Connect with us

Kerala

ബാലഭാസ്‌കറിന്റെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

Published

|

Last Updated

തിരുവനന്തപുരം: പ്രമുഖ വയലിനിസ്റ്റും സംഗീതജ്ഞനുമായ ബാലഭാസ്‌കറിന്റെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. അപകടം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട്് പിതാവ് സികെ ഉണ്ണി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. ഇതെ തുടര്‍ന്നാണ് ഡിജിപിയുടെ ഉത്തരവ്. അന്വേഷണ സംഘത്തെ ഉടന്‍ പ്രഖ്യാപിക്കും.

പാലക്കാട്ടെ ഒരു ആയുര്‍വേദ ആശുപത്രി ഉടമയുമായി ബാലഭാസ്‌കറിനും കുടുംബത്തിനും അടുത്ത ബന്ധമുണ്ടായിരുന്നു. ഇവര്‍ തമ്മില്‍ ചില സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നു. ഇക്കാര്യങ്ങളില്‍ വ്യക്തമായ അന്വേഷണം വേണമെന്ന് പിതാവ് പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
ബാലഭാസ്‌കറുമായി അടുപ്പമുണ്ടായിരുന്ന ആയുര്‍വേദ ഡോക്ടറുടെ കുടുംബാംഗമാണ് അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന അര്‍ജുനെന്നാണ് പരാതിയില്‍ പറയുന്നത്. തൃശൂരില്‍ താമസിക്കാനായി മുറിയെടുത്തിരുന്നിട്ടും എന്തുകൊണ്ടാണ് രാത്രി തന്ന തിടുക്കപ്പെട്ട് തിരുവനന്തപുരത്തേക്ക് മടങ്ങിയതെന്നതിലും വ്യക്തത വരുത്തണമെന്ന് പിതാവ് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന അര്‍ജുന്‍ രണ്ട് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. എടിഎം തട്ടിപ്പ് നടത്തിയ പ്രതികളെ സഹായിച്ചതിന് ഒറ്റപ്പാലത്തും ചെറുതുരുത്തി പോലീസ് സ്‌റ്റേഷനിലുമാണ് ഇയാള്‍ക്കെതിരെ കേസുകള്‍ ഉള്ളത്.
പാലക്കാട്ടെ ആയുര്‍വേദ ഡോകട്‌റുമായി ബാലഭാസ്‌കറിനുണ്ടായ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹത കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.

മൊഴിയിലെ വൈരുധ്യങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടിരുന്നു. അപകടസമയത്ത് വാഹനമോടിച്ചത് ഡ്രൈവര്‍ അര്‍ജുനാണെന്നായിരുന്നു ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി. അപകട സമയത്ത് ബാലഭാസ്‌കര്‍ പിന്‍സീറ്റിലായിരുന്നുവെന്നും ദീര്‍ഘയാത്രയില്‍ ബാലഭാസ്‌കര്‍ വാഹനമോടിക്കാറില്ലെന്നും ലക്ഷ്മിയുടെ മൊഴിയുണ്ടായിരുന്നു.

എന്നാല്‍ അപകട സമയത്ത് കാര്‍ ഓടിച്ചത് ബാലഭാസ്‌കറായിരുന്നുവെന്നാണ് അര്‍ജുന്‍ മൊഴിനല്‍കിയത്. കൊല്ലത്ത് എത്തി വിശ്രമിച്ച ശേഷം ബാലഭാസ്‌കര്‍ ആണ് കാറോടിച്ചതെന്ന് ഇയാള്‍ മൊഴി നല്‍കിയിരുന്നു. സെപ്തംബര്‍ 25ന് നടന്ന അപകടത്തില്‍ ബാലഭാസ്‌കര്‍, മകള്‍ തേജസ്വിനി എന്നിവര്‍ മരിച്ചിരുന്നു. ഭാര്യ ലക്ഷ്മിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.