Connect with us

Gulf

അപകടത്തില്‍ അരക്കുതാഴെ തളര്‍ന്ന പ്രവാസിയെ നാട്ടിലേക്ക് കൊണ്ടുപോകും

Published

|

Last Updated

അബുദാബി: വാഹനാപകടത്തില്‍ പരുക്കേറ്റ് അരക്കുതാഴെ തളര്‍ന്ന് ആശുപത്രിയില്‍ കഴിയുകയായിരുന്ന തൃശൂര്‍ കേച്ചേരി സ്വദേശി തുവ്വാനൂര്‍ കുഞ്ഞാലി മോനുട്ടിക്ക് സാന്ത്വന സ്പര്‍ശം. അദ്ദേഹത്തിന്റെ തുടര്‍ ചികിത്സക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്യാമെന്ന് ആസ്റ്റര്‍ ഹെല്‍ത് കെയര്‍ ഗ്രൂപ്പ് വാഗ്ദാനം ചെയ്തതോടെയാണ് കുഞ്ഞാലിക്ക് ആശ്വാസമായത്.

രണ്ടര പതിറ്റാണ്ടായി അബുദാബിയിലുള്ള കുഞ്ഞാലി ഗ്രോസറി ജീവനക്കാരനായിരുന്നു. കഴിഞ്ഞ മാസം അല്‍ ബാഹിയയിലുണ്ടായ ബൈക്കപകടത്തിലാണ് ഈ നാല്‍പത്തൊമ്പതുകാരന് സാരമായി പരുക്കേറ്റത്. മഫ്‌റഖ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും അരക്കുതാഴെ ചലന ശേഷി വീണ്ടെടുക്കാനാവാത്ത അവസ്ഥയിലായിരുന്നു. പോലീസ് റിപ്പോര്‍ട്ടില്‍ കുഞ്ഞാലിയുടെ ഭാഗത്ത് നിന്നാണ് അപകടത്തിന് കാരണമെന്ന ന്റെ അടിസ്ഥാനത്തില്‍ ഇന്‍ഷ്വറന്‍സ് ആനുകൂല്യം ലഭിക്കുമായിരുന്നില്ല.

കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഇദ്ദേഹം. സ്വന്തമായി വീടില്ല. വാടക വീട്ടിലായിരുന്നു മൂന്നു ചെറിയ കുട്ടികളുമുള്ള കുടുംബം അപകടത്തെ തുടര്‍ന്ന് തീര്‍ത്തും വഴിയാധാരമായി. ചികിത്സക്കും നിത്യ ചെലവിനും കുട്ടികളുടെ തുടര്‍ പഠനത്തിനും വഴിയില്ലാതായതോടെ കുടുംബം എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു.

കുഞ്ഞാലിയുടെ അപകട വാര്‍ത്തയറിഞ്ഞ മുതല്‍ അബുദാബി ഐ സി എഫ് സാന്ത്വന വിഭാഗം സഹായവുമായി മുന്നോട്ടുവന്നു. അദ്ദേഹത്തെ പരിചരിക്കാന്‍ ഭാര്യ സദീഖയെ ഐ സി എഫ് വിസിറ്റ് വിസയില്‍ അബുദാബിയിലെത്തിച്ചു. അവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കുകയും ആശുപത്രി നടപടികള്‍ പൂര്‍ത്തീകരിക്കാനും സാന്ത്വനം പ്രവര്‍ത്തകര്‍ മുന്നിലുണ്ടായിരുന്നു. വിവരമറിഞ്ഞ് ആസ്റ്റര്‍ മെഡിക്കല്‍ ഗ്രൂപ്പ് സഹായത്തിനെത്തിയതോടെ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള വഴിതെളിഞ്ഞിരിക്കുന്നത്. ഇന്ത്യന്‍ എംബസി ഇദ്ദേഹത്തിനുള്ള ടിക്കറ്റ് നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്. അടുത്ത ദിവസം തന്നെ നാട്ടിലേക്ക് കൊണ്ടുപോകുന്ന അദ്ദേഹത്തെ വയനാട്ടിലുള്ള ആസ്റ്റര്‍ മെഡിക്കല്‍ കോളേജില്‍ തുടര്‍ ചികിത്സ നല്‍കും. കേരളത്തിലെ ചികിത്സയില്‍ അദ്ദേഹത്തിന് പൂര്‍വ സ്ഥിതി വീണ്ടെടുക്കാനാകുമെന്നാണ് പരിശോധിച്ച വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

കുടുംബത്തിന്റെ ഏക ആശ്രയമായ ഭര്‍ത്താവിന്റെ പരിചരണത്തിന് വേണ്ട കാര്യങ്ങള്‍ ചെയ്ത ഐ സി എഫ് സാന്ത്വനം പ്രവര്‍ത്തകരോട് അങ്ങേയറ്റം കടപ്പാടുണ്ടെന്ന് ഭാര്യ സദീഖ പറഞ്ഞു. തുടര്‍ ചികിത്സ ലക്ഷ്യമാക്കിയ ആസ്റ്റര്‍ ഗ്രൂപ്പിനും മറ്റു സഹായങ്ങള്‍ നല്‍കിയവര്‍ക്കും നന്ദി അറിയിക്കുന്നെന്നും അവര്‍ പറഞ്ഞു.

Latest