കളം പിടിക്കാന്‍ കരുത്തരെ തേടി സി പി ഐ

Posted on: January 30, 2019 9:04 am | Last updated: January 30, 2019 at 11:28 am

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച സ്ഥാനാര്‍ഥികളെ തേടി സി പി ഐ അലയുന്നു. ജീവന്‍മരണ പോരാട്ടത്തിന് മുന്നണികളും പാര്‍ട്ടികളുമൊരുങ്ങുമ്പോള്‍ സ്ഥാനാര്‍ഥികള്‍ക്കായി സി പി ഐ പരക്കംപായുകയാണ്. സംസ്ഥാനത്തിന്റെ ശ്രദ്ധാകേന്ദ്രമായ തിരുവനന്തപുരം മണ്ഡലം കാലങ്ങളായി സി പി ഐക്കാണ് നല്‍കിയിട്ടുള്ളത്.

പി കെ വാസുദേവന്‍ നായര്‍, പന്ന്യന്‍ രവീന്ദ്രന്‍, കെ വി സുരേന്ദ്രനാഥ് എന്നിവര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തവണ വമ്പന്‍മാര്‍ കളത്തിലിറങ്ങുമെന്നതിനാല്‍ അതിനൊപ്പം നിര്‍ത്താന്‍ പറ്റിയ ആരും തന്നെ സി പി ഐയിലില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് സീറ്റ് മറിച്ചുവിറ്റതായി ആക്ഷേമുയര്‍ന്നിരുന്നു. അതിനാല്‍ ഇത്തവണ തിരുവനന്തപുരം വിട്ട് മറ്റേതെങ്കിലും മണ്ഡലത്തിലേക്ക് മാറാനുള്ള സാധ്യത സി പി ഐ പരിശോധിക്കുന്നുണ്ട്. നാല് സീറ്റുകളിലാണ് സി പി ഐ മത്സരിക്കുന്നത്. ഇതില്‍ തൃശൂരില്‍ സി എന്‍ ജയദേവന്‍ മാത്രമാണ് കഴിഞ്ഞ തവണ വിജയിച്ചത്. ഇത്തവണ തൃശൂരും കൈവിടുമോ എന്ന ആശങ്ക പാര്‍ട്ടിക്കുണ്ട്. തിരുവനന്തപുരം വെച്ചുമാറാന്‍ പത്തനംതിട്ട സീറ്റാണ് സി പി ഐ നോക്കുന്നത്. കഴിഞ്ഞ തവണ ഇടത് സ്വതന്ത്രനായി പീലിപ്പോസ് തോമസ് മത്സരിച്ച മണ്ഡലമാണ് പത്തനംതിട്ട. കോണ്‍ഗ്രസിലെ ആന്റോ ആന്റണി വിജയിച്ച പത്തനംതിട്ടയില്‍ സി പി ഐക്ക് നേരിയ പ്രതീക്ഷയുണ്ട്. എന്നാല്‍ സി പി എം മണ്ഡലം വിട്ടുകൊടുക്കുമെന്ന് സൂചനയൊന്നും നല്‍കിയിട്ടില്ല.

തിരുവനന്തപുരം വച്ചുമാറാനായില്ലെങ്കില്‍ ദേശീയതലത്തില്‍ ശ്രദ്ധിക്കുന്ന ആരെയെങ്കിലും ഇറക്കാനാണ് നോക്കുന്നത്. പന്ന്യന്‍ രവീന്ദ്രനെ മത്സരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം മത്സരത്തിനില്ലെന്ന് പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. ശശി തരൂരിന്റെ വ്യക്തിപ്രഭാവത്തെ നേരിടാന്‍ പറ്റിയ സ്ഥാനാര്‍ഥിയാകണം വരേണ്ടത്. സി പി ഐയുടെ ദേശീയ നേതാക്കളില്‍ ഒരാളായ ആനി രാജയെ മത്സരിപ്പിക്കാനാണ് സാധ്യത. വയനാട് കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ട സത്യന്‍ മൊകേരിക്ക് ഒരു വട്ടം കൂടി അവസരം നല്‍കിയേക്കും. നല്ല മത്സരം കാഴ്ച്ചവെക്കാന്‍ മൊകേരിക്ക് കഴിഞ്ഞിരുന്നു. എം ഐ ഷാനവാസിന്റെ വിയോഗം തിരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുമെന്ന് കൂടി കണക്കിലെടുക്കേണ്ടതുണ്ട്.

മാവേലിക്കരയില്‍ കഴിഞ്ഞ തവണ ചെങ്ങറ സുരേന്ദ്രനായിരുന്നു സി പി ഐ സ്ഥാനാര്‍ഥി. കൊടിക്കുന്നില്‍ സുരേഷിനോട് തോറ്റ ചെങ്ങറയെ വീണ്ടും മത്സരിപ്പിക്കുമോ എന്ന് കണ്ടറിയണം. എന്നാല്‍ സി പി ഐക്ക് ഇവിടേയും മറ്റൊരു സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ കഴിയാത്ത സ്ഥിതിയാണ്. തൃശൂരില്‍ മാത്രമാണ് സി എന്‍ ജയദേവന്‍ അല്ലെങ്കില്‍ കെ പി രാജേന്ദ്രന്‍ എന്നിവര്‍ മത്സരിക്കാനുള്ളത്. എങ്ങനെയും കേരളത്തില്‍ നിന്ന് പരമാവധി സീറ്റ് പിടിക്കുകയെന്നത് പാര്‍ട്ടിയുടെ അഭിമാനപ്രശ്‌നമാണ്.