Connect with us

Articles

പോരാളിയായ സോഷ്യലിസ്റ്റ്

Published

|

Last Updated

ഗാന്ധിജിക്ക് ശേഷം തന്റെ വിരല്‍ത്തുമ്പ് കൊണ്ട് രാജ്യത്തെ നിശ്ചലമാക്കാന്‍ കഴിവുള്ള നേതാവായിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടസ്. മംഗലാപുരത്ത് നിന്ന് പാതിരിയാകാന്‍ തിരിച്ച ജോര്‍ജ് ഫെര്‍ണാണ്ടസ് മുംബെയില്‍ കപ്പല്‍ തൊഴിലാളികളുടെ രാജാവായി മാറുന്ന കാഴ്ചയാണ് പിന്നീട് രാജ്യം കണ്ടത്. പാതിരിയുടെ വാക്കുകള്‍ കേള്‍ക്കുന്ന കുഞ്ഞാടുകളെപ്പോലെ പാവപ്പെട്ട തൊഴിലാളികള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്കായി കാതോര്‍ത്തു. മുംബൈയിലെ തൊഴിലാളികളെ സംഘടിപ്പിച്ച് രാജ്യം കണ്ട മികച്ച തൊഴിലാളി നേതാവായി. പിന്നീട് 1967ല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അതികായനായ നേതാവ് എസ് കെ പാട്ടീലിനെ തറപറ്റിച്ച് ജയന്റ് കില്ലറായി. ജോര്‍ജ് ഫെര്‍ണാണ്ടസും മധുലിമായെയും ചേര്‍ന്ന് സോഷ്യലിസ്റ്റ് പാര്‍ട്ടിയെ ഉജ്ജ്വല സമര സംഘടനയാക്കി മാറ്റി.

അഖിലേന്ത്യാ റെയില്‍വേ തൊഴിലാളി സംഘടനയുടെ പ്രസിഡന്റായിരിക്കെ ജോര്‍ജ് ഫെര്‍ണാണ്ടസ് നേതൃത്വം നല്‍കിയ റെയില്‍വേ പണിമുടക്ക് രാജ്യത്തെ സ്തംഭിപ്പിച്ചു. രാജ്യത്തെ 17 ലക്ഷം റെയില്‍വേ തൊഴിലാളികള്‍ നടത്തിയ 20 ദിവസം നീണ്ടുനിന്ന സമരം സമാനതകളില്ലാത്തതായിരുന്നു. ലോകത്തെ ഏറ്റവും വലിയ തൊഴിലാളി സമരമായി കണക്കാക്കപ്പെടുന്നത് ആ റെയില്‍വേ പ്രക്ഷോഭമാണ്. എട്ട് മണിക്കൂര്‍ ഷിഫ്റ്റ് ആവശ്യപ്പെട്ട് തൊഴിലാളികള്‍ നടത്തിയ സമരം ഇന്ദിരാ ഗാന്ധി അടിച്ചമര്‍ത്തി. ഫെര്‍ണാണ്ടസ് അടക്കമുള്ളവര്‍ ജയിലഴിക്കുള്ളിലായി. ഒരു വര്‍ഷം കഴിഞ്ഞതോടെ ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

