ബ്രഡ് ഉത്പന്നങ്ങളില്‍ ഉപ്പ് കൂടാന്‍ പാടില്ല; നിര്‍ദേശവുമായി സഊദി ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അതോറിറ്റി

Posted on: January 30, 2019 9:46 am | Last updated: January 30, 2019 at 9:46 am

ദമ്മാം: രാജ്യത്ത് ഉത്പാദിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ ഖുബ്‌സിലും മറ്റു ബ്രഡ് ഉത്പന്നങ്ങളിലും ഉപ്പിന്റെ അളവ് വര്‍ധിക്കാന്‍ പാടില്ലന്ന് സഊദി ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അതോറിറ്റി നിര്‍ദേശം നല്‍കി. 100 ഗ്രാം ഉത്പന്നത്തില്‍ ഒരു ഗ്രാമില്‍ കൂടുതല്‍ ഉപ്പ് പാടില്ല.
ഭക്ഷ്യവസ്തുക്കളില്‍ ഉപ്പിന്റെ അളവ് കുറച്ച് കൊണ്ടുവരികയെന്ന ലോകരോഗ്യ സംഘടനയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സഊദിയിലും പദ്ധതി നടപ്പാക്കുന്നതെന്ന് സഊദി ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അതോറിറ്റി മേധാവി അബ്ദുര്‍റഹ്മാന്‍ അല്‍സുല്‍ത്താന്‍ വ്യക്തമാക്കി.

ബ്രഡ് ഉത്പന്നങ്ങളില്‍ ഉപ്പ് കുറക്കുന്നതിനു ഉത്പാദന സ്ഥാപനങ്ങള്‍ക്കും ഇറക്കുമതി ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും 2019 ഏപ്രില്‍ മുപ്പത് വരെ സമയ പരിധി നല്‍കിയിട്ടുണ്ട്.

പ്രമേഹം, രക്തസമര്‍ദം തുടങ്ങി നിത്യ രോഗങ്ങള്‍ വര്‍ധിക്കുന്നതിന് ഭക്ഷങ്ങളില്‍ ഉപ്പ് വര്‍ധിക്കുന്നത് പ്രധാനകാരണമായാണ് കണ്ടെത്തിയിരിക്കുന്നതെന്ന് അതോറിറ്റി വ്യക്തമാക്കി. ഖുബ്‌സിലും മറ്റു ബ്രഡ് ഉത്പന്നങ്ങളിലും ഉപ്പ് കുറക്കുന്നതിനു വേണ്ടി പ്രത്യേക ബോധവത്കരണ പരിപാടി ആരംഭിച്ചതായി അതോറിറ്റി വ്യക്തമാക്കി.