Connect with us

Articles

ഏന്താണിവര്‍ പറയുന്ന സംസ്‌കാരം?

Published

|

Last Updated

നായന്മാരുടെ ഏറ്റവും വലിയ വിദ്വേഷത്തിന് ഇരകളാക്കപ്പെട്ടത് ഈഴവ സമുദായം ആയിരുന്നു. 1905ല്‍ പൊട്ടിപ്പുറപ്പെട്ട നായരീഴവ ലഹളയുടെ അടിസ്ഥാന കാരണം ഈഴവരുടെ സ്‌കൂള്‍ പ്രവേശനം ആയിരുന്നു. കേരളം ഒരു ജാതിരഹിതസമൂഹമാണെന്നും രണ്ടാം നവോത്ഥാനം ജാതിസ്പര്‍ധ വളര്‍ത്താനുള്ള കുടിലതന്ത്രമാണെന്നുമൊക്കെ തട്ടിവിടുന്നവര്‍, പഴയ ചരിത്ര താളുകളൊക്കെ ഒന്ന് മറിച്ച് നോക്കുന്നത് നല്ലതാണ്. സവര്‍ണ ന്യൂനപക്ഷത്തിന്റെ പീഡനങ്ങള്‍ കണ്ണുംപൂട്ടി സഹിച്ചിരുന്ന അവര്‍ണ ഭൂരിപക്ഷം കാര്യങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. തങ്ങള്‍ പുറപ്പെട്ടതെവിടെ നിന്ന്? എവിടെ എത്തിനില്‍ക്കുന്ന്? എത്തിച്ചേര്‍ന്ന ലക്ഷ്യം എന്ത്? എന്നൊക്കെയുള്ള സൂക്ഷ്മ പഠനത്തിന് ഇപ്പോഴത്തെ ഈ കോലാഹലങ്ങള്‍ വഴിയൊരുക്കിയിരിക്കുന്നു.

ക്ഷേത്രങ്ങള്‍ സംസ്‌കാരത്തിന്റെ തൂണുകളാണെന്നും അവ തകര്‍ക്കപ്പെട്ടാല്‍ സംസ്‌കാരം തകരുമെന്നും മാതാ അമൃതാനന്ദമയിക്ക് വെളിപാടുണ്ടായിരിക്കുന്നു.ശബരിമല വിധിക്കെതിരെ ബി ജെ പി നടത്തിവന്ന സമര നാടകത്തിന് സമാപനം കുറിച്ചുകൊണ്ട് തിരുവനന്തപുരത്ത് നടന്ന അയ്യപ്പ സംഗമത്തിലാണ് അവര്‍ ഈ പ്രസ്താവന നടത്തിയത്. കേരളത്തിലെ അറിയപ്പെടുന്ന ഒട്ടുമിക്ക കാവിവസ്ത്രധാരികളായ സന്യാസിമാരെയും ഒരുമിച്ചിരുത്താന്‍ സംഘാടകര്‍ക്ക് കഴിഞ്ഞു. അവരുടെ വായില്‍ നിന്നും പിണറായി വിജയനെതിരെ ഒട്ടേറെ പുലഭ്യം പറച്ചിലുകള്‍ ഉതിര്‍ന്നു വീണു. ആധ്യാത്മികാചാര്യന്‍മാരെന്ന നിലയില്‍ അറിയപ്പെടുന്ന ഇവര്‍ എന്തുതരം സംസ്‌കാരമാണാവോ സംരക്ഷിക്കാന്‍ ഭാവിക്കുന്നത്? ഇന്ത്യയുടെ ഭരണഘടനക്കും മീതെയാണ് മനുസ്മൃതി എന്നാണോ ഇവരുടെ ഭാവം? ഭരണഘടനാശില്‍പികള്‍ വിഭാവന ചെയ്ത സമത്വത്തിലും സ്വാതന്ത്ര്യത്തിലും സാഹോദര്യത്തിലും അധിഷ്ഠിതമായ സംസ്‌കാരത്തിനും മീതെയാണോ ക്ഷേത്രങ്ങളുടെ തൂണുകള്‍ കൊണ്ട് താങ്ങിനിറുത്തിയിരിക്കുന്നു എന്നു പറയുന്ന ഈ സംസ്‌കാരം? ഇങ്ങനെ ചോദിക്കാനാണെങ്കില്‍ ചോദ്യങ്ങള്‍ ധാരാളം.

