Connect with us

National

ബലാത്സംഗത്തില്‍ നിന്ന് യുവതിയെ രക്ഷിച്ചത് പതിവായി ഭക്ഷണം നല്‍കിയ തെരുവുനായ

Published

|

Last Updated

ഭോപ്പാല്‍: അന്നം നല്‍കിയ കൈകളെ മനുഷ്യന്‍ മറന്നാലും മൃഗങ്ങള്‍ക്ക് മറക്കാനാകില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് ഷേരുവെന്ന തെരുവ് നായ. അയല്‍വാസിയായ യുവാവിന്റെ ബലാത്സംഗശ്രമത്തില്‍ നിന്ന് യുവതിയെ രക്ഷപ്പെടുത്തി താരമായിരിക്കുകയാണ് ഷേരു. മധ്യപ്രദേശിലെ ചോഹ്‌ല നഗരത്തിലാണ് സംഭവം. 29 കാരിക്ക് നേരെ കഴിഞ്ഞ ഞായറാഴ്ചയാണ് പീഡന ശ്രമം നടന്നത്.

വീടിനടുത്ത് കഴിഞ്ഞിരുന്ന ഈ നായക്ക് യുവതി എല്ലാ ദിവസവും ഭക്ഷണം നല്‍കിയിരുന്നു. യുവതി തനിച്ചുള്ള സമയത്ത് വീട്ടിലെത്തിയ അയല്‍വാസിയായ യുവാവ് വാതിലില്‍ മുട്ടി വിളിച്ചു. വാതില്‍ തുറക്കവേ വാതില്‍ അകത്തേക്ക് തള്ളി യുവതിയെ കടന്ന് പിടിച്ച് പീഡിപ്പക്കാന്‍ ശ്രമിക്കുകയിരുന്നു. മദ്യലഹരിയിലായിരുന്ന യുവാവ് യുവതിയെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് തെരുവ് നായ രക്ഷകനായെത്തിയത്.

യുവതി നല്‍കിയ ഭക്ഷണം കഴിച്ച് വീടിന് സമീപത്ത് കിടന്നിരുന്ന തെരുവ് നായ ശബ്ദം കേട്ട് ഓടിയെത്തി, യുവാവിന് നേരെ കുരച്ച് ചാടി. ഇതോടെ ഇയാള്‍ ഭയന്ന് വീട് വിട്ട് ഓടി. പുറത്തിറങ്ങിയ യുവാവ് നായയെ കുത്തിപ്പരുക്കേല്‍പ്പിച്ച് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് യുവതി ഭര്‍ത്താവിനൊപ്പം അടുത്തുള്ള പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. സംഭവത്തില്‍ പോലീസ് സുനില്‍ എന്ന യുവാവിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കോളനിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സുനിലിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്നും ഇയാള്‍ക്കെതിരെ തിരച്ചില്‍ നടക്കുകയാണെന്നും പോലീസ് അറിയിച്ചു.