സാമ്പത്തിക വളര്‍ച്ചാ നിരക്ക് 7.18 ശതമാനം ആയി വര്‍ധിച്ചു

Posted on: January 30, 2019 1:45 pm | Last updated: January 31, 2019 at 9:07 am

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 7.18 ശതമാനം ആയി വര്‍ധിച്ചെന്ന് ധനമന്ത്രി തോമസ് ഐസക്. മുന്‍ വര്‍ഷം ഇത് 6.22 ശതമാനം ആയിരുന്നു. ധനകമ്മിയും റവന്യൂ കമ്മിറ്റിയും കുറഞ്ഞു. എന്നാല്‍ പ്രതീക്ഷ വളര്‍ച്ച കൈവരിക്കാനായില്ലെന്നും സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെങ്കിലും സര്‍ക്കാര്‍ ചെലവ് ചുരുക്കാനല്ല, കൂട്ടാനാണ് ബജറ്റില്‍ പരിശ്രമിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു.

മാന്ദ്യത്തെ മറികടക്കുന്നതിന് ഉത്തേജകമായി ബജറ്റ് മാറണമെന്നാണ് കാഴ്ചപ്പാട്. ജിഎസ്ടി പ്രതീക്ഷത്ര നേട്ടമുണ്ടാക്കിയില്ല. കാര്‍ഷിക മേഖലയില്‍ 3.46 ശതമാനം വളര്‍ച്ചയുണ്ടായി. സാമ്പത്തിക വളര്‍ച്ചാ നിരക്ക് 2016-17 ല്‍ 6.22 ആയിരുന്നു. 2016-17 ല്‍ 2.51 ആയിരുന്ന റവന്യൂ കമ്മി ഇത്തവണ 2.46 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ധനകമ്മി 4.29 ല്‍ നിന്നും 3.9 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

കാര്‍ഷിക മേഖലയിലും വ്യവസായ മേഖലയിലുമാണ് വലിയ രീതിയില്‍ വളര്‍ച്ച കൈവരിച്ചതെന്നും സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രളയത്തില്‍ കാര്‍ഷിക മേഖലക്ക് വന്‍ നഷ്ടമുണ്ടായെങ്കിലും വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നാളെയാണ് സംസ്ഥാന ബജറ്റ്.