നവകേരള നിര്‍മാണത്തിന് 25 പദ്ധതികള്‍; തിരുവനന്തപുരത്ത് നവോഥാന പഠന മ്യൂസിയം

Posted on: January 31, 2019 9:36 am | Last updated: January 31, 2019 at 9:49 am

തിരുവനന്തപുരം:നവകേരള നിര്‍മാണത്തിന് 25 പദ്ധതികള്‍ക്കു രൂപം നല്‍കിയതായി ധനമന്ത്രി തോമസ് ഐസക്. റീബില്‍ഡ് പദ്ധതി, കിഫ്ബി തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് പദ്ധതികള്‍ സംഘടിപ്പിക്കുന്നത്.

തിരുവനന്തപുരത്ത് നവോഥാന പഠന മ്യൂസിയം നിര്‍മിക്കും. മുഴുവന്‍ ജില്ലകളിലും കലാകാരികള്‍ ചരിത്ര സ്മൃതികളെ ശാശ്വതമാക്കുന്ന സ്മാരക മതിലുകള്‍ സൃഷ്ടിക്കും. ഇതിനു ലളിതകലാ അക്കാദമി മുന്‍കൈയെടുക്കും. സ്ത്രീ ശാക്തീകരണത്തിനുള്ള സമഗ്ര സംഭാവനക്ക് ദാക്ഷായണി വേലായുധന്റെ പേരില്‍ പുരസ്‌കാരം നല്‍കും.ഇതിനു രണ്ടുകോടി രൂപ അനുവദിക്കും. പ്രളയ ബാധിത പഞ്ചായത്തുകള്‍ക്ക് സമഗ്ര ജീവനോപാധി പദ്ധതികള്‍ക്കായി 250 കോടി രൂപ വകയിരുത്തും.

പ്രളയ ബാധിതമായ കേരളത്തെ കരകയറ്റുന്നതിനും പുനര്‍ നിര്‍മാണത്തിനുമുള്ള വിഭവ സമാഹരണം കേന്ദ്ര സര്‍ക്കാര്‍ തടസ്സപ്പെടുത്തിയെന്ന് അദ്ദേഹം ആരോപിച്ചു. 3000 കോടി രൂപ മാത്രമാണ് കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ചത്. മാത്രമല്ല, മറ്റു രാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത സഹായങ്ങള്‍ സ്വീകരിക്കുന്നതിനും കേന്ദ്രം വിലങ്ങുതടിയായി നിന്നു. വായ്പയെടുക്കാനും അനുവദിച്ചില്ല.

സംസ്ഥാനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന സര്‍ക്കാറാണ് കേന്ദ്രത്തില്‍ ഉണ്ടാവേണ്ടതെന്നും മന്ത്രി പറഞ്ഞു.