“ദൈവമേ ഈ ക്രിമിനലുകളോട് ഒരിക്കലും പൊറുക്കരുതേ…”

Posted on: January 31, 2019 1:10 pm | Last updated: January 31, 2019 at 2:33 pm

തിരുവനന്തപുരം: രക്തസാക്ഷിത്വ ദിനത്തില്‍ ലോകം ഗാന്ധിജിയെ അനുസ്മരിക്കുമ്പോള്‍, ഗാന്ധിവധം പുനരാവിഷ്‌കരിച്ച് ഹിന്ദുമഹാസഭ നേതാവ് ഗാന്ധിയുടെ നെഞ്ചിലേക്ക് വീണ്ടും നിറയൊഴിച്ച സംഭവത്തില്‍ പ്രതിഷേധം പടരുന്നു. സാഹിത്യകാരന്‍ കെ സച്ചിദാനന്ദന്‍ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ദൈവമേ.. ഈ ക്രിമിനലുകളോട് ഒരിക്കലും പൊറുക്കരുതേ എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ഇന്നലെ അലിഗഢില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജശകുന്‍ പാണ്ഡേയാണ് രാജ്യത്തെ വേദനിപ്പിച്ച് ഗാന്ധിയുടെ പ്രതിരൂപത്തിലേക്ക് കൃത്രിമ തോക്കുപയോഗിച്ച് വെടിയുതിര്‍ത്തത്. പ്രതിരൂപത്തില്‍ നിന്ന് രക്തമൊഴുകുന്നതും ആവിഷ്‌കരിച്ചിരുന്നു. രണ്ട് തവണയാണ് വെടിയുതിര്‍ത്തത്.

വിവിധ ദേശീയ മാധ്യമങ്ങള്‍ ഇന്നലെ ഇത് സംബന്ധിച്ച വീഡിയോ ദൃശ്യം പുറത്തുവിട്ടു. ഗാന്ധിയുടെ ചിത്രം വെച്ച ഫഌ്‌സിലേക്ക് കൃത്രിമ തോക്ക് ഉപയോഗിച്ച് പൂജ ശകുന്‍ പാണ്ഡേ വെടിവെക്കുകയും തുടര്‍ന്ന് ഗാന്ധിയുടെ പ്രതിരൂപത്തില്‍ നിന്ന് രക്തം വരുന്നുവെന്ന രീതിയില്‍ ചുവന്ന ചായം താഴേക്ക് ഒഴുകുകയും ചെയ്യുന്നതാണ് ദൃശ്യം.

ഗോഡ്‌സെ മഹാത്മാവാണെന്നും ഗോഡ്‌സെക്ക് മരണമില്ലെന്നും ഉച്ചത്തില്‍ വിളിച്ചാണ് വെടിയുതിര്‍ക്കുന്നത്. ഗാന്ധിവധം ആഘോഷിക്കുന്നതിന്റെ ‘ഭാഗമായാണ് ഹിന്ദുമഹാസഭ പരിപാടി സംഘടിപ്പിച്ചത്.