മുതിര്‍ന്ന നേതാക്കളെല്ലാം ജയിലിലായെങ്കിലും ഒരു മുക്കുവന്റെ വേഷത്തില്‍ വേഷപ്രച്ഛന്നനായി അദ്ദേഹം രക്ഷപ്പെട്ടു. രാജ്യത്തങ്ങോളമിങ്ങോളം വേഷപ്രച്ഛന്നനായി സഞ്ചരിച്ച് അദ്ദേഹം അടിയന്തരാവസ്ഥക്കെതിരായ പോരാട്ടം സംഘടിപ്പിച്ചു. ഇന്ദിരയുടെ പൊതുയോഗ സ്ഥലങ്ങള്‍ക്ക് ചുറ്റും സ്‌ഫോടനമുണ്ടാക്കി ഏകാധിപത്യ ഭരണകൂടത്തെ പരിഭ്രമിപ്പിക്കാന്‍ അദ്ദേഹം ആസൂത്രണം ചെയ്ത ബറോഡാ ഡൈനാമിറ്റ് കേസ് പ്രസിദ്ധമാണ്. മൊറാര്‍ജി ദേശായ് അടക്കമുള്ള പലരും ഇതിനോട് നെറ്റി ചുളിക്കുകയും ചെയ്തു. ഡൈനാമിറ്റ് കടത്തല്‍ കേസില്‍ പ്രതിയാക്കി ജോര്‍ജ് ഫെര്‍ണാണ്ടസിനെ 1976 ജൂണ്‍ 10ന് കല്‍ക്കത്തയില്‍ വെച്ച് അറസ്റ്റ് ചെയ്തു. അടിയന്തരാവസ്ഥയില്‍ കുപ്രസിദ്ധിയാര്‍ജിച്ച ഇന്ദിരാ ഗ്യാംഗിലെ അംഗമായ സിദ്ധാര്‍ദ്ധ ശഹ്കര്‍ റേ ആയിരുന്നു ബംഗാള്‍ മുഖ്യമന്ത്രി. ഫെര്‍ണാണ്ടസിന്റെ അറസ്റ്റ് വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതില്‍ നിന്നു പോലും അദ്ദേഹം മാധ്യമങ്ങളെ വിലക്കി. ഓരോ തവണ കോടതിയില്‍ ഹാജരാക്കുമ്പോഴും അദ്ദേഹം രാജ്യത്തിന് പുതിയ സന്ദേശങ്ങള്‍ നല്‍കി. അത്തരമൊരു വേളയില്‍ വിലങ്ങുകള്‍ അണിഞ്ഞ കൈകള്‍ ഉയര്‍ത്തിപ്പിടിച്ച ഫെര്‍ണോണ്ടസിന്റെ ചിത്രം പിന്നീട് അടിയന്തരാവസ്ഥക്കെതിരായ പോരാട്ടങ്ങളുടെ പ്രതീകമായി മാറി.

അടിയന്തരാവസ്ഥ കഴിഞ്ഞ് നടന്ന തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന അഭിപ്രായക്കാരനായിരുന്നു അദ്ദേഹം. പക്ഷേ അടിയന്തരാവസ്ഥയെ ജനാധിപത്യപരമായി പരാജയപ്പെടുത്തണമെന്ന ജയപ്രകാശ് നാരായണന്റെ അഭിപ്രായം ഫെര്‍ണാണ്ടസ് അംഗീകരിച്ചു. 1977ലെ തിരഞ്ഞെടുപ്പില്‍ ജയിലില്‍ കിടന്നുകൊണ്ട് ബിഹാറിലെ മുസാഫര്‍ നഗറിള്‍ മത്സരിച്ച ജോര്‍ജ് ഫെര്‍ണാണ്ടസിന് വേണ്ടി അനുയായികള്‍ അദ്ദേഹത്തിന്റെ ചിത്രമുപയോഗിച്ചാണ് പ്രചാരണം നടത്തിയത്. വോട്ടര്‍മാരെ കാണാതെ നാല് ലക്ഷത്തിനടുത്ത് ഭൂരിപക്ഷത്തിന് വിജയിച്ചു. മൊറാര്‍ജി മന്ത്രിസഭയില്‍ അദ്ദേഹം വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു. 1973ലെ ഇന്ത്യന്‍ വിദേശവിനിമയ നിയമങ്ങള്‍ അനുസരിക്കാന്‍ കൊക്കക്കോള ബാധ്യസ്ഥമാണെന്ന് അദ്ദേഹം നിഷ്‌കര്‍ഷിച്ചു. ഇന്ദിരാ സര്‍ക്കാര്‍ സ്വാധീനത്തിന് വഴങ്ങി ഈ നിയമം കൊക്കക്കോളക്ക് ബാധകമാക്കിയില്ല. കൊക്കക്കോള ഇന്ത്യയോട് 60 ശതമാനം ഓഹരികള്‍ ഇന്ത്യക്കാര്‍ക്ക് നല്‍കാനും ഉത്പാദന ചേരുവ സര്‍ക്കാറിനെ അറിയിക്കാനും അദ്ദേഹം നിഷ്‌കര്‍ഷിച്ചു. ചേരുവകള്‍ കൈമാറാന്‍ തയ്യാറാകാതിരുന്ന കോളയോട് രാജ്യം വിടണമെന്ന് പറയാന്‍ ധൈര്യം കാണിച്ച അപൂര്‍വം നേതാക്കളില്‍ ഒരാളായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ്. ഇന്ത്യാ സര്‍ക്കാറിനെ സ്വാധീനിച്ച് തങ്ങള്‍ 27 വര്‍ഷമായി വളര്‍ത്തിക്കൊണ്ടു വന്ന വ്യവസായം നിലനിര്‍ത്താന്‍ കൊക്കക്കോള അവരുടെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ആന്റണി യുങിനെ ഇന്ത്യയിലേക്കയച്ചു. തങ്ങള്‍ 450 മില്യന്‍ കുപ്പികള്‍ ഒരു വര്‍ഷം വിറ്റഴിക്കുന്നുവെന്നും ഇത് രാജ്യത്തെ അനുബന്ധ യൂനിറ്റുകളെ തളര്‍ത്തുമെന്നുമുള്ള യുങിന്റെ പ്രസ്താവനയോട് അത് 600 മില്യന്‍ ഇന്ത്യക്കാര്‍ക്ക് ഒരു കുപ്പി പോലുമാകുന്നില്ലെന്ന് അദ്ദേഹം തിരിച്ചടിച്ചു. ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടര്‍ ഒരിക്കല്‍ പ്രധാനമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായിയോട് ഇത് അമേരിക്കയിലുള്ള ഇന്ത്യക്കാരുടെ വ്യവസായങ്ങളെ ബാധിക്കില്ലേയെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെ: ഞാന്‍ ശരിയെന്ന് തോന്നുന്നത് ചെയ്യും. അതിനോടനുബന്ധിച്ച് ലോകത്ത് എന്തു സംഭവിക്കുമെന്ന് താന്‍ ശ്രദ്ധിക്കാറില്ലെന്നായിരുന്നു. ഒരു സമ്മര്‍ദവും വിജയിക്കാതെ കോള നാടുവിട്ടപ്പോള്‍ രാജ്യത്ത് ശീതള പാനീയങ്ങളുടെ ചെറുകിട വ്യവസായ യൂനിറ്റുകള്‍ തഴച്ചുവളര്‍ന്നു.

