പിന്നെയും അയോധ്യ കുത്തിപ്പൊക്കുമ്പോള്‍

Posted on: January 31, 2019 6:01 am | Last updated: January 30, 2019 at 11:17 pm

പൊതുതിരഞ്ഞെടുപ്പില്‍ പറയത്തക്ക ഭരണ നേട്ടങ്ങള്‍ മുന്നോട്ടുവെക്കാനില്ലാത്തതു കൊണ്ടായിരിക്കണം ‘അയോധ്യ’യില്‍ തന്നെ അഭയം തേടുകയാണ് ബി ജെ പി. അയോധ്യയിലെ ബാബരി മസ്ജിദ് ഭൂമിക്കു ചുറ്റും 1991ല്‍ ഏറ്റെടുത്ത 67 ഏക്കര്‍ ഭൂമി രാമജന്മഭൂമി ന്യാസ്(ട്രസ്റ്റ്) ഉള്‍പ്പെടെയുള്ള ‘ഉടമകള്‍’ക്ക് തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ റിട്ട്ഹരജി സമര്‍പ്പിച്ചിരിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. 67 ഏക്കറില്‍ 42 ഏക്കര്‍ രാമജന്മഭൂമി ന്യാസില്‍ നിന്നാണത്രെ ഏറ്റെടുത്തത്. പ്രശ്‌നത്തില്‍ സുപ്രീം കോടതി വാദം കേള്‍ക്കാനിരിക്കെയാണ് സര്‍ക്കാര്‍ കോടതി തീര്‍പ്പിന് കാത്തുനില്‍ക്കാതെ തിരക്കിട്ട ഇടപെടല്‍ നടത്തിയത്. തിരഞ്ഞെടുപ്പിന് മുമ്പ് ക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിച്ച് തീവ്രഹിന്ദുത്വ വാദികളെ ഇളക്കിവിടുകയും വര്‍ഗീയത ആളിക്കത്തിക്കുകയുമാണ് ലക്ഷ്യം.

സര്‍ക്കാര്‍ ഏറ്റെടുത്ത 67 ഏക്കറില്‍ കാല്‍ നൂറ്റാണ്ടായി കോടതി നിര്‍ദേശപ്രകാരം തത്സ്ഥിതി തുടരുകയാണ്. ഭൂമി വിട്ടു കൊടുക്കാനുള്ള സര്‍ക്കാറിന്റെ നിര്‍ദേശം കോടതി അംഗീകരിച്ചാല്‍ മസ്ജിദ് നിലനിന്നിരുന്ന 0.33 ഏക്കര്‍ ഭൂമിയോട് ചേര്‍ന്ന് ക്ഷേത്രം ഉയര്‍ന്നു വരും. മാത്രമല്ല, കേസില്‍ പിന്നീട് മുസ്‌ലിംകള്‍ക്കനുകൂലമായി കോടതി വിധി വരികയാണെങ്കില്‍ അവരുടെ അവകാശം കേവലം 0.33 ഏക്കറില്‍ പരിമിതപ്പെടുകയും ചെയ്യും. തകര്‍ക്കപ്പെട്ട പള്ളി നിന്നിരുന്ന സ്ഥലം മാത്രമല്ല അതിനു ചുറ്റുമായി മൊത്തം 2.77 ഏക്കര്‍ സ്ഥലം പള്ളിയുടെ ഉടമസ്ഥതയിലുള്ളതാണ്. എന്നാല്‍, 0.33 ഏക്കര്‍ മാത്രമാണ് തര്‍ക്കഭൂമിയെന്നാണ് സംഘ്പരിവാര്‍ വാദം. സര്‍ക്കാര്‍ അതപ്പടി അംഗീകരിക്കുകയാണ്.