ഇവര്‍ പ്രകീര്‍ത്തിക്കുന്ന നമ്മുടെ ക്ഷേത്ര സംസ്‌കാരത്തിന്റെ 19-ാം നൂറ്റാണ്ടിലെ അവസ്ഥയെന്തെന്നു നോക്കാം. കേരളത്തില്‍ ക്ഷേത്രങ്ങളുടെ സ്ഥാനത്ത് വളരെ മുമ്പ് കാവുകളാണുണ്ടായിരുന്നത്. ഈ കാവുകള്‍ ഉഗ്രമൂര്‍ത്തികളായ ദേവതകളുടെ ആലയമായിരുന്നു. ആ കാവുകള്‍ നിലനിന്നിരുന്ന ദേശത്തെ എല്ലാ ആവലാതികളും സങ്കടങ്ങളും കേട്ടു പരിഹാരം കാണുന്ന ഉന്നത സഭാ സങ്കേതങ്ങള്‍ ആയിരുന്നു. തറക്കൂട്ടങ്ങളെന്നായിരുന്നു ഇവ അറിയപ്പെട്ടിരുന്നത്. പരിഷ്‌കൃത ജനാധിപത്യത്തിന്റെ മറ്റൊരു മുഖം കാവുകളിലെ കൂറ്റന്‍മരച്ചുവടുകളില്‍ കൂടിയിരുന്ന ഈ നാട്ടുകൂട്ടങ്ങളില്‍ ദര്‍ശിക്കാവുന്നതാണ്. കാവുസംസ്‌കാരം തകര്‍ക്കപ്പെടുകയും തല്‍സ്ഥാനത്ത് ക്ഷേത്രസംസ്‌കാരം പ്രാബല്യത്തില്‍ വരികയും ചെയ്തു. ക്ഷേത്രങ്ങള്‍ തന്നെ ശൈവം, വൈഷ്ണവം, ശാക്തേയം എന്നിങ്ങനെ മൂന്ന് തരത്തിലായിരുന്നു. ഇതോടെ മുമ്പിവിടെ ഉണ്ടായിരുന്ന ജൈന ബുദ്ധമത വിഹാരങ്ങള്‍ തകര്‍ക്കപ്പെട്ടു. ഭഗവതി കാവുകളിലെ തട്ടകങ്ങളില്‍ നടന്നുവന്നിരുന്ന പഴയ തറകൂട്ടങ്ങളെയും തകര്‍ത്തുകൊണ്ട് തലപൊക്കിയതാണ് ഇപ്പോഴത്തെ ഈ ക്ഷേത്രസംസ്‌കാരം. ഇവിടത്തെ ജാതിവ്യവസ്ഥയെ അരക്കിട്ടുറപ്പിച്ച ബ്രാഹ്മണ സംസ്‌കാരത്തെ ശക്തിപ്പെടുത്തിയ ഈ സംസ്‌കാരം നവോത്ഥാന സംരംഭങ്ങളില്‍ ആടിയുലഞ്ഞു. കുറേയൊക്കെ തിരോഭവിച്ചു.

നവോത്ഥാനത്തിന്റെ ഈ രണ്ടാം ഘട്ടത്തില്‍ ബ്രാഹ്മണ ഹിന്ദുത്വ സംസ്‌കാരത്തിന്റെ അവശേഷിച്ച ഘടകങ്ങള്‍ക്ക് എതിരെ ആഞ്ഞടിച്ചേക്കും എന്ന ആശങ്കയാണ് അല്ലാതെ ശബരിമല സങ്കേതത്തിന്റെ പവിത്രത നഷ്ടപ്പെടും എന്ന ആശങ്കയല്ല ഇപ്പോഴത്തെ ഈ ശരണം വിളികളില്‍ മുഴങ്ങുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് നടത്തിയ സര്‍വേ റിപ്പോര്‍ട്ടില്‍ വാര്‍ഡ് ആന്‍ഡ് കോണര്‍ എന്നീ സായിപ്പന്‍മാര്‍ നല്‍കിയ സര്‍വേ റിപ്പോര്‍ട്ടില്‍ അമ്പലരാജ്യം (ഠലാുഹല േെമലേ )എന്നാണവര്‍ ഈ ബ്രാഹ്മണ ജനാധിപത്യ നാടുവാഴിവ്യവസ്ഥയെ വിശേഷിപ്പിച്ചത്. ഇത്തരം ഒരു കാലത്തിന്റെ പുനഃസ്ഥാപനമായിരിക്കണം നമ്മുടെ ഈ സന്യാസിവര്യന്‍മാര്‍ സ്വപ്‌നം കാണുന്നത്!

