മിസൈല്‍ പദ്ധതികളുമായി മുന്നോട്ടുപോകുമെന്ന് വീണ്ടും ഇറാന്‍

Posted on: January 29, 2019 10:18 pm | Last updated: January 29, 2019 at 10:18 pm

തെഹ്‌റാന്‍: തങ്ങളുടെ മിസൈല്‍ പദ്ധതികളുമായി മുന്നോട്ടുപോകുമെന്ന് ഇറാന്‍. അതേസമയം, മിസൈലുകളുടെ ലക്ഷ്യപരിധി വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സാറ്റലൈറ്റ് സാങ്കേതിക വിദ്യകളും മിസൈലുകളുടെ കൃത്യതയും മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ഇറാന്‍ വ്യക്തമാക്കി.

രാജ്യത്തിന്റെ സുരക്ഷക്ക് വേണ്ടി മിസൈലുകള്‍ വികസിപ്പിക്കുന്നതിനോ അതിന്റെ കൃത്യത വര്‍ധിപ്പിക്കുന്നതിനോ തടസ്സങ്ങളൊന്നുമില്ല. മറിച്ച് ഇത് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്നും ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖംനാഇയുടെ അടുത്ത സഹായിയായി അറിയപ്പെടുന്ന അലി ശംഖാനി പറഞ്ഞു. മിസൈലുകള്‍ നശിപ്പിക്കണമെന്നാണ് ഇറാന്റെ ശത്രുക്കള്‍ ആവശ്യപ്പെടുന്നത്.

എന്നാല്‍ അത്തരം ബാലിശമായ അവകാശവാദങ്ങളെ ഇറാന്‍ സ്വീകരിക്കില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുവെന്ന് ഇറാന്‍ പ്രതിരോധ മന്ത്രി ആമിര്‍ ഹാതമിയും പറഞ്ഞു.