മോദിക്കും രാഹുല്‍ ഗാന്ധിക്കും ഒരേ സ്വരം: കോടിയേരി

Posted on: January 30, 2019 1:17 pm | Last updated: January 30, 2019 at 3:43 pm

തിരുവനന്തപുരം: കേരളത്തില്‍ വരുമ്പോള്‍ നരേന്ദ്ര മോഡിക്കും രാഹുല്‍ ഗാന്ധിക്കും ഒരേ സ്വരമാണെന്നും രണ്ട് പേരും കേരളത്തിന്റെ പുരോഗമന മനസിനെ ഒരുപോലെ ഭയപ്പെടുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പൊതു വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും കാര്യത്തില്‍ കേരളത്തിന്റെ നേട്ടങ്ങള്‍ രാജ്യത്തിന് തന്നെ മാതൃകയാണ്. ഇക്കാര്യത്തിലാണ് മോദി ചോദിക്കുന്ന ചോദ്യം രാഹുല്‍ ഗാന്ധിയും ആവര്‍ത്തിച്ചത്. ആര്‍ എസ് എസ് പ്രചാരകനും യു പി മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥും കേരളത്തിലെ ആശുപത്രികളെക്കുറിച്ച് ഇതേ ചോദ്യം ചോദിച്ചിരുന്നു. രാഹുല്‍ ഗാന്ധിക്ക് ഇത്തരം കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തെ വലിയ അബദ്ധത്തിലേക്കാണ് കൊണ്ടെത്തിക്കുന്നത്.

കേരളത്തിലുള്ളവര്‍ക്ക് രാഹുല്‍ ഗാന്ധിയെക്കുറിച്ചുള്ള ധാരണകള്‍ മാറി വരുന്നുണ്ട്. സിപിഎമ്മിനെ മുഖ്യ ശത്രുവായി കാണുകയും ബിജെപിയെ വെള്ള പൂശുകയുമാണ് അദ്ദേഹം ചെയ്യുന്നത്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഡല്‍ഹിയില്‍ ഒരു അഭിപ്രായവും കേരളത്തില്‍ വരുമ്പോള്‍ മറ്റൊരു അഭിപ്രായവുമാകുന്നത് എങ്ങനെയെന്ന് മലയാളികള്‍ സംശയിക്കുന്നുണ്ട്. രാഹുല്‍ അതിന് വ്യക്തമായ മറുപടി നല്‍കണം. ജിഎസ്ടി യും നോട്ടു നിരോധനവും ആദ്യം അനുകൂലിച്ചവര്‍ ഇപ്പോള്‍ തെരഞ്ഞടുപ്പ് മുന്നില്‍ കണ്ട് ജിഎസ്ടി ഒഴിവാക്കുമെന്ന് പറയുന്നു.

രാഹുലിന്റെ ഇത്തരം തെരഞ്ഞടുപ്പ് ഗിമ്മിക്കുകളൊന്നും ഇനി ചെലവാകാന്‍ പോകുന്നില്ല. കോണ്‍ഗ്രസിനെ അറിയുന്ന ആരും ഇതില്‍ വീഴില്ല. തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ചരിത്ര വിജയം നേടും. 2004ല്‍ ഒരു സീറ്റും നേടാനായിട്ടില്ലെന്ന കാര്യം കോണ്‍ഗ്രസിന് ഓര്‍മയുണ്ടാകണമെന്നും കോടിയേരി പറഞ്ഞു.