Connect with us

National

രാജ്യത്തെ നടുക്കി ഗാന്ധി വധം ആഘോഷമാക്കി ഹിന്ദു മഹാസഭ

Published

|

Last Updated

അലിഗഢ്: രാജ്യത്തെ ഞെട്ടിച്ച് രാഷ്ട്രപിതാവിന്റെ രക്തസാക്ഷിത്വ ദിനം ആഘോഷമാക്കി ഹിന്ദു മഹാസഭ. ഗാന്ധിയുടെ പ്രതിമയുണ്ടാക്കി കളിത്തോക്ക് ഉപയോഗിച്ച് വെടിവെക്കുകയും പ്രതീകാത്മകമായി രക്തമൊഴുക്കുകയും ചെയ്താണ് രാഷ്ട്രത്തെയൊന്നാകെ അപമാനിക്കുന്ന കൃത്യം സംഘടന നടത്തിയത്. ഇതിനു പുറമെ 1948ല്‍ ഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്‌സെയുടെ പ്രതിമ അലങ്കരിക്കുകയും ചെയ്തു.

ഉത്തര്‍ പ്രദേശിലെ അലിഗഢിലാണ് സംഭവം. ഹിന്ദു മഹാസഭ നേതാവ് പൂജ ശകുന്‍ പാണ്ഡെയാണ് ഗാന്ധിയുടെ പ്രതിമയിലേക്ക് നിറയൊഴിച്ചത്. ഇതിനു ശേഷം മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. ഗാന്ധിയെ ഗോഡ്‌സെ വധിച്ച ജനുവരി 30 ശൗര്യ ദിവസ് ആയാണ് ഹിന്ദു മഹാസഭ ആചരിക്കുന്നത്.

മീററ്റിലെ സംഘടനയുടെ കാര്യാലയത്തിലും പരിസരത്തും മധുരം വിതരണം ചെയ്തുള്ള ആഘോഷങ്ങള്‍ നടന്നു. പ്രവര്‍ത്തകര്‍ ബോളിവുഡ് ഗാനങ്ങള്‍ക്കൊത്ത് നൃത്തം വെക്കുകയും ചെയ്തു. റിപ്പബ്ലിക് ദിനം കരിദിനമായി ആചരിക്കുകയും ഇന്ത്യന്‍ ഭരണഘടനക്കെതിരെ പ്രതിഷേധമുയര്‍ത്തുകയും ചെയ്തതിനു പിന്നാലെയാണ് തീവ്ര ഹിന്ദുത്വ സംഘടന ദേശീയതയെ കൂടുതല്‍ അപമാനിക്കുന്ന കൃത്യങ്ങളുമായി രംഗത്തെത്തിയത്.

“1948ലെ ഈ ദിവസമാണ് ഗാന്ധിയെ രാജ്യത്തിന്റെ ഹീറോ നാഥുറാം ഗോഡ്‌സെ  വധിച്ചത്. വര്‍ഷം തോറും ഈ ദിനത്തില്‍ ഞങ്ങള്‍ ആഘോഷം സംഘടിപ്പിക്കുകയും മധുരം വിതരണം ചെയ്യുകയും ചെയ്യാറുണ്ട്”-സംഘടനയുടെ ദേശീയ വൈസ് പ്രസിഡന്റ് പണ്ഡിറ്റ് അശോക് ശര്‍മ പറഞ്ഞു.