92 റണ്‍സില്‍ ഇന്ത്യ തീര്‍ന്നു; 88 പന്തില്‍ ന്യൂസിലന്‍ഡ് തീര്‍ത്തു

Posted on: January 31, 2019 1:12 pm | Last updated: January 31, 2019 at 4:46 pm

ഹാമില്‍ട്ടണ്‍: മൂന്നു ഏകദിനങ്ങളില്‍ വിജയിച്ച് പരമ്പര നേടിയെങ്കിലും അതിനു കനത്ത മങ്ങലേല്‍പ്പിക്കുന്ന തോല്‍വി ന്യൂസിലന്‍ഡിനോട് ഇന്ത്യ ഏറ്റുവാങ്ങി. ഹാമില്‍ട്ടണില്‍ ഇന്ത്യയുടെ വിധി അതായിരുന്നു. നാലാം ഏകദിനത്തില്‍ എട്ടു വിക്കറ്റിനാണ് ന്യൂസിലന്‍ഡ് സന്ദര്‍ശകരെ തകര്‍ത്തു വിട്ടത്.

ടോസ് നഷ്ടം മുതല്‍ തുടങ്ങി ഇന്ത്യയുടെ ദുര്യോഗം. ആദ്യം ബാറ്റിംഗിനിറങ്ങേണ്ടി വന്ന ഇന്ത്യ മൂന്നക്കം തികക്കാതെയാണ് കൂടാരത്തിലേക്ക് മാര്‍ച്ച് ചെയ്തത്. 92 റണ്‍സിന് ഓള്‍ ഔട്ട്! എല്ലാം നൊടിയിട കൊണ്ടു കഴിഞ്ഞതു പോലെ. 30.5 ഓവര്‍ മാത്രമെ ന്യൂസിലന്‍ഡിന് എറിയേണ്ടി വന്നുള്ളൂവെന്നതു കൂടി ചേര്‍ത്തു വായിക്കുമ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ ചോദിച്ചു പോകുന്നു..എവിടെയാണ്, എന്താണ് സംഭവിച്ചത്. ആതിഥേയര്‍ക്കു ലക്ഷ്യം നേടാന്‍ 14.4 ഓവര്‍ മാത്രമേ വേണ്ടിവന്നുള്ളൂ. ഇതിനായി ആകെ നഷ്ടപ്പെടുത്തേണ്ടി വന്നത് രണ്ടേ രണ്ടു വിക്കറ്റും.

വിരാട് കോലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മയുടെ നായകത്വത്തിലാണ് ഇന്ത്യ ഇറങ്ങിയത്. രോഹിതിന്റെ കരിയറിലെ 200 ാം ഏകദിനമായിരുന്നു ഇത്. ആറാം ഓവറിലാണ് ഇന്ത്യയുടെ പതനം തുടങ്ങിയത്. ശിഖര്‍ ധവാനായിരുന്നു ആദ്യ ഇര. 13 റണ്‍സെടുത്ത ധവാന്‍ ബോള്‍ട്ടിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി. തുടര്‍ന്ന് ഏഴില്‍ നില്‍ക്കെ നായകനും കളം വിട്ടു. ബോള്‍ട്ടിന്റെ തന്നെ പന്തില്‍ ക്യാച്ച് നല്‍കിയാണ് രോഹിത് പുറത്തായത്.

അക്കൗണ്ട് തുറക്കും മുമ്പ് അമ്പാട്ടി റായിഡുവും ദിനേശ് കാര്‍ത്തിക്കും മടങ്ങി. മുന്‍നിരയിലെ നാലു വിക്കറ്റുകള്‍ ബലികഴിച്ചപ്പോള്‍ 33 ആയിരുന്നു ഇന്ത്യയുടെ സ്‌കോര്‍. ഇവിടെ നിന്ന് ഏഴു റണ്‍സ് കൂടി ചേര്‍ക്കുമ്പോഴേക്കും മൂന്നു വിക്കറ്റുകള്‍ കൂടി നഷ്ടമായി. 21 പന്തില്‍ ഒമ്പതു റണ്‍സെടുത്ത അരങ്ങേറ്റ താരം ശുഭ്മാന്‍ ഗില്ലും ബോള്‍ട്ടിനു മുന്നില്‍ വീണു. കേദാര്‍ യാദവും ഭുവനേശ്വര്‍ കുമാറും ഓരോ റണ്‍ സംഭാവന ചെയ്ത് തിരിച്ചുപോയി. ഇന്ത്യയുടെ ഏഴു ബാറ്റ്‌സ്മാന്മാരാണ് രണ്ടക്കം കാണാതെ പുറത്തായത്. 18 റണ്‍സെടുത്ത യുസ്‌വേന്ദ്ര ചഹല്‍ ആണ് ടീമിന്റെ ടോപ് സ്‌കോറര്‍.

അഞ്ച് വിക്കറ്റ് നേട്ടവുമായി ന്യൂസിലന്‍ഡ് ബൗളിംഗിനെ നയിച്ച ട്രെന്റ് ബോള്‍ട്ടും മൂന്നു വിക്കറ്റെടുത്ത ഗ്രാന്ദ്‌ഹോമുമാണ് ഇന്ത്യയെ ശ്വാസം മുട്ടിച്ചു കൊല്ലുന്നതില്‍ മുഖ്യ പങ്കു വഹിച്ചത്. 10 ഓവറില്‍ 21 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് ബോള്‍ട്ട് അഞ്ചു വിക്കറ്റുകള്‍ കൊയ്തത്. ഇതില്‍ നാലോവറുകള്‍ മെയ്ഡനായിരുന്നു.

ന്യൂസിലന്‍ഡിനായി 42 പന്തില്‍ 30 റണ്‍സ് അടിച്ചെടുത്ത് നിക്കോള്‍സും 25ല്‍ 37 നേടി റോസ്് ടെയ്‌ലറും പുറത്താകാതെ നിന്നു. ഗുപ്റ്റില്‍ 14ഉം കെയ്ന്‍ വില്യംസണ്‍ 11ഉം റണ്‍സെടുത്ത് പുറത്തായി.