ക്ഷേത്രനിര്‍മാണത്തിന് ഭൂമി വിട്ടു കൊടുക്കാനുള്ള സര്‍ക്കാറിന്റെ തീരുമാനം 1993ലെ അയോധ്യാ നിയമത്തിന് വിരുദ്ധമാണ്. പള്ളിയും രാമക്ഷേത്രവും മ്യൂസിയവും തീര്‍ഥാടകര്‍ക്കുള്ള സൗകര്യവും സജ്ജീകരിക്കുന്നതിനാണ് ഭൂമി ഏറ്റെടുത്തതെന്നാണ് അന്നത്തെ വിജ്ഞാപനത്തില്‍ പറയുന്നത്. ഏറ്റെടുത്ത ഭൂമിയില്‍ പ്രതീകാത്മകമായി പോലും ശിലാപൂജ, ഭൂമിപൂജ തുടങ്ങിയ മതപരമായ ചടങ്ങുകള്‍ നടത്തരുതെന്ന് 2002 മാര്‍ച്ച് 14ന്റെ സുപ്രീം കോടതി ഉത്തരവില്‍ പറയുന്നുമുണ്ട്. ബാബരി മസ്ജിദ് ഭൂമി തര്‍ക്കത്തില്‍ കോടതിയുടെ വിധിയെ ആശ്രയിച്ചാരിക്കും ഏറ്റെടുത്ത ഭൂമിയുടെ കൈകാര്യമെന്നും കോടതി വ്യക്തമാക്കിയതാണ്. ഇതനുസരിച്ചു മസ്ജിദ് നിന്നിരുന്ന സ്ഥലവും പരിസരവുമുള്‍പ്പെടെ 2.77 ഏക്കര്‍ ഭൂമി മൂന്നായി വിഭജിച്ച് നല്‍കിക്കൊണ്ടുള്ള അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീലുകളില്‍ സുപ്രീം കോടതിയുടെ അന്തിമവിധി വന്ന ശേഷമായിരിക്കണം 67 ഏക്കര്‍ ഭൂമി എന്ത് ചെയ്യണമെന്ന് തീരുമാനമെടുക്കേണ്ടത്. ഇതിന് വിരുദ്ധമായി 47 ഏക്കര്‍ ഭൂമി രാമക്ഷേത്രം നിര്‍മിക്കാനായി വി എച്ച് പിയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച രാമജന്മഭൂമി ന്യാസിന് കൈമാറാന്‍ തിടുക്കം കൂട്ടുന്നത് മുസ്‌ലിം സമൂഹത്തോടുള്ള കടുത്ത വഞ്ചന കൂടിയാണ്.
അല്ലെങ്കിലും അയോധ്യാ ഭൂമി തര്‍ക്കം ഇതപര്യന്തം വഞ്ചനയുടെയും നുണകളുടേതുമാണല്ലോ. 1528ല്‍ ബാബര്‍ ചക്രവര്‍ത്തിയുടെ ഗവര്‍ണര്‍ മീര്‍ബാഖി നിര്‍മിച്ച ബാബരി മസ്ജിദുമായി ബന്ധപ്പെട്ട 1861 വരെയുളള മൂന്നര നൂറ്റാണ്ട് കാലത്തോളം ഹൈന്ദവ സഹോദരന്മാര്‍ക്ക് ഒരു പരാതിയും തര്‍ക്കവും ഉണ്ടായിരുന്നില്ല. 1861ല്‍ ഫൈസാബാദിലെ കമ്മീഷണര്‍ ആന്റ് സെറ്റില്‍മെന്റ് ഓഫീസര്‍ ഒരു റിപ്പോര്‍ട്ടില്‍ ‘1528ല്‍ ബാബര്‍ അയോധ്യ സന്ദര്‍ശിച്ചതായും അദ്ദേഹത്തിന്റെ ആജ്ഞപ്രകാരം ജന്മസ്ഥാനിലുണ്ടായിരുന്ന ക്ഷേത്രം തകര്‍ത്തതായും തോന്നുന്നു’വെന്ന പരാമര്‍ശത്തോടെയാണ് ഇവിടെ പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചതും ഹിന്ദുത്വ വാദികള്‍ അവകാശവാദവുമായി രംഗത്തുവരുന്നതും. തുടര്‍ന്ന് 1949 ഡിസംബര്‍ 22ന് അവിടെ കാവലുണ്ടായിരുന്ന പോലീസുകാരുടെ കണ്ണുവെട്ടിച്ച് ചില ഹിന്ദുത്വ തീവ്രവാദികള്‍ പള്ളിയില്‍ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചു. ഇത് സംബന്ധിച്ച് മാതാ പ്രസാദ് എന്ന പോലീസുകാരന്‍ അയോധ്യാ പോലീസ് സ്റ്റേഷനില്‍ അന്ന് രേഖപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ: ’50-60 ആളുകള്‍ അടങ്ങുന്ന ഒരു സംഘം മന്ദിരത്തില്‍ പൂട്ടുകള്‍ തകര്‍ത്തോ മതില്‍ ചാടിയോ പ്രവേശിച്ചു. പിന്നെ ശ്രീരാമവിഗ്രഹം പ്രതിഷ്ഠിക്കുകയും സീതാറാം എന്ന് ഭിത്തിയുടെ അകത്തും പുറത്തും എഴുതി വെക്കുകയും ചെയ്തു’ ഈ തോന്നലാണ് എല്ലാറ്റിന്റെയും മൂലകാരണം.
