എസ് ജെ എം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കുന്നു

Posted on: January 30, 2019 9:54 am | Last updated: January 30, 2019 at 9:54 am

കോഴിക്കോട്: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രവര്‍ത്തനം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിന് സെന്‍ട്രല്‍ കമ്മിറ്റി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു. ഇതിന്റെ ഭാഗമായി പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് ജില്ലാതല മുറാഖിബുമാരെ നിയമിക്കും. ഫെബ്രുവരി ആറിന് കര്‍ണാടകയിലും മാര്‍ച്ച് മൂന്നിന് ഗോവയിലും സ്‌റ്റേറ്റ് കൗണ്‍സിലുകള്‍ വിളിച്ചുചേര്‍ത്ത് സംസ്ഥാന സമിതികള്‍ രൂപവത്കരിക്കും. ഏപ്രില്‍ ആദ്യവാരത്തില്‍ നാഷനല്‍ കൗണ്‍സില്‍ വിളിച്ചുചേര്‍ത്ത് സെന്‍ട്രല്‍ കമ്മിറ്റി പുനഃസംഘടിപ്പിക്കാനും തീരുമാനമായി.

സമസ്ത സെന്ററിലെ എസ് ജെ എം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് സയ്യിദ് അലി ബാഫഖി അധ്യക്ഷത വഹിച്ചു. ഡോ. അബ്ദുല്‍ അസീസ് ഫൈസി ഉദ്ഘാടനം ചെയ്തു. പ്രൊഫ. എ കെ അബ്ദുല്‍ഹമീദ് ആമുഖ പ്രഭാഷണം നടത്തി. കുഞ്ഞുകുളം സുലൈമാന്‍ സഖാഫി റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു.

കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, വി പി എം വില്യാപ്പള്ളി, കെ പി എച്ച് തങ്ങള്‍, വി എം കോയ മാസ്റ്റര്‍, പി കെ ബാവ മുസ്‌ലിയാര്‍, യഅ്കൂബ് ഫൈസി, ശാഹുല്‍ ഹമീദ് ബാഖവി ചര്‍ച്ചക്ക് നേതൃത്വം നല്‍കി. ചെറൂപ്പ ബശീര്‍ മുസ്‌ലിയാര്‍ സ്വാഗതവും വി വി അബൂബക്കര്‍ സഖാഫി നന്ദിയും പറഞ്ഞു.