മുഴുവന്‍ കുടുംബങ്ങള്‍ക്കും ആരോഗ്യ പരിരക്ഷ

Posted on: January 31, 2019 10:36 am | Last updated: January 31, 2019 at 10:54 am

തിരുവനന്തപുരം: സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിക്ക് ബജറ്റില്‍ തുക അനുവദിച്ചു. സംസ്ഥാനത്തെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ആരോഗ്യ പരിരക്ഷാ പദ്ധതി ഏര്‍പ്പെടുത്തും. പദ്ധതിയിലെ 40 ലക്ഷം കുടുംബങ്ങളുടെ പ്രീമിയം സര്‍ക്കാര്‍ അടയ്ക്കും. പദ്ധതി മേയില്‍ നടപ്പിലാക്കും. ഒരു ലക്ഷം രൂപ വരെയുള്ള ചികിത്സ ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ നിന്ന് നേരിട്ട് ലഭ്യമാക്കും.

ജീവിത ശൈലീ രോഗങ്ങള്‍, കാന്‍സര്‍ എന്നിവയുടെ ചികിത്സക്ക് ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ നേരിട്ട് അഞ്ച് ലക്ഷം രൂപ വരെ നല്‍കും. ഇന്‍ഷ്വറന്‍സ് എടുക്കുന്ന എല്ലാവര്‍ക്കും ആനുകൂല്യമുണ്ടാകും. നിര്‍ധനരുടെ പ്രീമിയം സര്‍ക്കാര്‍ അടയ്ക്കും. ആര്‍ എസ് ബി വൈ- കാരുണ്യ പദ്ധതികള്‍ സംയോജിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ ആശുപത്രികളായി ഉയര്‍ത്തും. ഉച്ചക്കു ശേഷവും ഒ പി ലാബും ഒ പിയും പ്രവര്‍ത്തിക്കും. മുഴുവന്‍ മെഡിക്കല്‍ കോളജുകളിലും ഓങ്കോളജിസ്റ്റുകളെ നിയമിക്കും. ലോട്ടറി വരുമാനവും പദ്ധതിക്കായി ഉപയോഗിക്കും. ഓരോ പഞ്ചായത്തിലും ആരോഗ്യ സേനയെ നിയമിക്കും. 200 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും.