ബജറ്റ്: പ്രവാസികള്‍ക്ക് ആശ്വാസം; കൂടുതല്‍ നിക്ഷേപങ്ങള്‍ക്ക് അവസരം

Posted on: January 31, 2019 3:17 pm | Last updated: January 31, 2019 at 3:18 pm

റിയാദ്: പ്രവാസികള്‍ക്ക് ആശ്വാസം പകര്‍ന്നു കൂടുതല്‍ നിക്ഷേപ പദ്ധതികളുമായി ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാന ബജറ്റില്‍ പ്രവാസികള്‍ക്ക് ഒട്ടേറെ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടുതല്‍ പ്രവാസി നിക്ഷേപങ്ങള്‍ കേരളത്തിലെത്തിക്കുന്നതിനും ലോക കേരള സഭയുടെ തുടര്‍ പ്രവര്‍ത്തങ്ങള്‍ക്കുമായി ഈ വര്‍ഷം 81 കോടി രൂപയാണ് വകയിരുത്തിയത്.

ഗള്‍ഫ് നാടുകളില്‍ മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് നോര്‍ക്ക വഹിക്കും. ഇത് പ്രവാസ ലോകത്തിന് വലിയ ആശ്വാസമാണ് നല്‍കുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം നാട്ടിലെത്തിക്കാന്‍ കഴിയാതെ നിരവധി മൃതദേഹങ്ങളാണ് മോര്‍ച്ചറികളില്‍ കിടക്കുന്നത്. പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യ ഈടാക്കിയിരുന്ന തുക നേരത്തെ ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ചിരുന്നു.

വിദേശത്ത് നിന്ന് തൊഴില്‍ പ്രതിസന്ധി കാരണം നാട്ടിലേക്ക് മടങ്ങി വരുന്ന വരുടെ പുനരധിവാസം സാധ്യമാക്കാന്‍ പുതിയ പദ്ധതിയായ ‘സാന്ത്വനം പദ്ധതിയും’ ഇതിലേക്കായി 25 കോടിയും നീക്കിവെച്ചിട്ടുണ്ട്. പ്രവാസികള്‍ക്ക് പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിന് പലിശ രഹിത സബ്സിഡി നല്‍കുന്നതിന് 15 കോടിയും ലോക കേരള സഭക്കും ആഗോള പ്രവാസി ഫെസ്റ്റിനും അഞ്ച് കോടിയും അനുവദിച്ചു.

കൂടുതല്‍ നിക്ഷേപങ്ങള്‍ സമാഹരിക്കുന്നതിന്റെ ഭാഗമായി പ്രവാസികള്‍ക്ക് നിക്ഷേപത്തിന്റ തുകക്ക് അനുസരിച്ച് അഞ്ചു വര്ഷം കഴിഞ്ഞാല്‍ നിശ്ചിത തുക മാസ വരുമാനമായി ലഭിക്കുന്ന നിക്ഷേപ ഡിവിഡന്റ് പദ്ധതി നടപ്പിലാക്കും. നിക്ഷേപ പദ്ധതിയും പെന്‍ഷനും ലയിപ്പിക്കും, ഇത് പ്രവാസി ക്ഷേമനിധിയുമായി ചേര്‍ന്നാണ് നടപ്പില്‍ വരുത്തുക.

സംസ്ഥാന വികസനം ലക്ഷ്യമാക്കി ആരംഭിച്ച പ്രവാസി കെ.എസ്.എഫ്.ഇ ചിട്ടികള്‍ ഫെബ്രുവരി മാസത്തോടെ മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും. നിലവില്‍ യു.എ.ഇ യില്‍ മാത്രമാണ് ചിട്ടി ആരംഭിച്ചത്. വരും മാസങ്ങളില്‍ ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും ചിട്ടിയില്‍ നേരിട്ട് ചേരാന്‍ കഴിയും.

– മുഹമ്മദ് റഫീഖ് ചെമ്പോത്തറ