Connect with us

Kerala

ബ്രിട്ടോയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതാണ് മരണത്തിനിടയാക്കിയതെന്ന് ഡോക്ടര്‍

Published

|

Last Updated

തിരുവനന്തപുരം: സി പി എം നേതാവും മുന്‍ എം എല്‍ എയുമായിരുന്ന സൈമണ്‍ ബ്രിട്ടോയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതാണ് മരണത്തിനിടയാക്കിയതെന്ന് തൃശൂര്‍ ദയ ആശുപത്രിയിലെ ഡോക്ടര്‍. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്നും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാനാവുമായിരുന്നുവെന്നും ഡോ. അബ്ദുല്‍ അസീസ് പറഞ്ഞു.

അസ്വസ്ഥത അനുഭവപ്പെട്ട് 12 മണിക്കൂറിലധികം പിന്നിട്ട ശേഷമാണ് ആശുപത്രിയിലെത്തിച്ചത്. ആംബുലന്‍സില്‍ വച്ച് ബ്രിട്ടോ സംസാരിച്ചിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഹൃദയത്തെ പ്രവര്‍ത്തിപ്പിക്കാനായുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും വിഫലമാവുകയായിരുന്നു.

നെഞ്ചുവേദന അനുഭവപ്പെട്ടപ്പോള്‍ ആശുപത്രിയില്‍ പോകാന്‍ ബ്രിട്ടോ ആദ്യം വിസമ്മതിച്ചുവെന്നാണ് കൂടെയുള്ളവര്‍ പറഞ്ഞതെന്നും ഡോക്ടര്‍ വ്യക്തമാക്കി. ശ്വാസതടസ്സത്തിനും നെഞ്ചിലെ അസ്വസ്ഥതക്കും ബ്രിട്ടോ കൈയിലുണ്ടായിരുന്ന ചില മരുന്നുകള്‍ പ്രയോഗിച്ചു നോക്കിയതായുള്ള വിവരവും അവരില്‍ നിന്നു ലഭിച്ചു.

ബ്രിട്ടോയുടെ മരണത്തില്‍ സംശയമുന്നയിച്ച് ഭാര്യ സീന ഭാസ്‌കര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വിവരങ്ങള്‍ പലതും തെറ്റായാണ് രേഖപ്പെടുത്തിയതെന്നും സീന മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞ പ്രകാരമുള്ള ഹൃദയ രോഗങ്ങളൊന്നും ബ്രിട്ടോക്കുണ്ടായിരുന്നില്ല. എന്നാല്‍ ഇത് വിവാദമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

Latest