മൊറാര്‍ജി സര്‍ക്കാര്‍ ആഭ്യന്തര അധികാര വടംവലിയില്‍ ആടിയുലഞ്ഞപ്പോള്‍ മൊറാര്‍ജിക്കൊപ്പം ഉറച്ചു നിന്നത് ഫെര്‍ണാണ്ടസായിരുന്നു. സര്‍ക്കാറിനനുകൂലമായി അദ്ദേഹം പാര്‍ലിമെന്റില്‍ ചെയ്ത രണ്ട് മണിക്കൂര്‍ പ്രസംഗം ചരിത്രമാണ്. നേരം വെളുത്തപ്പോഴേക്കും ചരണ്‍സിംഗ് പക്ഷത്തേക്ക് നടത്തിയ ചാഞ്ചാട്ടം ഫെര്‍ണാണ്ടസിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തിത്തുടങ്ങി. പിന്നീട് അദ്ദേഹം ലോക്ദള്‍ വിട്ട് ജനതാ പാര്‍ട്ടിയിലേക്ക് തന്നെ തിരികെയെത്തി. 1984ല്‍ ജന്മനാടായ കര്‍ണാടകയില്‍ നിന്നാണ് മത്സരിച്ചത്. ആത്മമിത്രമായ രാമകൃഷ്ണ ഹെഗ്‌ഡെയായിരുന്നു മുഖ്യമന്ത്രിയെങ്കിലും ബാംഗ്ലൂര്‍ നോര്‍ത്തില്‍ ഇന്ദിരാ തരംഗത്തില്‍ സി കെ ജാഫര്‍ ശരീഫിനോട് തോറ്റു. പിന്നീട് ബംഗയില്‍ നിന്നും ഉപതിരഞ്ഞടുപ്പിലാണ് പാര്‍ലിമെന്റിലെത്തിയത്.
മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത നേതാവാണ് ജോര്‍ജ് ഫെര്‍ണാണ്ടസ്. കൊങ്കണ്‍ റെയില്‍വേ യാഥാര്‍ഥ്യമാക്കി മലയാളികളുടെ ആന്ധ്രയിലെ വരണ്ട പകലുകളിലൂടെയുള്ള ചുറ്റിത്തിരിഞ്ഞ യാത്രകള്‍ക്ക് അറുതി വരുത്തിയത് ജോര്‍ജ് ഫെര്‍ണാണ്ടസാണ്. മലബാറില്‍ നിന്ന് മുംബൈക്ക് രണ്ട് ദിവസം വേണ്ടിയിരുന്നത് ഒരു ദിവസമായി കുറഞ്ഞു.

