എരഞ്ഞോളി മൂസ മരിച്ചെന്ന് വ്യാജ വാര്‍ത്ത; യുവാവിനെ പോലീസ് പിടികൂടി

Posted on: January 31, 2019 9:02 am | Last updated: January 31, 2019 at 2:20 pm

തലശ്ശേരി: പ്രശസ്ത മാപ്പിളപ്പാട്ടുകാരനും നടനും ഫോക്‌ലോര്‍ അക്കാദമി വൈസ് ചെയര്‍മാനുമായ എരഞ്ഞോളി മൂസയെ സമൂഹമാധ്യമങ്ങളിലൂടെ മരിച്ചുവെന്ന് പ്രചരിപ്പിച്ച യുവാവിനെ പോലീസ് പിടികൂടി. മുഴപ്പിലങ്ങാട് സ്വദേശി സല്‍സബീലില്‍ ഷല്‍കീറി(38)നെയാണ് തലശ്ശേരി ടൗണ്‍ സി ഐ. എം പി ആസാദിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്.

സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് വ്യാജവാര്‍ത്തയുടെ ഉറവിടം പോലീസ് കണ്ടെത്തിയത്. പിടിയിലായ യുവാവിനെ ചോദ്യം ചെയ്ത് വരികയാണ്. ഇന്നലെ ഉച്ചക്ക് മൂന്നോടെയാണ് എരഞ്ഞോളി മൂസ മരിച്ചതായി തലശ്ശേരി ടൗണിലുള്ള ഒരു വാട്‌സാപ്പ് ഗ്രൂപ്പില്‍ ഇയാള്‍ പോസ്റ്റ് ചെയ്തത്. വിവരം കാട്ടുതീ പോലെ മറ്റ് ഗ്രൂപ്പുകളിലേക്ക് പ്രചരിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട തലശ്ശേരിയിലെ മാധ്യമ പ്രവര്‍ത്തകര്‍ മൂസയുടെ ഫോണില്‍ ബന്ധപ്പെട്ടു. തത്സമയം ഗായകന്‍ തലശ്ശേരി ചാലില്‍ മട്ടാമ്പ്രത്തെ വീട്ടില്‍ വിശ്രമിക്കുകയായിരുന്നു.

മരിച്ചുവെന്ന വാര്‍ത്ത അറിഞ്ഞ മൂസ താന്‍ ജീവിച്ചിരിക്കുന്നുണ്ടെന്നും വ്യാജ വാര്‍ത്ത സൃഷ്ടിച്ചവരെ നിയമത്തിന് മുന്നിലെത്തിക്കണമെന്നും പറയുന്ന വീഡിയോ മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കി. ഇത് സംബന്ധിച്ച് പോലീസില്‍ പരാതി ലഭിച്ചതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചയാളെ പോലീസ് പിടികൂടുകയായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പും സമാന പ്രചാരണം എരഞ്ഞോളി മൂസയെ പറ്റി അജ്ഞാത കേന്ദ്രങ്ങളില്‍ നിന്ന് ഉണ്ടായിരുന്നു. അന്ന് മൂസ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.