ട്രാവന്‍കൂര്‍ സ്റ്റേറ്റ് മാനുവല്‍ ഉദ്ധരിച്ചുകൊണ്ട് “പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം” രചിച്ച പി ഭാസ്‌കരനുണ്ണി ഇവിടുത്തെ ക്ഷേത്രഭരണത്തെക്കുറിച്ച് ഇപ്രകാരം എഴുതി: അധികപക്ഷം നാടുവാഴികളും നായന്മാരായിരുന്നു. ശേഷിച്ചവര്‍ നമ്പൂതിരിമാരും. ക്ഷത്രിയരും അമ്പലവാസികളും. 5000 സംവത്സരം മുമ്പ് യൂറോപ്പിലെ ചില കാത്തോലിക്കാ പള്ളികളില്‍ ചെയ്തിരുന്നതുപോലെ ആവക ദേവസ്വങ്ങള്‍ ലൗകികമായഅധികാരങ്ങളും നടത്തി വന്നിരുന്നു. അവക്ക് അനവധി വസ്തുക്കളും ഉണ്ടായിരുന്നു. അപ്രകാരമുള്ള ദേവസ്വങ്ങളില്‍ ക്ഷേത്രം സംബന്ധിച്ച് ഏതെങ്കിലും ചില അധികാരങ്ങള്‍ ഉണ്ടായിരിക്കുക എന്നത് വളരെ ബഹുമാനമായിട്ടാണ് പ്രഭുക്കന്‍മാരും രാജാക്കന്‍മാര്‍ തന്നെയും വിചാരിച്ചു വന്നിരുന്നത്. (പേജ് 816- കേരളസാഹിത്യ അക്കാദമി 2012) ബ്രാഹ്മണനെ ജാതിഭ്രഷ്ട് കല്‍പ്പിച്ച് ശൂദ്രനാക്കാനും ശൂദ്രനെ ബ്രാഹ്മണനാക്കാനുമുള്ള അവകാശം ക്ഷേത്രഭരണത്തിന്റെ പിന്‍ബലത്തോടെ അതുകൈയാളിയിരുന്ന ബ്രാഹ്മണര്‍ക്ക് കഴിഞ്ഞിരുന്നു. രാജാക്കന്മാരെ അവരോധിക്കാനും പുറന്തള്ളാനും ഉള്ള അവകാശവും ബ്രാഹ്മണര്‍ തന്ത്രപൂര്‍വം കൈവശപ്പെടുത്തിയിരുന്നു. ദൈവഭക്തിയല്ല ദൈവഭയം വളര്‍ത്തി സാമാന്യജനങ്ങളെ വരുതിക്കു നിറുത്തുക എന്ന ബ്രാഹ്മണിക് തന്ത്രമാണ് ഇപ്പോഴും മോദി മുതല്‍ ശ്രീധരന്‍പിള്ള വരെയുള്ളവര്‍ പരീക്ഷിക്കുന്നത്. കൈയില്‍ തീര്‍ഥപ്രസാദം വാങ്ങുക. സോപാനത്തില്‍ കയറി മണിയടിച്ചു തൊഴുക ഇതെല്ലാം ബ്രാഹ്മണനുമാത്രം വിധിച്ച അവകാശങ്ങളായിരുന്നു. കേരളത്തിലെ രാജാക്കന്‍മാരില്‍ പലര്‍ക്കും ഈ അവകാശം സിദ്ധിച്ചിരുന്നില്ല.ട്രാവന്‍കൂര്‍ സ്റ്റേറ്റ് മാനുവലിലെ ഒരു പരാമര്‍ശമനുസരിച്ച് ഇന്നത്തെ തിരുവിതാംകൂര്‍ രാജകുടുംബത്തില്‍ ആദ്യം ഹിരണ്യ ഗര്‍ഭം കഴിച്ച് അധികാരം ഏറ്റത് ആദ്യം മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവും പിന്നീട് ശ്രീമൂലംതിരുനാള്‍ മഹാരാജാവും ആയിരുന്നു. കേവലം ഒരു പൂണുല്‍ ധരിക്കാനും കുലശേഖരപ്പെരുമാള്‍ എന്ന വിളിപ്പേരു ലഭിക്കാനുമായിരുന്നു ഇത്തരം നമ്പൂതിരി വിഡ്ഢിത്തങ്ങള്‍ക്ക് തിരുവിതാംകൂര്‍ രാജാക്കന്‍മാര്‍ കൂട്ടുനിന്നത്. ഹിരണ്യഗര്‍ഭത്തിന്റെ ചടങ്ങുകള്‍ അതീവ വിചിത്രമായിരുന്നു. പത്തടി ഉയരവും എട്ടടി ചുറ്റളവും ഉള്ള പശുവിന്റെ ആകൃതിയില്‍ സ്വര്‍ണം കൊണ്ട് ഒരു പാത്രം നിര്‍മിക്കും. അതില്‍ പകുതിയോളം ഭാഗത്ത് പഞ്ചഗവ്യം നിറക്കും (പാല്‍, നെയ്യ്, തൈര്, ഗോമൂത്രം, ചാണകം) പിന്നീട് രാജാവിനെ അതിലാക്കി സ്വര്‍ണനിര്‍മിതമായ താമരയാകൃതിയിലുള്ള ഒരു അടപ്പുകൊണ്ടു പാത്രം അടയ്ക്കും. ആ സമയം അത്രയും ബ്രാഹ്മണര്‍ പാത്രം തൊട്ടു ജപിച്ചുകൊണ്ടിരിക്കും. ഇങ്ങനെ അഞ്ച് പ്രാവശ്യം രാജാവിനെ പഞ്ചഗവ്യദ്രാവകത്തില്‍ മുക്കിപൊക്കി പുറത്തെടുക്കുന്നതിനാണ് ഹിരണ്യഗര്‍ഭം എന്നു പറയുന്നത്. തീര്‍ന്നില്ല ഇതോടൊപ്പം സ്വര്‍ണം കൊണ്ട് ഒരു തുലാഭാരവും പഞ്ചഗവ്യം നിറച്ച സ്വര്‍ണപാത്രവും തുലാഭാരത്തില്‍ തൂങ്ങിയ സ്വര്‍ണവും മന്ത്രജപം നടത്താനെത്തിയ ബ്രാഹ്മണര്‍ക്ക് പങ്കുവെച്ചു നല്‍കും. ഹിരണ്യഗര്‍ഭത്തിന് 1739 ഫെബ്രുവരി 25 ലെ ഡച്ച് ഗവര്‍ണറോട് മാര്‍ത്താണ്ഡവര്‍മ്മയുടെ ദൂതന്‍മാര്‍ ആവശ്യപ്പെട്ടത് രണ്ട് ലക്ഷം കഴഞ്ചു സ്വര്‍ണമായിരുന്നു. ഇതില്‍ 10,000 കഴഞ്ചു ഡച്ചു ഗവര്‍ണര്‍ ദൂതന്മാര്‍വശം കൊടുത്തയക്കുകയും ചെയ്തുവത്രെ. (കേരള സംസ്‌കാരം ചരിത്രനിഘണ്ടു, ഡോ: എസ് കെ വസന്തന്‍ ഢീഹ:2 പേജ് 736) നാടിന്റെ പൊതുഖജനാവിലെ സമ്പത്ത് ബ്രാഹ്മണ ഇല്ലങ്ങളില്‍ എത്തിക്കൊണ്ടിരുന്നത് ഇത്തരം ചില സൂത്രവിദ്യകളിലൂടെ ആയിരുന്നു എന്നോര്‍ക്കണം. ബ്രാഹ്മണരുടെ ആശ്രിതരായിക്കൂടി ഉണ്ണണം, ഉറങ്ങണം, ഉണ്ണിയെ ഉണ്ടാക്കണം എന്ന മന്ത്രജപവും ആയി കഴിഞ്ഞുകൂടിയ കേരളത്തിലെ നായര്‍ പിള്ളേച്ചന്മാര്‍ക്ക് ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒരു സംസ്‌കാരമായിരുന്നു ആധുനിക ജനാധിപത്യസംസ്‌കാരത്തിനു മുമ്പില്‍ വഴിമാറികൊടുക്കേണ്ടി വന്നത്.

