Connect with us

Kerala

ടോമിന്‍ തച്ചങ്കരിയെ മാറ്റി

Published

|

Last Updated

തിരുവനന്തപുരം: ടോമിന്‍ തച്ചങ്കരിയെ കെഎസ്ആര്‍ടിസി സിഎംഡി സ്ഥാനത്തുനിന്നും മാറ്റി. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.

എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ എംപി ദിനേശിനാണ് പകരം ചുമതല. സിഐടിയു അടക്കമുള്ള യൂണിയനുകള്‍ തച്ചങ്കരിക്കെതിരെ രംഗത്തു വന്നിരുന്നു.

മറ്റ് മന്ത്രിസഭായോഗ തീരുമാനങ്ങള്‍

വനം വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ വി വേണുവിനെ റവന്യൂ, ദുരന്തനിവാരണം വകുപ്പുകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിച്ചു. റവന്യൂ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പിഎച്ച്കു ര്യന്‍ ജനുവരി 31ന് വിരമിക്കുന്ന സാഹചര്യത്തിലാണു മാറ്റം. വനം, വന്യജീവി വകുപ്പ് ഒഴികെയുള്ള അധിക ചുമതലകള്‍ തുടര്‍ന്നും വി വേണു നിര്‍വഹിക്കും. ആസൂത്രണ സാമ്പത്തിക കാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ ജയതിലകിന് നിലവിലുള്ള ചുമതലകള്‍ക്കു പുറമെ വനം, വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതലയും നല്‍കും.
പട്ടികജാതിപട്ടികവര്‍ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയ്ക്കു നിലവിലുള്ള ചുമതലകള്‍ക്കു പുറമെ പൊതുഭരണവകുപ്പിന്റെ അധിക ചുമതലയും, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസിന് ഊര്‍ജം, പരിസ്ഥിതി വകുപ്പുകളുടെ അധിക ചുമതലയും നല്‍കും. മൃഗസംരക്ഷണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എക്‌സ്.അനില്‍ വിരമിക്കുന്ന മുറയ്ക്ക് അദ്ദേഹം വഹിച്ചിരുന്ന എല്ലാ വകുപ്പുകളും കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ദേവേന്ദ്രകുമാര്‍ സിങ്ങിന് അധിക ചുമതലകളായി നല്‍കും. ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടര്‍ ബി.എസ്.തിരുമേനിയെ പൊതുവിദ്യാഭ്യാസ ഡയറക്ടറായി മാറ്റി നിയമിക്കും.ജലനിധി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണനെ പൊതുഭരണം (എഐഎസ്) വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി മാറ്റി നിയമിക്കും. ജലനിധി എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ അധിക ചുമതലയും വഹിക്കും. സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ജാഫര്‍ മാലികിന് ആസൂത്രണ സാമ്പത്തിക കാര്യ ഡെപ്യൂട്ടി സെക്രട്ടറി, സിപിഎംയു ഡയറക്ടര്‍ എന്നീ വകുപ്പുകളുടെ അധിക ചുമതലകള്‍ നല്‍കും. പത്തനംതിട്ട എഡിഎം വി.ആര്‍.പ്രേംകുമാറിനെ ഹയര്‍സെക്കന്‍ഡറി ഡയറക്ടറായി മാറ്റി നിയമിക്കും.