രാംഗഢ് ഉപതിരഞ്ഞെടുപ്പ്: ബിജെപിയെ മലര്‍ത്തിയടിച്ച് കോണ്‍ഗ്രസിന് മിന്നുന്ന ജയം

Posted on: January 31, 2019 12:59 pm | Last updated: January 31, 2019 at 3:52 pm

ജയ്പൂര്‍: രാജസ്ഥാനിലെ രംഗഢ് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സഫിയ ഖാന് മിന്നുന്ന ജയം. 12,228 വോട്ടുകള്‍ക്ക് ബിജെപിയുടെ സുഖ്‌വാന്ത് സിംഗിനെയാണ് സഫിയ കീഴടക്കിയത്. മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയുമായ സുബൈര്‍ ഖാന്റെ ഭാര്യയാണ് സഫിയ ഖാന്‍.

തുടക്കം മുതല്‍ തന്നെ വലിയ ലീഡ് നേടിയ സഫിയ ഒരു ഘട്ടത്തില്‍ പോലും എതിരാളികള്‍ക്ക് മുന്‍തൂക്കം നല്‍കാതെയാണ് വിജയക്കൊടി പാറിച്ചത്. ബിഎസ്പി സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് ഇവിടെ തിരഞ്ഞെടുപ്പ് മാറ്റിവെക്കുകയായിരുന്നു. ബിഎസ്പി സ്ഥാനാര്‍ഥിയായി മത്സരിച്ച മുന്‍ കേന്ദ്രമന്ത്രി നട്‌വര്‍ സിംഗിന്റെ മകന്‍ ജഗത് സിംഗ് മൂന്നാം സ്ഥാനത്താണ്. 2013ല്‍ ബിജെപി വിജയിച്ച മണ്ഡലമാണിത്. ജയത്തോടെ 200 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് നൂറ് എംഎല്‍എമാരായി.

അതേസമയം, ഹരിയാനയിലെ ജിന്ദില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി കൃഷ്ണ മിദ്ധ ലീഡ് ചെയ്യുകയാണ്. ജെജെപി സ്ഥനാര്‍ഥി ദുഷ്യന്ത് ചൗട്ടാലയാണ് രണ്ടാം സ്ഥാനത്ത്. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ഇവിടെ മൂന്നാം സ്ഥാനത്താണ്.