പതിനാലുകാരിയെ വീട്ടുജോലിക്കു നിര്‍ത്തി പീഡിപ്പിച്ചു; നടി ഭാനുപ്രിയക്കെതിരെ പോക്‌സോ കേസ്

Posted on: January 30, 2019 4:09 pm | Last updated: January 30, 2019 at 4:09 pm

ഹൈദരാബാദ്: പതിനാലുകാരിയെ വീട്ടുജോലിക്കു നിര്‍ത്തി പീഡിപ്പിച്ചതായുള്ള പരാതിയില്‍ നടി ഭാനുപ്രിയക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തു. ആന്ധ്രപ്രദേശിലെ ശിശുക്ഷേമ സമിതിയാണ് കേസെടുത്തത്.

കിഴക്കന്‍ ഗോദാവരി ജില്ലയിലെ പ്രഭാവതി എന്ന സ്ത്രീയാണ് തന്റെ മകളെ ഭാനുപ്രിയ വീട്ടുജോലിക്കായി ചെന്നൈയിലേക്കു കൊണ്ടുപോയി പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി സമാല്‍ക്കോട്ട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. നേരത്തെ പറഞ്ഞുറപ്പിച്ച പ്രകാരമുള്ള 10,000 രൂപ 18 മാസത്തോളമായി കുട്ടിക്കു നല്‍കിയില്ലെന്നും കുറച്ചു കാലമായി കുടുംബവുമായി ബന്ധപ്പെടുന്നത് വിലക്കിയിരുന്നുവെന്നും പരാതിയില്‍ ആരോപിച്ചിട്ടുണ്ട്.

ഭാനുപ്രിയയുടെ സഹോദരന്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചതായി വിവരം കിട്ടിയതിനെ തുടര്‍ന്ന് പ്രഭാവതിയും ബന്ധുക്കളും നടിയുടെ വീട്ടില്‍ എത്തിയെങ്കിലും ഭീഷണിപ്പെടുത്തി മടക്കിയയക്കുകയായിരുന്നു. പെണ്‍കുട്ടിയെ വിട്ടുകിട്ടണമെങ്കില്‍ പത്തു ലക്ഷം രൂപ നല്‍കണമെന്നു ശഠിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.

അതേസമയം, തന്റെ വീട്ടില്‍ നിന്ന് ഒന്നരലക്ഷത്തോളം
രൂപ വിലവരുന്ന വസ്തുക്കള്‍ പെണ്‍കുട്ടി മോഷ്ടിച്ചതായി ആരോപിച്ച് ഭാനുപ്രിയയും പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. പരാതി നല്‍കുമെന്ന് പറഞ്ഞപ്പോഴാണ് പെണ്‍കുട്ടിയുടെ കുടുംബം അടിസ്ഥാനമില്ലാത്ത കാര്യങ്ങളുന്നയിച്ച് പോലീസിനെ സമീപിച്ചതെന്നും ഭാനുപ്രിയ വ്യക്തമാക്കുന്നു.