ലാലു പ്രസാദ് യാദവുമായി തെറ്റിപ്പിരിഞ്ഞ് നിലനില്‍പ്പിന് വേണ്ടിയായിരുന്നെങ്കില്‍ പോലും ബി ജെ പിയുമായി ചേര്‍ന്ന് എന്‍ ഡി എ രൂപവത്കരിച്ചതോടെ അദ്ദേഹത്തെ നെഞ്ചിലേറ്റിയവര്‍ പതുക്കെ അകന്നുതുടങ്ങി. ഗുജറാത്ത് കൂട്ടക്കൊലയെ ന്യായീകരിച്ച അദ്ദേഹത്തിന്റെ നിലപാട് കറുത്ത പാടായി മാറി. വാജ്പയി മന്ത്രിസഭയില്‍ അദ്ദേഹം മികച്ച പ്രതിരോധ മന്ത്രിയെന്ന പേരെടുത്തുവെങ്കിലും ശവപ്പെട്ടി കുംഭകോണം ചീത്തപ്പേരുണ്ടാക്കി. തുടര്‍ച്ചയായി ലോകത്തെ ഏറ്റവും ഉയരം കൂടിയതും ദുര്‍ഘടവുമായ സിയാച്ചിന്‍ യുദ്ധമേഖല സന്ദര്‍ശിച്ചു. ഒരിക്കല്‍ സിയാച്ചിനില്‍ ആവശ്യത്തിന് സ്‌കൂട്ടറില്ലെന്നും എത്രയും വേഗം എത്തിച്ചുകൊടുക്കണമെന്നും നിര്‍ദേശിച്ച് അദ്ദേഹം കുറിപ്പ് നല്‍കി. ഫയലില്‍ അനാവശ്യമായ സംശയങ്ങള്‍ ഉന്നയിച്ച ഉദ്യോഗസ്ഥനോട് സിയാച്ചിനില്‍ പോയി നേരിട്ട് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഉത്തരവിട്ടതോടെ അയാളുടെ എല്ലാ സംശയങ്ങളും മാറിയിരുന്നു. ഒരിക്കല്‍ അദ്ദേഹത്തിന്റെ സിയാച്ചിന്‍ യാത്രയില്‍ അനുഗമിച്ച ഒരു പത്രപ്രവര്‍ത്തകന്‍ അദ്ദേഹത്തിന്റെ ദിനചര്യ കണ്ട് അദ്ഭുതപ്പെട്ടു. രാത്രി 12 മണി വരെ പട്ടാളക്കാരുമായി കുശലം പറച്ചില്‍, പുലര്‍ച്ചെ രണ്ട് മണി വരെ ഫയല്‍ നോട്ടം. മൂന്ന് മണിക്ക് ഉറക്കം. രാവിലെ ആറ് മണിക്ക് അദ്ദേഹം തയ്യാര്‍. അതായിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടസ്. അവസാന കാലം അദ്ദേഹത്തിന് കയ്‌പേറിയതായിരുന്നു. 2009ലെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ അദ്ദേഹത്തിന് സീറ്റ് നിഷേധിച്ചതോടെ മാനസികമായി തളര്‍ന്ന അദ്ദേഹം മുസാഫര്‍പൂരില്‍ നിന്ന് സ്വതന്ത്രനായി മത്സരിച്ച് ദയനീയമായി തോറ്റു. പതുക്കെ ഓര്‍മ ശക്തികൂടെ മങ്ങിത്തുടങ്ങിയ ഫെര്‍ണാണ്ടസിന്റെ വീട്ടില്‍ അദ്ദേഹത്തെ ഉപേക്ഷിച്ചിറങ്ങിയ ഭാര്യ ലൈലാ കബീറും സന്തത സഹചാരിയും മലയാളിയുമായ ജയാ ജെയ്റ്റ്‌ലിയുമായി അടിപിടിയും തുടങ്ങി. അവസാനം അദ്ദേഹത്തെ നിഴല്‍ പോലെ പിന്തുടര്‍ന്ന ജയാ ജെയ്റ്റ്‌ലിയും സഹോദരന്‍മാരും പുറത്തായി.
എന്തൊക്കെ വീഴ്ചകള്‍ പറ്റിയാലും അദ്ദേഹം നടത്തിയ സമര പോരാട്ടങ്ങളിലൂടെ ജോര്‍ജ് ഫെര്‍ണാണ്ടസ് എക്കാലവും ഓര്‍മിക്കപ്പെടും.

സലീം മടവൂര്‍

Latest