ഇപ്പോള്‍ എന്‍ എസ് എസ് എന്നറിയപ്പെടുന്ന സംഘടനയുടെ ആദ്യത്തെ പേര് നായര്‍ സമുദായ ഭൃത്യജനസംഘം എന്നായിരുന്നു. നമ്പൂതിരിയുടെ ഭൃത്യരായിരിക്കുക എന്നാല്‍ ദൈവത്തിന്റെ ഭൃത്യരായിരിക്കുക എന്നായിരിക്കണം ഈ പാവം പിള്ളേച്ചന്മാര്‍ വിചാരിച്ചിരുന്നത്. 1914 ല്‍ മന്നത്ത് പത്മനാഭ പിളളയുടെ നേതൃത്വത്തിലാണ് ഈ ഭൃത്യജനസംഘം സ്ഥാപിതമായത്. ഇന്നാപേരില്‍ അറിയപ്പെടാന്‍ ഒരു നായരുടെയും ആത്മാഭിമാനം അവരെ അനുവദിക്കുമെന്ന് തോന്നുന്നില്ല. 1959 ലെ വിമോചനസമരത്തോടെ ആയിരുന്നു എന്‍ എസ് എസിന്റെ രാഷ്ട്രീയ രംഗപ്രവേശം. നമ്പൂതിരിയുടെ തൊട്ടുതാഴെ തങ്ങള്‍ക്കു സ്ഥാനം വേണം മറ്റുള്ളവരെല്ലാം തങ്ങള്‍ക്ക് താഴെ ആയിരിക്കണം. കമ്മ്യൂണിസ്റ്റുകാരായി മാറിയ നായന്മാര്‍ ഈ നാണം കെട്ട പണിക്കു കൂട്ടുനിന്നില്ല എന്നതായിരിക്കണം നായര്‍മാന്യന്മാരെ പ്രകോപിപ്പിച്ചത്.