രാമന്‍ ജനിച്ചതായി കരുതപ്പെടുന്നത് ഒമ്പത് ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. എന്നാല്‍ 1500 ബി സിക്ക് മുമ്പ് അയോധ്യയിലും സമീപപ്രദേശങ്ങളിലും മനുഷ്യവാസമുള്ളതായി ചരിത്രപരമായി തെളിയിക്കപ്പെട്ടിട്ടില്ല. 1949ന് മുമ്പ് ഹിന്ദുക്കള്‍ അവിടെ ആരാധന നടത്തിയതിനും തെളിവില്ല. മസ്ജിദിന്റെ മിനാരത്തിന് കീഴില്‍ 1949ല്‍ ബലപ്രയോഗത്തിലൂടെയാണ് രാമവിഗ്രഹം സ്ഥാപിച്ചതെന്ന് 2010 സെപ്തംബര്‍ 30ന് അലഹബാദ് ഹൈക്കോടതി തന്നെ സമ്മതിച്ചതുമാണ്. ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് ക്ഷേത്രാവശിഷ്ടങ്ങള്‍ ഉണ്ടോ എന്നറിയാനായി മണ്ണുമാന്തി തിരച്ചില്‍ നടത്താന്‍ കോടതി സംഘ്പരിവാര്‍ അനകൂലികളുടെ ആധിപത്യത്തിലുള്ള ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയെ നിയോഗിച്ചെങ്കിലും അവര്‍ക്ക് ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളൊന്നും കണ്ടെത്താനായതുമില്ല. എന്നിട്ടും പള്ളിയുടെ യഥാര്‍ഥ അവകാശികളാരെന്നു തീരുമാനിക്കാന്‍ കോടതിക്ക് ഇതുവരെയായിട്ടില്ലെന്നതാണ് വിചിത്രം. ഒരു വശത്ത് കേവലം കെട്ടുകഥകളും മിത്തുകളും മാത്രം. മറുവശത്ത് അനിഷേധ്യമായ ചരിത്ര വസ്തുതകളും. ഇത്തരമൊരു വിഷയത്തില്‍ ഉടമസ്ഥാവകാശത്തില്‍ തീര്‍പ്പ് കല്‍പ്പിക്കാനും നീതി നടപ്പാക്കാനും എന്തിനിത്ര താമസം. എന്തു കൊണ്ടോ നമ്മുടെ നീതിന്യായ സ്ഥാപനങ്ങള്‍ക്ക് ഇതൊരു സങ്കീര്‍ണ പ്രശ്‌നമാണ്. ഇന്നത്തെ സാഹചര്യത്തില്‍ സങ്കീര്‍ണത കല്‍പ്പിക്കുകയേ ന്യായാധിപന്മാര്‍ക്ക് മാര്‍ഗമുള്ളൂ. ജസ്റ്റിസ് ലോയയുടെയും ജസ്റ്റിസ് പ്രകാശ് തോംബരെയുടെയും ചരിത്രം അവരുടെ മുമ്പിലുണ്ടല്ലോ.