Connect with us

National

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയര്‍ന്നു; കേന്ദ്രം പൂഴ്ത്തിയ റിപ്പോര്‍ട്ട് പുറത്ത്

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയര്‍ന്നതായി ദേശീയ സാമ്പിള്‍ സര്‍വേ റിപ്പോര്‍ട്ട്. 45 വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് 2017-18 വര്‍ഷം രാജ്യത്ത് ഉണ്ടായതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 6.1 ശതമാനമാണ് 2017-18 വര്‍ഷത്തെ തൊഴിലില്ലായ്മ നിരക്ക്.

ദേശിയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ ഡിസംബറില്‍ സമര്‍പ്പിച്ച ഈ റിപ്പോര്‍ട്ട് കേന്ദ്രം പൂഴ്ത്തുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷനിലെ അംഗങ്ങളായ പിസി മോഹന്‍, ജെവി മീനാക്ഷി എന്നിവര്‍ രാജിവെക്കുകയും ചെയ്തിരുന്നു. ബിസിസനസ് സ്റ്റാന്‍ഡേര്‍ഡ് ദിനപത്രമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്നത്.

ഗ്രാമീണ മേഖലയെ അപേക്ഷിച്ച് നഗര മേഖലയിലാണ് തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നുനില്‍ക്കുന്നത്. ഗ്രാമീണ മേഖലയില്‍ 5.3 ശതമാനവും നഗരമേഖലയില്‍ 7.8 ശതമാനവുമാണ് നിരക്ക്. യുവജനങ്ങള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 13 മുതല്‍ 27 ശതമാനം വരെ ഉയര്‍ന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

1972-73 കാലഘട്ടത്തിലാണ് ഇതിന് മുമ്പ് തൊഴിലില്ലായ്മ നിരക്ക് ഇത്രയും ഉയര്‍ന്ന നിലയില്‍ എത്തിയത്. 2011-12 വര്‍ഷം തൊഴിലില്ലായ്മ നിരക്ക് 2.2 ശതമാനമായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ റിപ്പോര്‍ട്ട് പുറത്തായത് കേന്ദ്രത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.