നായന്മാരുടെ ഏറ്റവും വലിയ വിദ്വേഷത്തിന് ഇരകളാക്കപ്പെട്ടത് ഈഴവ സമുദായം ആയിരുന്നു. 1905ല്‍ പൊട്ടിപ്പുറപ്പെട്ട നായരീഴവ ലഹളയുടെ അടിസ്ഥാന കാരണം ഈഴവരുടെ സ്‌കൂള്‍ പ്രവേശനം ആയിരുന്നു. കേരളം ഒരു ജാതിരഹിതസമൂഹമാണെന്നും മതേതരത്വം ആണ് തങ്ങളുടെ ലക്ഷ്യമെന്നും രണ്ടാം നവോത്ഥാനവും വനിതാമതിലും ഒക്കെ ജാതിസ്പര്‍ധ വളര്‍ത്താനുള്ള കമ്മ്യൂണിസ്റ്റ് കുടിലതന്ത്രമാണെന്നും ഒക്കെ വെറുതെ അങ്ങു തട്ടിവിടുന്നവര്‍, പഴയ ചരിത്ര താളുകളൊക്കെ ഒന്ന് മറിച്ച് നോക്കുന്നത് നല്ലതാണ്. പലതും കൈവിട്ടുപോയി. അതൊന്നും ഇനി വീണ്ടു കിട്ടില്ലെന്നറിഞ്ഞുകൊണ്ടു തന്നെയാണീവക കണ്ണടച്ചിരുട്ടാക്കല്‍. സവര്‍ണ ന്യൂനപക്ഷത്തിന്റെ പീഡനങ്ങള്‍ കണ്ണുംപൂട്ടി സഹിച്ചിരുന്ന അവര്‍ണ ഭൂരിപക്ഷം കാര്യങ്ങള്‍ തിരമിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. തങ്ങള്‍ പുറപ്പെട്ടതെവിടെ നിന്നു? എവിടെ എത്തിനില്‍ക്കുന്ന്? എത്തിച്ചേര്‍ന്ന ലക്ഷ്യം എന്ത്? എന്നൊക്കെയുള്ള സൂക്ഷ്മ പഠനത്തിന് ഇപ്പോഴത്തെ ഈ കോലാഹലങ്ങള്‍ വഴിയൊരുക്കിയിരിക്കുന്നു. തീര്‍ച്ചയായും ഇതൊരു നല്ലൊരു കാര്യമാണ്.

