്ടര്‍ നിയമന കേസ്: ജസ്റ്റിസ് എന്‍ വി രമണയും പിന്മാറി

Posted on: January 31, 2019 3:52 pm | Last updated: January 31, 2019 at 4:45 pm

ന്യൂഡല്‍ഹി: സി ബി ഐ ഡയറക്ടര്‍ നിയമനവുമായി ബന്ധപ്പെട്ട കേസിലെ വാദം കേള്‍ക്കലില്‍ നിന്ന് ജസ്റ്റിസ് എന്‍ വി രമണയും പിന്മാറി. ഇടക്കാല ഡയറക്ടറായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച നാഗേശ്വര റാവുവിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തതിനാലാണിത്. നേരത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് എ കെ സിക്രി എന്നിവരും വാദം കേള്‍ക്കലില്‍ നിന്നു പിന്മാറിയിരുന്നു.

നാഗേശ്വര റാവുവിന്റെ നിയമനം നിയമവിരുദ്ധവും ചട്ടങ്ങള്‍ മറികടന്നാണെന്നും അദ്ദേഹത്തെ നിയമിച്ചു കൊണ്ടുള്ള ജനുവരി പത്തിലെ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കോമണ്‍ കോസ് എന്ന എന്‍ ജി ഒ ആണ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്. സി ബി ഐക്ക് സ്ഥിരം ഡയറക്ടറെ നിയമിക്കണമെന്ന ആവശ്യവും ഹരജിയില്‍ ഉന്നയിച്ചിട്ടുണ്ട്. ഡയറക്ടറുടെ നിയമന നടപടികള്‍ വിവരാവകാശ നിയമത്തിലൂടെ പൊതു ജനങ്ങള്‍ക്കു ലഭ്യമാക്കുക, ഡയറക്ടര്‍ സ്ഥാനത്തേക്കു പരിഗണിക്കുന്നവരുടെ ചുരുക്കപ്പട്ടിക സുതാര്യമായി തയാറാക്കാന്‍ സര്‍ക്കാറിനോട് നിര്‍ദേശിക്കുക തുടങ്ങിയ ആവശ്യങ്ങളും മുന്നോട്ടു വച്ചിട്ടുണ്ട്.

കഴിഞ്ഞ ഒക്ടോബര്‍ 24 ന് അര്‍ധരാത്രിയാണ് റാവുവിനെ കേന്ദ്ര സര്‍ക്കാര്‍ സി ബി ഐ ഇടക്കാല ഡയറക്ടറാക്കിയത്. അഴിമതി ആരോപണ വിധേയരായ സി ബി ഐ ഡയറക്ടര്‍ അലോക് വര്‍മയും പ്രത്യേക ഡയറക്ടര്‍ രാകേഷ് അസ്താനയും അന്വേഷണ നടപടികളെ തുടര്‍ന്ന് നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്നായിരുന്നു നാഗേശ്വര റാവുവിന്റെ താത്കാലിക നിയമനം. സുപ്രീം കോടതി വിധി പ്രകാരം അലോക് വര്‍മ ഡയറക്ടര്‍ പദവിയില്‍ തിരിച്ചെത്തി. എന്നാല്‍ ഉടന്‍ തന്നെ വീണ്ടും അദ്ദേഹത്തെ മാറ്റി നാഗേശ്വര റാവുവിന് പകരം ചുമതല നല്‍കി.