രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് ബിജെപി നേതാവ്

Posted on: January 30, 2019 1:08 pm | Last updated: January 30, 2019 at 1:08 pm

പനാജി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് ബിജെപി നേതാവ്. ഗോവ എംഎല്‍എയും ഡെപ്യൂട്ടി സ്പീക്കറുമായ മൈക്കില്‍ ലോബോയാണ് രാഹുലിനെ പുകഴ്ത്തി രംഗത്തെത്തിയത്. രാഹുല്‍ ഗാന്ധിയെപോലെ ലളിത ജീവിതം നയിക്കുന്ന നേതാക്കളെ രാജ്യത്തിന് ആവശ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രോഗബാധിതനായ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ കാണാന്‍ രാഹുല്‍ ഇന്നലെ നിയമസഭാ മന്ദിരത്തില്‍ എത്തിയിരുന്നു. റാഫേല്‍ വിഷയത്തില്‍ പരീക്കര്‍ക്കെതിരെ രൂക്ഷമായ ആരോപണം ഉന്നയിച്ച് ഒരു ദിവസം കഴിയുന്നതിന് മുന്നെയായിരുന്നു രാഹുലിന്റെ സന്ദര്‍ശനം.

റാഫേല്‍ ഇടപാട് സംബന്ധിച്ച് പരീക്കര്‍ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരന്‍ ആയതിനാലാണ് അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാത്തതെന്നായിരുന്നു രാഹുലിന്റെ ആരോപണം. എന്നാല്‍ പരീക്കറെ സന്ദര്‍ശിച്ചത് തികച്ചും വ്യക്തിപരമായിട്ടാണെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. പരീക്കര്‍ എത്രയും പെട്ടെന്ന് രോഗ വിമുക്തി നേടട്ടെയെന്നും രാഹുല്‍ ആശംസിച്ചു.
രാഹുലിന്റേത് സ്വകാര്യ സന്ദര്‍ശനമായിരുന്നെന്നും റാഫേല്‍ പോലുള്ള വിഷയങ്ങള്‍ അവര്‍ തമ്മില്‍ സംസാരിച്ചില്ലെന്നും ഗോവ കോണ്‍ഗ്രസ് ഘടകം വ്യക്തമാക്കി.

നേരത്തെ റാഫേല്‍ ഇടപാടിലെ രഹസ്യ രേഖകള്‍ പരീക്കറുടെ കൈയിലുണ്ടെന്നും അത് കാരണമാണ് അദ്ദേഹത്തെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാത്തതെന്നും ഗോവയിലെ മന്ത്രി പറയുന്നതിന്റെ ശബ്ദരേഖ കോണ്‍ഗ്രസ് പുറത്ത് വിട്ടിരുന്നു. എന്നാല്‍, വ്യാജ തെളിവുകളുണ്ടാക്കാനുള്ള കോണ്‍ഗ്രസിന്റെ ദയനീയമായ ശ്രമമാണ് ഇതെന്നായിരുന്നു പരീക്കറുടെ പ്രതികരണം.