1902ല്‍ ഹരിപ്പാട് ഇംഗ്ലീഷ് ഹൈസ്‌ക്കൂളില്‍ രണ്ട് ഈഴവ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം കിട്ടുന്നതിനായി ടി കെ മാധവന്‍ ശ്രമിച്ചു. നിയമം അനുകൂലമായിരുന്നു. എന്നാല്‍, സവര്‍ണരുടെ എതിര്‍പ്പു ഭയന്ന് ഹെഡ് മാസ്റ്റര്‍ പ്രവേശനം നിഷേധിച്ചു. തുടര്‍ന്ന് എഴുത്തുകുത്തുകള്‍ വഴി സ്‌കൂള്‍ ഇന്‍സ്‌പെക്ടര്‍ എം രാജരാജവര്‍മ്മ ഇടപെട്ട് പ്രവേശനം നല്‍കി. ഇതിനെ തുടര്‍ന്ന് ലഹളയുണ്ടായി. 1905 ജനുവരി 22ന് ലഹള രൂക്ഷമായി. കൊല്ലം, കാര്‍ത്തികപള്ളി പ്രദേശങ്ങളിലും ഹരിപ്പാടും ആയിരുന്നു കലാപം. നായര്‍ സ്ത്രീകളെ പോലെ ഈഴവ പെണ്ണുങ്ങള്‍ വസ്ത്രധാരണം നടത്തുന്നതു പ്രശ്‌നമായി. കായംകുളത്തിനടുത്തുള്ള ഒരു ഈഴവസ്ത്രീ മുട്ടിന് താഴെ ഇറങ്ങുന്ന മുണ്ട് ഉടുത്തുപോയപ്പോള്‍ നായന്മാര്‍ എതിര്‍ത്തു. അപ്പോള്‍ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന ഈഴവപ്രമാണി ഇടപെട്ടു. തുടര്‍ന്ന് നടന്ന അടിലഹളക്ക് ശേഷം ഈഴവര്‍ നായന്മാരുടെ കൃഷിസ്ഥലങ്ങളില്‍ ഉള്‍പ്പെടെയുള്ള എല്ലാ ജോലികളും ബഹിഷ്‌കരിച്ചു. മറ്റ് അവര്‍ണ ജാതിക്കാരായ തൊഴിലാളികളും ഈഴവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജോലിയില്‍ നിന്നും വിട്ടു നിന്നു. ഈഴവര്‍ക്ക് കൂടുതല്‍ സ്വാധീനമുള്ള മേഖലകളില്‍ നായന്മാരെ വഴിയില്‍ തടയുക, അവരുടെ കുടമടക്കിക്കുക, ഏത്തംഇടീക്കുക ഇവയെല്ലാം നിര്‍ബന്ധിച്ചു ചെയ്യിച്ചു. പകരം നായന്മാരുടെ ശക്തി കേന്ദ്രങ്ങളില്‍ അവരും ഈഴവരോട് ഈവിധമൊക്കെ പെരുമാറി.

പറവൂര്‍ കേശവനാശാന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന സുജനനന്ദിനി നായന്മാരുടെ അസഹിഷ്ണുതയെ പറ്റി മുഖപ്രസംഗം എഴുതി. ക്ഷുഭിതരായ നായര്‍ പ്രമാണിമാര്‍ പത്രാഫീസും അത് അച്ചടിച്ചിരുന്ന കേശവനാശാന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കേരളഭൂഷണം അച്ചുകൂടവും കത്തിച്ചു പകരം വീട്ടി. ഡോക്ടര്‍ പല്‍പ്പു മുന്‍കൈ എടുത്ത് സര്‍ക്കാറില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ദിവാന്‍ മാധവറാവ് ഈഴവന്മാരുടെ ഒരു യോഗം വിളിച്ചുകൂട്ടി. കാവാലം നീലകണ്ഠപ്പിള്ളയായിരുന്നു സമ്മേളനത്തിന് അധ്യക്ഷം വഹിച്ചത്. ആ യോഗ തീരുമാനപ്രകാരമാണ് ഇരുകൂട്ടരും അന്യോന്യമുള്ള അക്രമത്തിന് വിരാമം ഇട്ടത്.

