മദ്‌റസാധ്യാപകനെ വധിക്കാന്‍ ശ്രമിച്ച സംഭവം; ആര്‍എസ്എസുകാരന്‍ അറസ്റ്റില്‍

Posted on: January 30, 2019 3:12 pm | Last updated: January 30, 2019 at 7:01 pm

മഞ്ചേശ്വരം: ശബരിമല യുവതീ പ്രവേശത്തിനെതിരെ സംഘ്പരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ മുളിഗദ്ദെയിലെ മദ്‌റസാദ്യാപകന്‍ അബ്ദുല്‍ കരീം മുസ്‌ലിയാരെ (40) കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൂടി അറസ്്‌റില്‍. ബായാറിലെ ഓട്ടോ ഡ്രൈവര്‍ പ്രശാന്ത് എന്ന ശ്രീധറിനെ(27) ആണ് അറസ്റ്റ് ചെയ്തത്. ജില്ലാ അതിര്‍ത്തിയായ തലപ്പാടിയില്‍ വെച്ചാണ് അഡീ. എസ് ഐ അനീഷും സംഘവും ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. മുഖ്യപ്രതിയടക്കം നാല് പേരെയാണ് ഇടി പിടികൂടുനുള്ളതെന്ന് പോലീസ് അറിയിച്ചു. ആക്രമണത്തില്‍ പരുക്കേറ്റ അബ്ദുല്‍ കരീമിന്റെ നില ഗുരുതരമായി തുടരുകയാണ്.

ബായാര്‍ പള്ളിയിലെ ഇമാമായ കരീം മുസ്‌ലിയാര്‍ ബൈക്കില്‍ വരുന്നതിനിടെ ആര്‍ എസ് എസ് സംഘം ആക്രമിക്കുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് അദ്ദേഹത്തെ ബൈക്കില്‍ നിന്ന് അടിച്ച് താഴെയിട്ടത്. താഴെ വീണ അദ്ദേഹത്തെ ഇരുമ്പ് പൈപ്പുകളും വടികളും ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ചു. കരീം മുസ്‌ലിയാര്‍ ബോധരഹിതനായതോടെയാണ് സംഘം പിന്‍വാങ്ങിയത്. ഏറെനേരം റോഡില്‍ കിടന്ന അദ്ദേഹത്തെ നാട്ടുകാര്‍ ആദ്യം ബന്തിയോട് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

നില ഗുരുതരമായതോടെ മംഗളൂരു യൂനിറ്റി ആശുപത്രിയിലേക്ക് മാറ്റി. കരീം മുസ്‌ലിയാരെ ആക്രമിക്കുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. നിര്‍ധന കുടുംബത്തിന്റെ ഏക ആശ്രയമായ കരീം മുസ്‌ലിയാരുടെ തുടര്‍ ചികിത്സക്ക് പണം കണ്ടെത്താന്‍ നാട്ടുകാര്‍ സഹായ സമിതി രൂപവത്കരിച്ചിരുന്നു.