ഇങ്ങനെ എത്രയെത്ര സംഭവങ്ങളാണ് ചരിത്രത്തിന്റെ ഏടുകളില്‍ നിന്നു പൊങ്ങി വരുന്നത്. ഇതൊന്നും ഏറെ പഴയ വൃത്താന്തങ്ങളല്ല. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പോലും ഇങ്ങനെ ഒക്കെ ആയിരുന്നു നമ്മുടെ ഈ കൊച്ചു കേരളത്തിന്റെ അവസ്ഥയെങ്കില്‍, അതിനു മുമ്പത്തെ അവസ്ഥ എന്തായിരിക്കും? ചരിത്രം വെറുതെ വായിച്ചുതള്ളാനുള്ളതല്ല. അതു ഭാവിയിലേക്കുള്ള ദിശാസൂചകങ്ങള്‍ കൂടിയാണ്.

ക്ഷേത്രസംസ്‌കാരത്തെ കുറിച്ചുള്ള അറിവില്ലായ്മയാണ് സ്ത്രീ പ്രവേശനത്തിനായി നടന്ന മുറവിളികളെന്നാണ് അമൃതാനന്ദമയിയും ശ്രീ ശ്രീ രവിശങ്കറും ഒരേ സ്വരത്തില്‍ പറയുന്നത്. ക്ഷമിക്കണം! ഇതേക്കുറിച്ചൊക്കെ നല്ല അറിവുള്ളതുകൊണ്ടാണ് ബിന്ദുവും കനകദുര്‍ഗയും ഒക്കെ കറുപ്പുടുത്ത്, രുദ്രാക്ഷം അണിഞ്ഞ്, ഇരുമുടികെട്ടും പേറി സന്നിധാനത്തിലെത്തിയത്. അവര്‍ വിശ്വസികളോ അവിശ്വാസികളോ ആക്ടിവിസ്റ്റുകളോ എന്തുമാകട്ടെ, ഈ കേരളത്തെ സവര്‍ണ ഹിന്ദുത്വത്തിന്റെ ദത്തുപുത്രിമാര്‍ക്കും പുത്രന്മാര്‍ക്കും ഒരു കളിപ്പാട്ടമായി വിട്ടുതരാന്‍ തയ്യാറല്ലാത്ത കുറെപ്പേരെങ്കിലും ഇവിടെ ജീവിക്കുന്നുണ്ട്. ഇത് കുറഞ്ഞപക്ഷം അമൃതാനന്ദമയിയും വെള്ളാപ്പള്ളി നടേശനും എങ്കിലും മനസ്സിലാക്കണം. നിങ്ങളൊക്കെ ഇല്ലത്തു നിന്ന് പുറപ്പെട്ടവരാണ്. ഇനി അമ്മാത്ത് എത്തുകതന്നെ വേണം. ഇടക്കു പിന്‍ തിരിഞ്ഞു നോക്കി സവര്‍ണ മതമേധാവിത്വത്തിന്റെ കളിപ്പാവകളായി നിന്നു കൊടുക്കുന്നതു കൊണ്ടാണ് ഇവിടെ സാമൂഹികമായ പിന്നാക്കാവസ്ഥ ഒന്നും ഇല്ല, ഉള്ളത് സാമ്പത്തിക പിന്നാക്കാവസ്ഥ മാത്രമാണെന്ന് വാദിച്ചു സമര്‍ഥിക്കാന്‍ ഒരു കൂട്ടരെ പ്രാപ്തമാക്കിയത്. സാമൂഹിക പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തില്‍ ഭരണഘടന ജാതിപിന്നാക്ക സമുദായങ്ങള്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും നല്‍കിവരുന്ന സംവരണം എന്ന പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരാന്‍ മുതിര്‍ന്നപ്പോള്‍ പോലും ഒരക്ഷരം ഉരിയാടാതെ വേദമന്ത്രങ്ങള്‍ ഉരുവിട്ടും ശരണം വിളിയെ മുദ്രാവാക്യമാക്കി മാറ്റിയും സ്വന്തം മാളങ്ങളില്‍ തലപൂഴ്ത്തിയിരുന്നവരെ ഓര്‍ത്തു പ്രബുദ്ധ കേരളത്തിന് ലജ്ജിക്കാനേ കഴിയൂ.
(കെ സി വര്‍ഗീസ്.
ഫോണ്‍-9447500628)

Latest